ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ദര്‍ശനത്തിന് രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന് സര്‍ക്കാര്‍; നിലപാട് അറിയിച്ചത് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ദര്‍ശനത്തിന് രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി നിലവിലുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തിലും ഒരുക്കാന്‍ പോകുന്ന സൗകര്യങ്ങളും സുരക്ഷ സംബന്ധിച്ചും ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരാഴ്ചക്കകം വിശദീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. യുവതികള്‍ക്ക് മാത്രമായി ഒന്നോ രണ്ടോ ദിവസത്തെ ദര്‍ശനം പരിഗണിക്കാവുന്നതാണന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് ബോര്‍ഡ് വാക്കാല്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭൂമി വിട്ടു കിട്ടേണ്ടതുണ്ടന്നും ബോര്‍ഡ് വ്യക്തമാക്കി.

ശബരിമലയില്‍ യുവതി പ്രവേശനം ബിജെപി- കോണ്‍ഗ്രസ് നേതാക്കള്‍ തടയുകയാണന്നും വ്രതമെടുത്ത തങ്ങളെയും പിന്തുണക്കുന്നവരേയും ആക്രമിക്കുകയാണന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനി രേഷ്മ അടക്കം 4 യുവതികള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

തങ്ങളുടെ മൗലികാവകാശം തടയപ്പെട്ടിരിക്കുകയാണന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. വ്യക്തിയുടെ മൗലീകാവകാശം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പൊതുസമുഹത്തിന്റെ മൗലീകാവകാശങ്ങള്‍. താല്‍പ്പര്യങ്ങളുടെ വൈരുധ്യം പരിഗണിക്കപ്പെടുമ്പോള്‍ പൊതു സമൂഹത്തിന്റെ അവകാശമാണ് കൂടുതല്‍ പ്രധാനമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

സങ്കീര്‍ണ്ണമായ വിഷയമാണിതെന്നും എരിതീയില്‍ എണ്ണ ഒഴിക്കരുതെന്നും മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്നും കോടതി ഉപദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ച്ചയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News