വസുന്ധരയുടെ കോട്ടകളില്‍ ചുവന്ന കാറ്റ് വീശുന്നു; രാജസ്ഥാനിലെ സിപിഐ എം പ്രചരണപരിപാടികൾ കർഷക‐യുവജന പങ്കാളിത്തത്താൽ ശ്രദ്ധേയം

സിക്കർ : രാജസ്ഥാനിൽ വസുന്ധര രാജെ സർക്കാർ 2013ൽ അധികാരമേറ്റശേഷം 105 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

കടക്കെണിയിൽനിന്ന‌് രക്ഷപ്പെടാൻ ജീവനൊടുക്കുക മാത്രമാണ‌് പോംവഴിയെന്ന‌് വിശ്വസിച്ചിരുന്ന കർഷകരെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ ശീലിപ്പിച്ചത് അഖിലേന്ത്യാ കിസാൻസഭ ഉൾപ്പെടെയുള്ള സംഘടനകൾ. ചരിത്രം ഉറങ്ങുന്ന മണ്ണിൽ കിസാൻസഭ സംഘടിപ്പിച്ച ഐതിഹാസിക പോരാട്ടങ്ങൾക്ക‌്‌ സമാനതകളില്ല.

രാജസ്ഥാനിൽ ബിജെപി വീണ്ടും അധികാരത്തിലെത്താൻ സാധ്യതയില്ലെന്ന് എല്ലാ പ്രീപോൾ സർവേകളും ആവർത്തിക്കുന്ന ഘട്ടത്തിൽ, അതിന് പിന്നിലെ നിർണായക ചാലകശക്തിയെ തമസ്കരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ട്.

എന്നാൽ, സിക്കറിലെ കർഷകർക്ക് ഒരിക്കലും അവകാശപ്പോരാട്ടത്തിന്റെ ആവേശം സ്‌ഫുരിക്കുന്ന നാളുകൾ മറക്കാൻ കഴിയില്ല. സിക്കറിൽനിന്ന് തുടങ്ങിയ സമരക്കൊടുങ്കാറ്റിലാണ് വസുന്ധര രാജെയുടെ കോട്ട ഇളകിത്തുടങ്ങിയതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ അഞ്ചുവർഷവും രാജസ്ഥാനിൽ പ്രതിപക്ഷത്തിന്റെ ജോലി ചെയ്തത് സിപിഐ എം ആണെന്നും അത‌് തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

2017 സെപ്തംബർ ഒന്നിന് സിക്കർ ഉപാജ് മണ്ഡി (കാർഷിക ഉൽപ്പന്നസംഭരണകേന്ദ്രം) കേന്ദ്രീകരിച്ച് നടത്തിയ കർഷകപ്രക്ഷോഭം രണ്ടാഴ‌്ചയോളം നീണ്ടു.

40 ഏക്കറോളം വിസ്തൃതിയുള്ള മണ്ഡിയിൽ ശെഖാവതി മേഖലയിലെ ലക്ഷക്കണക്കിന് കർഷകർ ആഴ‌്ചകളോളം രാപ്പകൽ തമ്പടിച്ച് സംഘടിപ്പിച്ച മഹാപഡാവിന് (മഹാധർണ) മുന്നിൽ ബിജെപി സർക്കാർ മുട്ടുകുത്തി.

160 സീറ്റ് നേടി സർക്കാർ രൂപീകരിച്ച ബിജെപിയുടെ അധികാരഗർവിനും 25 സീറ്റ് നേടി പ്രതിപക്ഷപാർടിയായ കോൺഗ്രസിന്റെ അപഹാസ്യമായ രാഷ്ട്രീയമൗനത്തിനുമേറ്റ കനത്ത തിരിച്ചടിയായിരുന്നു മഹാപഡാവ്.

‘ആത്മഹത്യ ഭീരുത്വമാണ്. അവകാശങ്ങൾക്കുവേണ്ടി പോരാടി മരിച്ചാൽ, അത‌് അഭിമാനമാണെന്ന ധാരണ കർഷകരുടെ മനസ്സിൽ വേരുറപ്പിച്ചെടുത്തു എന്നതാണ് ആ സമരത്തിന്റെ വിജയം’ സിപിഐ എം സംസ്ഥാന സെക്രട്ടറിയും കിസാൻസഭ നേതാവുമായ അമ്രാറാം പറഞ്ഞു.

ബിജെപിയുടെ കർഷകദ്രോഹനയങ്ങൾക്കെതിരെ കർഷകർ തെരുവിൽ പോരാട്ടം നടത്തുമ്പോൾ കോൺഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും നിശ്ശബ്ദരായിരുന്നു.

‘ആ അവസരങ്ങളിൽ കോൺഗ്രസ് വായ പൂട്ടി സംഭവങ്ങൾ നിരീക്ഷിക്കുകയായിരുന്നു. കർഷകരുടെ പ്രക്ഷോഭം എപ്പോൾ അക്രമാസക്തമാകും?

പൊലീസ് കർഷകർക്കുനേരെ വെടിയുതിർക്കുമോ? അങ്ങനെ സംഭവിച്ചാൽ, അതിൽനിന്ന‌് എന്തെല്ലാം രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയും? തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് തല പുകയ്ക്കുകയായിരുന്നു അവർ’–- കിസാൻസഭ നേതാവായയ പേമാറാം പറഞ്ഞു.

കർഷകർക്കുവേണ്ടി തെരുവിലിറങ്ങാൻ സിപിഐ എമ്മിന് അധികാരത്തിന്റെ പിന്തുണ ആവശ്യമില്ല. നിയമസഭയിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്ന അവസരത്തിലാണ‌്‌ സിപിഐ എം രാജസ്ഥാനിലെ കർഷകരുടെ അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങിയത്.

കർഷകരെ ഒറ്റക്കെട്ടായി നിർത്തിയാൽ, അന്തിമവിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു പാർടിയുടെ മൂലധനം പേമാറാം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here