ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിയില്‍ അതൃപ്തി; ശശികലയ്ക്ക് നല്‍കിയ പിന്തുണ പാര്‍ട്ടി, സുരേന്ദ്രന് നല്‍കുന്നില്ല

കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള സന്ദര്‍ശിക്കാത്തതില്‍ ബിജെപിയില്‍ അമര്‍ഷം.

ശ്രീധരന്‍പിള്ളക്കെതിരെ പ്രവര്‍ത്തകരിലും ഒരു വിഭാഗം നേതാക്കളിലും അതൃപ്തി പടരുന്നു. അറസ്റ്റില്‍ കെപി ശശികലയ്ക്ക് നല്‍കിയ പിന്തുണ, പാര്‍ട്ടി സുരേന്ദ്രന് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ റിമാന്റിലായി 5 ദിവസം പിന്നിട്ടിട്ടും സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള കാണാന്‍ എത്താത്തതില്‍ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്. സുരേന്ദ്രനെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശ്രീധരന്‍ പിള്ളയുടെ നിലപാടില്‍ അതൃപ്തരാണ്.

അറസ്റ്റ് രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കാതെ ഗ്രൂപ്പിന്റെ പേരില്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടിലാണിവര്‍. കൂടാതെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് പാര്‍ട്ടി നല്‍കിയ പിന്തുണ സുരേന്ദ്രന് കൊടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ശശികലയുടെ അറസ്റ്റിനെതിരെ വൃശ്ചിക മാസം ഒന്നിന് നടന്ന ഹര്‍ത്താലിന് പിന്തുണ നല്‍കിയ ബിജെപി, സുരേന്ദ്രന്റ അറസ്റ്റില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നതുമില്ല.

അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ ആചാരം ലംഘിച്ചെന്ന വിഷയത്തില്‍ ശ്രീധരന്‍പിള്ള സ്വീകരിച്ച നിലപാടിലും നേതാക്കളില്‍ അതൃപ്തിയുണ്ട്.

ഓരോ നാട്ടിലും വ്യത്യസ്ത ആചാര രീതിയാണ് ഇതിലെന്നായിരുന്നു പിള്ളയുടെ പ്രതികരണം. നിലയ്ക്കലിലെ പോലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ച ശബരിമലയ്ക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.

പിന്നീട് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ 19ന് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here