ശബരിമലയില്‍ ആരും നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി; ശബരിമലയിലെ അക്രമങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ ആരും നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി.

ശബരിമലയെ സാധാരണ നിലയിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചിലര്‍ക്ക് സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നും പ്രതിഷേധക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ പോലീസ് അതിക്രമം നടത്തുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആരും നിയമം കയ്യിലെടുക്കരുതെന്നാണ് ഹര്‍ജിക്കാരോടായി കോടതി പറഞ്ഞത്.

പലര്‍ക്കും സ്വകാര്യ അജണ്ടകള്‍ ഉണ്ട്. പ്രതിഷേധക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെക്കുറിച്ച് ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ നിയന്ത്രണങ്ങളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ അക്രമങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരാണെന്നും എജി സമര്‍പ്പിച്ച സത്യവാങ്ങ്മലത്തില്‍ പറയുന്നു.

സത്യവാങ്ങ്മൂലത്തിലെ മറ്റ് വിശദീകരണങ്ങള്‍ ഇങ്ങനെ:

പോലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. പോലീസ് ഭക്തരെ അക്രമിച്ചു എന്ന് ആര്‍ക്കും പരാതിയില്ല. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കാന്‍ അനുവദിക്കില്ല. പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ടവിശേഷ ദിവസം പ്രശ്‌നമുണ്ടാക്കിയവര്‍ മണ്ഡലകാലത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ഭക്തര്‍ കിടക്കാതിരിക്കാനായി നടപ്പന്തലില്‍ വെള്ളമൊഴിച്ചെന്ന ആരോപണം തെറ്റാണ്. നടപ്പന്തല്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് കാലാകാലങ്ങളായുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ വിശദീകരിച്ചു. ഇതിന്റെ വീഡിയോ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 26ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here