ഗോവയില്‍ നിറഞ്ഞ് മലയാളത്തിന്റെ പുതുനിര; ഇന്ത്യന്‍ പനോരമയില്‍ കൈയ്യടി നേടി സുഡാനിയും മിഡ്‌നൈറ്റ് റണ്ണും

മാറിയ മലയാള സിനിമയുടെ മികവും ലാളിത്യവും സാക്ഷ്യപ്പെടുത്തി രണ്ട് ചിത്രങ്ങള്‍ ഗോവന്‍ തിരശ്ശീലയെ സാര്‍ത്ഥകമാക്കി.

ഫീച്ചര്‍ വിഭാഗത്തില്‍ സക്കരിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയയും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണ്ണുമാണ് ഇന്ത്യന്‍ പനോരമയില്‍ ഇന്ന് കൈയ്യടി നേടിയ മലയാള ചിത്രങ്ങള്‍.

ലോകത്തെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിലൊന്നായ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ലഭിച്ച പ്രക്ഷക പ്രീതി ഇരു ചിത്രങ്ങള്‍ക്കും ദേശീയാംഗീകാരത്തേക്കാള്‍ വലിയ ബഹുമതിയായി.

ഫുട്ബോള്‍ പശ്ചാത്തലത്തില്‍, നൈജീരിയയില്‍ നിന്നുള്ള ഒരു കളിക്കാരനും മലപ്പുറത്തുകാരനായ ഫുട്ബോള്‍ ടീം മാനേജരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സക്കരി യയുടെ സുഡാനി ഫ്രം നൈജീരിയ.

കാല്‍പ്പന്തുകളിയുടെ ആവേശത്തിനപ്പുറം ദേശവും ഭാഷയും തടസ്സമാകാത്ത സ്നേഹത്തിലേക്കും വൈകാരിക മുഹുര്‍ത്തങ്ങളിലേക്കുമാണ് ക്യാമറ തിരിയുന്നത്.

സെവന്‍സിന്റെ നാടായ മലപ്പുറത്തെ ഒരു ഫുട്ബോള്‍ ടീമിന്റെ മാനേജറായി സൗബിന്‍ സാഹിറും നൈജീരിയന്‍ കളിക്കാരനായി സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനും ചിത്രത്തില്‍ വേഷമിടുന്നു. മലയാള സിനിമ പതിവ് വഴി വിട്ട് മാറിപ്പോകുന്ന ആവിഷ്‌കരണത്തിന്റെ ഏറ്റവും പുതിയ ചിത്രീകരണമാണ് സുഡാനി.

രമ്യാ രാജിന്റെ ‘മിഡ്നൈറ്റ് റണ്‍’ പങ്കെടുക്കുന്ന പതിനൊന്നാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഗോവയിലേത്. കലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീ ബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമയി മിഡ്നൈറ്റ് റണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ഐഡിഎസ്എഫ്എഫ്കെയിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഏഴു വര്‍ഷത്തിലേറെയായി ചലച്ചിത്ര രംഗത്ത് സഹസംവിധായികയായ രമ്യാ രാജിന്റെ ആദ്യ ഹ്രസ്വചിത്രമാണ് മിഡ്നൈറ്റ് റണ്‍.

14 മിനുട്ട് ദൈര്‍ഘ്യമുള്ള മിഡ്നൈറ്റ് റണ്‍ പൂര്‍ണമായും രാത്രിയില്‍ അരങ്ങേറുന്ന സംഭവമാണ്. അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്കുള്ള മടക്കത്തിന് അപരിചിതനായ ഒരാളുടെ ലോറിയില്‍ കയറേണ്ടി വന്ന ബാലനും ഡ്രൈവറും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. സംഭാഷണത്തെക്കാള്‍ രണ്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പറച്ചില്‍.

സംവിധായകനും നടനുമായ ദിലീഷ് പോത്തനും, ചേതന്‍ ജയലാലും ആണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News