അടുത്ത കലാപത്തിനായി കോപ്പ് കൂട്ടുന്നവരേ, മുസഫര്‍ നഗറിലെ കുരുന്ന് ജീവിതങ്ങള്‍ കാണുക

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗരത്തില്‍ നിന്ന് ഏതാണ്ട് 5 കിലോമീറ്റര്‍ അകലെയായാണ് ജോലിംഗ് എന്ന പിന്നാക്ക ഗ്രാമം. സമീപത്തെ മറ്റ് ഗ്രാമങ്ങളില്‍ നിന്ന് ജോലിംഗിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഹിന്ദുകോളനിയോ മുസ്ലിം കോളനിയോ ഇല്ല. ഹിന്ദുക്കളും മുസ്‌ളിംങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന ഗ്രാമമാണിത്.

ഇരുവശത്തും ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലുകള്‍. ഇടുങ്ങിയ ഇടവഴിയിലൂടെയുളള നടത്തത്തിനൊടുവില്‍ എത്തിയത് ഊര്‍മിളയുടെ അംഗന്‍ വാടിയിലാണ്.അങ്ങോട്ട് കൊണ്ടുപോയ സജ്ജയ് മാലിക് എന്ന ഭാരതീയ ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ പ്രവര്‍ത്തകനാണ് ഈ അംഗന്‍വാടിയുടെ വ്യത്യസ്തത പറഞ്ഞുതന്നത്. ‘ഇവിടെ ഹിന്ദുകുട്ടികളേയും മുസ്ലിം കുട്ടികളേയും കാണാം. മറ്റിടങ്ങളിലൊന്നും അങ്ങനെയല്ല അവസ്ഥ’

ഉത്തര്‍പ്രദേശില്‍ അംഗന്‍വാടികള്‍ അറിയപ്പെടുന്നത് അവ നടത്തുന്ന ആയമാരുടെ പേരിലാണ്. ഊര്‍മിളയുടെ അംഗന്‍വാടി,നസിയയുടെ അംഗന്‍വാടി…. എന്നിങ്ങനെ. ഊര്‍മിള എന്ന ആയയ്ക്ക് വലിയ വിദ്യാഭ്യാസമില്ല. ലോക പരിചയം തീരെയില്ല.

പക്ഷെ ,2013ല്‍ കണ്‍മുന്നില്‍ കണ്ട കലാപം ചിലത് പഠിപ്പിച്ചു. ഹിന്ദുവിനേയും മുസ്ലിമിനേയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണം കളിപ്പിക്കണം. ഹിന്ദുവായ മാനവിനേയും മുസ്ലിമായ നോര്‍മാനേയും മാറോട് ചേര്‍ത്ത് പിടിക്കണം.എങ്കിലേ ഈ ഗ്രാമവും ഈ സംസ്ഥാനവും ഈ രാജ്യവും മുന്നോട്ട് പോകൂ…..

ഹിന്ദുവായ മാനവിനേയും മുസ്ലിമായ നോര്‍മാനേയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കുന്ന ഊര്‍മിള

ഹിന്ദുവായ മാനവിനേയും മുസ്ലിമായ നോര്‍മാനേയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കുന്ന ഊര്‍മിള

നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികചേരിതിരിവില്‍ ഊര്‍മ്മിളയ്ക്ക് ആശങ്കയുണ്ട്.പക്ഷെ പിറകോട്ട് പോക്കില്ല ‘ഇരുവിഭാഗങ്ങളിലുമുളള കുരുന്നുകളില്‍ ബാല്യത്തിലേ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കണം.ആ നന്മ പിന്നീടൊരിക്കലും അവരുടെ ഹൃദയങ്ങളില്‍ നിന്ന് പറിച്ചുമാറ്റാനാകില്ല.

