പുന്നപ്ര-വയലാര്‍ സമര സേനാനി സികെ കരുണാകരന്‍ അന്തരിച്ചു; ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

മുഹമ്മ(ആലപ്പുഴ ): പുന്നപ്ര വയലാർ സമര സേനാനിയും സി പി ഐ എം ട്രേഡ് യൂണിയൻ നേതാവുമായിരുന്ന മുഹമ്മ കളപ്പുരയ്ക്കൽ സി.കെ.കരുണാകരൻ (97) നിര്യാതനായി.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആലപ്പുഴ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്ന സി കെ വ്യാഴാഴ്ച വൈകിട്ട് 8.15 ഓടെയാണ് നിര്യാതനായത്. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 5ന് വീട്ടുവളപ്പിൽ.
 
പുന്നപ്ര വയലാർ സമരത്തിൽ മാരാരിക്കുളത്തെ സമര സേനാനികൾക്ക് മുഹമ്മയിലെ വിവിധ ക്യാമ്പുകളിലെ പരിശീലകനായിരുന്നു. 1945-ൽ കമ്പ്യൂണിസ്റ്റ് പാർട്ടി അംഗമായി.

സമരത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചപ്പോൾ കാവാലം കിളിരൂർ, അയിരൂർ , കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവു ജീവിതം നയിച്ചു.
      
ബീഡി തെറുപ്പ് തൊഴിലാളിയായി ജീവതം ആരംഭിച്ച സി.കെ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയും പാർട്ടി പ്രവർത്തനത്തിലൂടെയും ജനങ്ങളുടെ നേതാവായി മാറി. കൂടാതെ താലൂക്കിലെ വിവിധ സഹകരണ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.

വി എസ് അച്ചുതാനന്ദൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ജില്ലാ കമ്മറ്റിയിലും പ്രവർത്തിച്ചു.1988വരെ ജില്ലാ കമ്മറ്റി അംഗമായിരുന്നു.

1970-ൽ കൊൽക്കത്തയിൽ സി ഐ ടി യു വിന്റെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത സി കെ 20 വർഷത്തോളം അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമായിരുന്നു.

1945 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗത്വം ലഭിച്ച സികെ മുഹമ്മയിലെ ബീഡി തെറുപ്പ് തൊഴിലാളിയായി. സംഘടനയുടെ ചേര്‍ത്തല താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുഹമ്മ ലോക്കല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ 1954ല്‍ മുഹമ്മ പഞ്ചായത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സികെ വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടു.

അടിയന്തിരാവസ്ഥക്കാലത്ത് 1975 സെപ്തംബര്‍ 12 ന് മിസ നിയമ പ്രകാരം  അറസ്റ്റുചെയ്ത സികെയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു . 16 മാസത്തെ കരുതല്‍ തടങ്കലിനുശേഷം 1977 ജനുവരി 23 ന് ജയില്‍മോചിതനായി.  

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുന്നപ്ര-വയലാർ സമരകാലത്ത് ക്യാമ്പുകളിൽ വളണ്ടിയർമാരുടെ പ്രധാന പരിശീലകനായിരുന്നു അദ്ദേഹം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലൂടെയാണ് അദ്ദേഹം തൊഴിലാളി പ്രവർത്തകനും കമ്മ്യൂണിസ്റ്റും പുന്നപ്ര-വയലാർ സേനാനിയുമായി മാറുന്നത്.

പോലീസിന്റെയും ജന്മിമാരുടെയും കടുത്ത പീഡനങ്ങൾക്കും ചൂഷണത്തിനുമെതിരെ ഉശിരോടെ പോരാടാനും നേരിടാനും സി.കെ.ക്കായിട്ടുണ്ട്.

നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ച സി കെ കരുണാകരൻ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം, ചെത്തുതൊഴിലാളി യൂണിയൻ നേതാവ്, മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പ്രായത്തിന്റെ അവശതകൾ മറന്ന് പാർട്ടി പരിപാടികളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു

സിപിഐഎം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗം, അരൂര്‍ ഏരിയ സെക്രട്ടറി, ചേര്‍ത്തല ഏരിയ കമ്മിറ്റി അംഗം, ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1966 മുതല്‍ മുഹമ്മ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റായും പിന്നീട് ട്രഷററായും പ്രവര്‍ത്തിച്ചു. പരേതയായ രാജമ്മയാണ് ഭാര്യ. മക്കള്‍: ലതികമ്മ, ഗവേഷ്, കെ കെ നഹാര്‍ (അധ്യാപകന്‍ ആര്യാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍:രാധാകൃഷ്ണന്‍(റിട്ട:ഡ്രൈവര്‍ കെ എസ് ആര്‍ ടി സി),ദീപ,വിധു(അധ്യാപിക മണ്ണഞ്ചേരി ഗവ:ഹൈസ്‌കൂള്‍).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News