തിരുവനന്തപുരം: മഹാപ്രളയത്തില്‍ ദുരിതത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കേന്ദ്രത്തില്‍ നിന്നും ഇതുവരെ അര്‍ഹതപ്പെട്ട സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അര്‍ഹമായ നല്‍കിയില്ല എന്നത് മാത്രമല്ല, ധനസഹായം വാഗ്ദാനം ചെയ്തു വന്നവരില്‍ നിന്നും സ്വീകരിക്കാതിരിക്കുകയും ചെയ്തു. പ്രവാസി മലയാളികളോടൊപ്പം ചേര്‍ന്ന് പണം സ്വരൂപിക്കുന്നതിനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്ര തടയുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗൗരവം ഉള്‍ക്കൊണ്ടതാണ്. കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് അവര്‍ നേരിട്ട് പ്രതിപാദിക്കുകയും ചെയ്തു. സ്വഭാവികമായും നല്ലരീതിയിലുള്ള സഹായം കേന്ദ്രത്തില്‍ നി്ന്നും ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്.

നാശനഷ്ടങ്ങളുടെ വിശദമായ പഠനം ലോകബാങ്കും ഐക്യരാഷ്ടരസഭയുമടക്കം നടത്തിയിരുന്നു. അവസാനമായി 41,000 കോടിരൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതിലും കൂടുതലാണ് നഷ്ടം.

ആദ്യഘട്ടത്തില്‍ പ്രളയമുണ്ടായപ്പോള്‍ 820 കോടിയും രണ്ടാമത്തെ മഹാപ്രളയത്തില്‍ 4000 കോടിയുമാണ് കേന്ദ്രത്തോട് സംസ്ഥാനം ചോദിച്ചത്. ഇതിനു പുറമെ പ്രത്യേകധനസഹായമായി 5000 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയും അനുവദിച്ചാല്‍ തന്നെയും സംഭവിച്ച നഷ്ടം നികത്താനാവില്ല. എന്നാല്‍ ചോദിച്ചത് പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

600 കോടിരൂപമാത്രമാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തന്നത്. പ്രളയബാധിതര്‍ക്കായി ആവശ്യപ്പെട്ടതുപ്രകാരം അരിയും മണ്ണെണ്ണയും കേന്ദ്രം നല്‍കിയിരുന്നു. ഇതിനെ ഒരു സഹായം എന്ന നിലയ്ക്കാണ് കണ്ടിരുന്നത്. എന്നാല്‍ ആ അരിയും മണ്ണെണ്ണയും ലഭിക്കാന്‍ 265 കോടി 74ലക്ഷം രൂപ നല്‍കേണ്ടിവരും.

പുനര്‍നിര്‍മാണത്തിന് ആവശ്യമായ സഹായം ലഭിക്കുന്നതില്‍ ഗുരുതരമായ അലംഭവാമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടകത്തിലെ ഒരു ജില്ലയില്‍ പ്രളയം സംഭവിച്ചപ്പോള്‍ 546 കോടിരൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ 2300 കോടിരൂപയും ചെന്നൈയില്‍ 940 കോടി രൂപയും കേന്ദ്രസഹായം നല്‍കി.

അതിശക്തമായ പ്രളയത്തില്‍ മനുഷ്യസാധ്യമായ എല്ലാ നടപടിയും ദുരിതബാധതരെ സഹായിക്കാനായി സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 2018 ജൂലൈ മുതല്‍ നവംബര്‍ 21വരെയുള്ള കണക്കില്‍ 2683 കോടിരൂപ ലഭിച്ചു. കേന്ദ്രം നല്‍കിയ തുകയും ചേര്‍ത്ത് ചെലവും കഴിഞ്ഞാല്‍ 733 കോടി രൂപയാകും ദുരിതിശ്വാസനിധിയില്‍ ബാക്കിയുണ്ടാകുക.

എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി പുനര്‍നിര്‍മാണം കൂടുതല്‍ ഐക്യത്തോടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകത്താകെയുള്ള പ്രളയത്തിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥ മനസിലാക്കിയും മുന്നോട്ടു പോകുക എന്ന ഉത്തരവാദിത്വമാണ് സര്‍ക്കാരിനുള്ളത്.

പുനര്‍നിര്‍മാണത്തിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഉപദേശക സമിതിയും ഉന്നതാധികാര സമിതിയും വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ജാതീയമായ ഭിന്നതയോ മതപരമായ വേര്‍തിരിവോ ഇല്ലാതെ കേരളജനത ഒറ്റക്കെട്ടായാണ് പ്രളയത്തെ നേരിട്ടത്. പ്രളയക്കെടുതി വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു ഗതി വന്നിട്ടുണ്ട്. എന്നാല്‍ അത് മറികടന്ന് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ് ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.