കലാപത്തെ തുടര്‍ന്ന് ചിലര്‍ കുട്ടികളെഅംഗന്‍വാടിയിലേയ്ക്ക് അയയ്ക്കാന്‍ ഭയന്നു.
ഞാന്‍ അവരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.കുട്ടികളെ കൂട്ടിക്കൊണ്ട് വന്നു

ഊര്‍മ്മിള നല്കുന്ന ലഡുവും ദലിയയും പരസ്പരം പങ്കുവെച്ച് ഹിന്ദുകുട്ടികളും മുസ്ലിംകുട്ടികളും ഒരുമിച്ച് കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഇതുപോലുളള കാഴ്ച്ച അപൂര്‍വ്വമായേ ഇന്ന് ഈ പ്രദേശത്ത് കാണൂ

കുട്ടികളില്‍ പടരുന്നത് ഭീതിരോഗം
—————————–
പശ്ചിമ യു പിയിലെ മുസഫര്‍ നഗര്‍ കരിമ്പ് തോട്ടങ്ങളുടെ നാടാണ്.കരിമ്പ് തണ്ട് രുചിച്ച ചുണ്ടുകളിലെ മാധുര്യം പതിറ്റാണ്ടുകളോളം ഈ ജനതയുടെ മനസ്സിലും പ്രവര്‍ത്തിയിലും ഉണ്ടായിരുന്നു.ജനസംഖ്യയിലെ 57 % ഹിന്ദുക്കള്‍, 41% മുസ്ലിംങ്ങള്‍ .ഇന്ത്യാ-പാക്ക് വിഭജനമോ എല്‍ കെ അദ്വാനിയുടെ രഥയാത്രയോ ബാബറി മസ്ജിദ് തകര്‍ത്തതിന്‌ശേഷം രാജ്യത്ത് പടര്‍ന്ന കലാപങ്ങളോ മുസഫര്‍ നഗറിനെ കുലുക്കിയില്ല.

എന്നാല്‍ ഒരു തീപ്പൊരിക്കായി പലരും കാത്തിരിക്കുകയായിരുന്നു.ഒടുവില്‍ ഒരുനാള്‍ തീപ്പൊരി വീണു.2013 ആഗസ്റ്റ് സെപ്തംമ്പര്‍ മാസങ്ങളില്‍ മുസഫര്‍ നഗര്‍ ആളികത്തി.സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കലാപത്തില്‍ കൊല്ലപ്പെട്ടത് 62 പേര്‍.93 പേര്‍ക്ക് ഗുരുതരമായ
പരിക്കുപറ്റി.അരലക്ഷത്തിലധികം പേര്‍ സുരക്ഷിത ഇടങ്ങള്‍ തേടി പലായനം ചെയ്തു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പലായനത്തിന്റെ ബാക്കി പത്രങ്ങള്‍ ചികയുമ്പോള്‍ അവസാനം എത്തുന്നത് ന്ിഷ്‌കളങ്കമായ കുറെ കുരുന്നുകളിനാണ് മുസഫര്‍ നഗര്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ജോലാ ഗ്രാമം. അവിടെ കലാപത്തില്‍ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട അമ്പതോളം കുടുംബങ്ങളെ പുനരധിവസിപ്പിച്ചി്ട്ടുണ്ട്.

കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ ‘ഏകതാ കോളനി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗ്രാമത്തില്‍ പത്ത് വയസ്സിന് താഴെ പ്രായമുളള അമ്പതോളം കുട്ടികള്‍ ഉണ്ട്.കലാപ സമയത്തെ കൊലപാതകങ്ങളും അക്രമങ്ങളും നേരില്‍ കണ്ടവരും ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനിച്ചവരുമെല്ലാം ഇവര്‍ക്കിടയില്‍ ഉണ്ട്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന അഫ്രോസും എട്ടാം ക്ലാസില്‍ പഠിക്കുന്ന നസ്രത്തും കലാപ കാലത്തേക്ക് ചിന്തകളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറല്ല.ഇരുവര്‍ക്കും താല്പര്യം സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കാനാണ്. അഫ്രോസിന് എഞ്ചിനീയറാവണം.നസ്രത്തിന്
ടീച്ചറും.പക്ഷെ ഒരു കാര്യത്തില്‍ ഇരുവര്‍ക്കും ഏകാഭിപ്രായമാണ്’ ഗ്രാമത്തിലേയ്ക്ക് മടങ്ങിപോകേണ്ട’

പതിനഞ്ച് കിലോമീറ്റര്‍ അകലെയുളള ബാവറിയാണ് ഇവരുടെ ജന്മ ഗ്രാമം. ബാവറി ഇവര്‍ക്ക് ഭീതിദമായ ഓര്‍മ്മയാണ്.അവിടെ ഇപ്പോഴും ഭൂമിയും വീടും ഉണ്ട്. പക്ഷെ ആര്‍ക്കും അങ്ങോട്ട് മടങ്ങേണ്ട.

