ബിജെപിയുടെ ‘ബി’ ടീം അല്ല ‘എ’ ടീം തന്നെയാണ് കോണ്‍ഗ്രസ്സെന്ന് തെളിയിക്കുന്നവിധത്തിലാണ് 31 വര്‍ഷം മുമ്പ് നടന്ന യു.പി.യിലെ ഹാഷിംപുര കൂട്ടക്കൊലക്കേസിലെ വസ്തുതകള്‍ വ്യക്തമാക്കുന്നത്.
കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നാലുപേര്‍ കോടതിയില്‍ ഹാജരായതോടുകൂടിയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയാവുന്നത്.
1987 മെയ് 2ന് 38 മുസ്ലീങ്ങളെ വെടിവെച്ചുകൊന്ന കൂട്ടക്കൊലക്കേസിലെ ശിക്ഷ നീണ്ട 31 വര്‍ഷത്തെ യമപോരാട്ടത്തിനുശേഷമാണ് 2018 ഒക്ടോബര്‍ 31ന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം പോലീസുകാരാണ്. 19 പ്രതികളില്‍ 3 പേര്‍ മരണപ്പെട്ടിരുന്നു. മറ്റുള്ളവര്‍ക്കെല്ലാം ജീവപര്യന്തമാണ് ശിക്ഷ. വിധി വന്നതുമുതല്‍ ഇവരെല്ലാം ഒളിവിലായിരുന്നു.
1987ല്‍ യു.പി.യിലും കേന്ദ്രത്തിലും കോണ്‍ഗ്രസ്സായിരുന്നു ഭരിച്ചത്. യു.പി.യിലെ പ്രത്യേക പോലീസ് സായുധ സേന ഹാഷിംപുര ഗ്രാമത്തില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോള്‍ 38 മുസ്ലീങ്ങളെ പിടിച്ചുകൊണ്ടുപോവുകയും വരിവരിയായി നിര്‍ത്തി വെടിവെച്ച് കൊന്നശേഷം കനാലിലേക്ക് വലിച്ചെറിയുകയുമാണ് ഉണ്ടായത്. കനാലില്‍ നിന്നും മൃതദേഹങ്ങള്‍ പൊങ്ങിവന്നപ്പോള്‍ പരിസരത്തെല്ലാം ഗ്രാമീണവാസികള്‍ തടിച്ചുകൂടി.
വലിയൊരു ജനകീയപ്രതിഷേധമാണ് പിന്നീട് ശക്തിപ്പെട്ടത്. സത്യം പുറത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെതിരായി ജനങ്ങള്‍ തിരിഞ്ഞു. എന്നാല്‍ പ്രതികളായ പോലീസുകാരെ സംരക്ഷിക്കാനായിരുന്നു അന്ന് സര്‍ക്കാര്‍ തയ്യാറായത്.
വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടു. വെടിവെപ്പില്‍ രക്ഷപ്പെട്ട സുള്‍ഫിക്കര്‍ അലിയുടെ നേതൃത്വത്തില്‍ നിയമപോരാട്ടം തുടര്‍ന്നു. സര്‍ക്കാര്‍ മാറിവന്നപ്പൊള്‍ വെടിയേറ്റ് മരണപ്പെട്ടവരുടെ കുടുംബത്തിന് നീതിക്കായി അപ്പീല്‍ സമര്‍പ്പിച്ചു.
അപ്പീലിലാണ് ശിക്ഷ വന്നിരിക്കുന്നത്. 3 ദശകം മുമ്പുതന്നെ കോണ്‍ഗ്രസ്സിന്റെ സമീപനം വര്‍ഗീയതയോട് സന്ധിചെയ്യുന്നതായിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ചിലര്‍ ഇപ്പോഴും ഒളിവിലാണ്. അവരെ സംരക്ഷിക്കുന്നത് ആരായാലും അവരും നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരാണ്.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും വര്‍ഗീയകലാപത്തിന് സഹായകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ കേരളം മതനിരപേക്ഷ പക്ഷത്താണ് ഉറച്ചുനില്‍ക്കുന്നത്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഉത്തരേന്ത്യന്‍ അജണ്ടയാണ് കേരളത്തില്‍ നടപ്പാക്കാന്‍ നോക്കുന്നത്. അത് അനുവദിച്ചുകൂട. ഹാഷിംപുര കൂട്ടക്കൊല നമ്മെ ഓര്‍മപ്പെടുത്തുന്നത് അത്തരമൊരു കാര്യമാണ്.
Get real time update about this post categories directly on your device, subscribe now.