റഫേല്‍ ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

ദില്ലി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് സന്നദ്ധ സംഘടന ഫ്രാന്‍സ് സാമ്പത്തിക പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം നടത്തുന്ന ഷെര്‍പ്പയെന്ന സംഘടനയാണ് പരാതി നല്‍കിയത്.

റഫേല്‍ ഇടപാടില്‍ അഴിമതിയും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നും റിലയന്‍സിന്റെ പങ്കാളിത്തത്തില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും പ്രതിപക്ഷം ആവര്‍ത്തിക്കുന്നതിനിടയിലാണ് ഫ്രാന്‍സിലും പരാതി ഉയര്‍ന്നിരിക്കുന്നത്.

36 റഫേല്‍ ജെറ്റ് വിമാനങ്ങള്‍ ഇന്ത്യക്കു നല്‍കാനുള്ള കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഡാസോ ഏവിയേഷന്‍ ഓഫ്സെറ്റ് പങ്കാളിയാക്കിയതിനെക്കുറിച്ചും വ്യക്തത വരുത്തണമെന്നാണ് ഷെര്‍പ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

അഴിമതി നടന്നിട്ടുണ്ടോ, അനര്‍ഹര്‍ക്ക് നേട്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയവ അന്വേഷിക്കണമെന്നും പരാതിയില്‍ ഷെര്‍പ്പ ആവശ്യപ്പെടുന്നു. റഫേല്‍ കരാര്‍ ഇന്ത്യയില്‍ ശക്തമായ രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിതുറന്നതിനു പിന്നാലെയാണ് ഫ്രാന്‍സിലും പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ഷെര്‍പ്പ അറിയിച്ചു.

അതേസമയം, റാഫേല്‍ ഇടപാട് മോദിയുടെ തട്ടിപ്പുകളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഒരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയൈാണെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവര്‍ത്തിച്ചു.

എന്നാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണം രാജ്യത്തെ തെറ്റിധരിപ്പിക്കലാണെന്നും ആയുധ ഇടപാടിലെ നടപടിക്രമങ്ങള്‍ മനസിലാക്കാന്‍ മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയെ സമീപിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here