അതിന്റെ കാരണം ഏകതാ ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്‍മാരില്‍ ഒരാളായ അബ്ദുള്‍ സത്താര്‍ ഇങ്ങനെ വിശദീകരിക്കുന്നു

‘കലാപം കുട്ടികളില്‍ വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.കൊലയും കൊളളിവെപ്പും ഭീഷണിയുമെല്ലാം അവരില്‍ പലരും നേരില്‍ കണ്ടവരാണ്.കലാപസമയത്ത് കുറെ ദിവസം പലകുട്ടികളും ഭക്ഷണം കഴിച്ചിരുന്നില്ല. പതുക്കെ പതുക്കെയാണ് എല്ലാം ശരിയായത്.’

ഏകതാ ഗ്രാമത്തിലെ പത്ത് വയസ്സിന് താഴെയുളള കുട്ടികളെല്ലാം സ്‌ക്കൂളുകളില്‍ പോകുന്നുണ്ട്.പലരും പഠിക്കാന്‍ മിടുക്കരാണ്. ചിറക് മുളയ്ക്കുന്ന സ്വപ്നങ്ങള്‍ എത്രകണ്ട് പൂവണിയും എന്നതിനെക്കുറിച്ച് അബ്ദുള്‍ സത്താറിന് ആശങ്കയുണ്ട്

‘ഇത്തിരി വലുതാകുന്നതോടെ പലകുട്ടികളും പഠനം നിര്‍ത്തുന്നു. അവര്‍ പണിയെടുക്കാന്‍ പോകുന്നു. ദാരിദ്ര്യമാണ് ബാലവേലയ്ക്ക്  കാരണം’

മുസഫര്‍ നഗറില്‍ ഒരേസമയം ആതുരസേവന രംഗത്തും സാമൂഹ്യസേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ ദിനേഷ് കുമാര്‍.ഏകതാ ഗ്രാമത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാനപങ്ക് വഹിച്ചു.കലാപം കുട്ടികളിലുണ്ടാക്കിയ മാറ്റങ്ങള്‍ ഇദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്.

‘മാനസിക പ്രശ്‌നങ്ങള്‍ മാത്രമല്ല,സാമൂഹ്യരംഗത്തും മാറ്റങ്ങള്‍ പ്രകടമാണ്. തെരുവിലും വിദ്യാലയങ്ങളിലും എല്ലാം ഇത് കാണാം’

തെരുവിലെ ബാല്യങ്ങള്‍ ഇങ്ങനെയെല്ലാമാണ്

കൊലയും കൊളളയും പലായനങ്ങളുമെല്ലാം കലാപങ്ങളുടെ പ്രത്യക്ഷ പ്രത്യാഘാതങ്ങളാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പതുക്കെ പതുക്കെയാണ് തല ഉയര്‍ത്തുക.സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാന്ദ്യം തൊഴിലവസരങ്ങള്‍ കുറയ്ക്കും. ഇതിന്റെ തുടര്‍ച്ചയായാണ് കുഞ്ഞുജീവിതങ്ങള്‍ തെരുവുകളിലേയ്ക്ക് പറിച്ചുമാറ്റപ്പെടുന്നത്.
ജോലയില്‍ നിന്ന് മുസഫര്‍ നഗര്‍ നഗരത്തിലേക്കുളള 30 കിലോമീറ്റര്‍ യാത്രക്കിടെ ബാലവേല ചെയ്യുന്ന നിരവധി കുട്ടികളെ റോഡരികില്‍ കണ്ടു. അടുത്ത കലാപത്തിനായി കോപ്പുകൂട്ടുന്നവരെല്ലാം ഇവരില്‍ ചിലരുടെ ജീവിതങ്ങള്‍ കാണണം

