സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയുന്നു; ശ്രീധരന്‍പിള്ള, കണ്ഠരര് രാജീവര്, കൊല്ലം തുളസി തുടങ്ങി അഞ്ചു പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെ 5 പേര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായി ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കോടതിയലക്ഷ്യ അനുമതി നിഷേധിച്ചു സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പാക്കുന്നത് തടയാന്‍ ബിജെപി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയടക്കം പ്രവര്‍ത്തിച്ചതായി ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കോടതിയലക്ഷ്യത്തിനുള്ള ഹര്‍ജി സോളിസിറ്റര്‍ ജനറല്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് അഭിഭാഷകയായ ഗീനകുമാരി, എവി വര്‍ഷ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്തിതിരിക്കുന്നത്. അനുമതി നിഷേധിച്ചു സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ശ്രീധരന്‍പിള്ളക്കു പുറമെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ വ്യക്തമാക്കി. ശ്രീധരന്‍ പിള്ളയാണ് പ്രധാന എതിര്‍കക്ഷി. ശ്രീധരന്‍പിള്ള വിധിക്ക് എതിരെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജസ്റ്റിസ് ഇന്ദു മല്‌ഹോത്രയുടെ വിധി തെറ്റായി വ്യാഖ്യാനിച്ചു പ്രസ്താവനകള്‍ നടത്തി, കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

വിധിയ്ക്കെതിരെ ഇതുവരെ ഫയല്‍ ചെയ്തിരിക്കുന്ന പുനപരിശോധന ഹര്‍ജികള്‍ 2019 ജനുവരി 22നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസിന് മുമ്പാകെ കോടതിയലക്ഷ്യ ഹര്‍ജി വരുമ്പോള്‍ അത് ജനുവരി 22ലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ 5 പേര്‍ക്ക് നോട്ടീസ് അയക്കുകയോ കോടതിയലക്ഷ്യ ഹര്‍ജി തള്ളുകയോ ചെയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News