മിന്നൽ നാമജപം നടത്തിയത‌് ക്രിമിനലുകൾ; ശബരിമലയില്‍ അറസ്റ്റിലായത് ക്രിമിനൽക്കേസിലെ പ്രതികള്‍ 

കൊച്ചി: ശബരിമലയിലേക്കുള്ള പ്രവേശനകവാടമായ നടപ്പന്തലിൽ മിന്നൽ നാമജപപ്രതിഷേധം നടത്തിയവരെല്ലാം പ്രത്യേക സംഘടനകളിലെ അംഗങ്ങളാണെന്ന‌് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 19ന് മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 69 പേരും നേരത്തെതന്നെ ക്രിമിനൽക്കേസിൽ പ്രതികളാണ‌്.

ഇവരെ അയ്യപ്പദർശനത്തിനെത്തിയ ഭക്തരായി കണക്കാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ചിന‌് നൽകിയ സത്യവാങ‌്മൂലത്തിൽ വ്യക്തമാക്കി. അറസ്റ്റിലായ ഒരാൾ 86 ക്രിമിനൽക്കേസിൽ ഉൾപ്പെട്ടയാളാണ‌്.

മറ്റൊരാൾക്കെതിരെ അഞ്ചു ക്രിമിനൽക്കേസുണ്ട്. മൂന്നു കേസിൽ പ്രതിയായ മൂന്നുപേരും രണ്ടുകേസിൽ പ്രതികളായ അഞ്ചുപേരും പട്ടികയിലുണ്ട്. ബാക്കിയുള്ള മിക്കവർക്കും എതിരെ ഒരു കേസെങ്കിലുമുണ്ട്. പ്രതികൾ മിക്കവാറും ആർഎസ്എസിന്റെയോ ബിജെപിയുടെയോ സംഘപരിവാർ സംഘടനകളുടെയോ ഭാരവാഹികളാണ്.

ഒന്നാംപ്രതി ആർഎസ്എസിന്റെ വിഭാഗ് ബൗദ്ധിക്കാണ്. ഒരാൾ യുവമോർച്ച ജില്ലാ സെക്രട്ടറി, ഒരാൾ എബിവിപി ദേശീയ എക്സിക്യൂട്ടിവ് അംഗം. ശേഷിച്ചവർ എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ സംഘപരിവാർ സംഘടനകളുടെ പഞ്ചായത്ത് ഭാരവാഹികളും മറ്റുമാണ്.

നടപ്പന്തൽ ശ്രീകോവിലിലേക്കുള്ള വഴിയാണ്. അവിടെ ബോധപൂർവം കൂട്ടം ചേർന്ന് കുഴപ്പത്തിനായിരുന്നു നീക്കം. സുപ്രീംകോടതിവിധി അനുസരിച്ച് സ്ത്രീകൾ എത്തിയാൽ തടസ്സപ്പെടുത്താനായിരുന്നു സന്നാഹം. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും നടപ്പന്തലിൽ വിശ്രമിക്കാൻ അവസരം നൽകുന്നുണ്ട്.

തങ്ങാൻ മറ്റു സൗകര്യങ്ങളും ഒരുക്കുന്നുണ്ട്‌. ഇവിടെ വെള്ളം ഒഴിച്ച‌് ഭക്തർക്ക‌് ബുദ്ധിമുട്ടുണ്ടാക്കിയെന്ന വാദം ശുദ്ധ അബദ്ധമാണ‌്. പൊടിയും അഴുക്കും കളയാൻ എല്ലാവർഷവും ഇവിടെ കഴുകാറുണ്ട‌്. ഇത‌് പൊലീസല്ല ചെയ്യുന്നത‌്; കലക്ടറുടെ നിർദേശപ്രകാരം സന്നിധാനത്തെ ശുചീകരണ സംഘമാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here