ലക്ഷ്മി

ലക്ഷ്മി

‘പേര് ലക്ഷ്മി.സ്‌ക്കൂളില്‍ പോകുന്നില്ല. പ്രായം 12 വയസ്സ്.അമ്മ വീട്ടിലുണ്ട്. അച്ഛന്‍ മരിച്ചുപോയി.അമ്മയെ സഹായിക്കുന്നതൊടൊപ്പം വിറക് വില്പനയും നടത്തുന്നു’

അക്ബര്‍

‘പേര് അക്ബര്‍. വയസ്സ് 10. പഠിക്കാനുളള പണമുണ്ടാക്കാനായി പണിയെടുക്കുന്നു.റോഡരികിലെ ബിരിയാണി വില്പനയാണ് തൊഴില്‍.വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും ഉണ്ട്.5ാംകളാസില്‍ പഠിക്കുന്നു’

വസിം

വസിം

‘പേര് വസിം.വയസ്സ് 10. ജോലി കുതിര വണ്ടിയോടിക്കല്‍ വീട് അമര്‍പൂര്‍ ഗ്രാമത്തിലാണ്. സ്‌ക്കൂളില്‍ പോകുന്നില്ല. വീട്ടില്‍ ചേച്ചി മാത്രമേ ഉളളൂ. അച്ഛനും അമ്മയും മരിച്ച് പോയി’

സഹ്താബ്

സഹ്താബ്

‘പേര് സഹ്താബ്. 9 വയസ്സ്.ജോലി പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കല്‍. 2ാം ക്‌ളാസില്‍
പഠിക്കുന്നു.ഒരു ദിവസം 100 രൂപ ലഭിക്കുന്നു.’

മൊഹിന്ദ്

‘പേര് മൊഹിന്ദ്. സൈക്കിള്‍ റിക്ഷയോടിക്കലാണ് തൊഴില്‍. 4ാം ക്ലാസില്‍ പഠിക്കുന്നു’

മനീഷ്

മനീഷ്

‘പേര് മനീഷ്. പ്രായം 15 വയസ്സ്. സ്‌ക്കൂളില്‍ പോകുന്നുണ്ട്. ഒപ്പം തൊഴിലെടുക്കുന്നു. കുതിരവണ്ടിയോടിക്കലാണ് തൊഴില്‍.10ാം ക്ലാസില്‍ പഠിക്കുന്നു’.

അനന്ദ്

‘പേര് ആനന്ദ്.വയസ്സ് 10. രണ്ടാം ക്‌ളാസ് വരെ പഠിച്ചു. പഠനം ഉപേക്ഷിച്ച് ഇപ്പോള്‍
കൊല്ലപ്പണിചെയ്യുന്നു’
മാലിന്യജീവിതവും തൊണ്ടവീക്കവും

ഉത്തര്‍ പ്രദേശിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുസഫര്‍നഗര്‍ നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ താരതമ്യേന വൃത്തിയുളളതാണ്.എന്നാല്‍ അല്പം ഉളളിലേയ്ക്ക് പോയാല്‍ ചിത്രം മാറും.വൃത്തിയുടെ സന്ദേശം നഗരങ്ങളിലെ ഗലികളിലും ഗ്രാമങ്ങളിലും എത്തിയിട്ടില്ല.
മാലിന്യങ്ങള്‍ക്കും ദുര്‍ഗന്ധങ്ങള്‍ക്കും ഇടയിലാണ് പലരുടേയും ബാല്യകാലം.

പോഷഹാരക്കുറവ്,പകര്‍ച്ച വ്യാധികള്‍,മാറാ രോഗങ്ങള്‍..
ഇതെല്ലാമാണ് കുരുന്നുകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ 2018ല്‍ ഒക്ടോബര്‍ മാസം വരെയുളള കാലയളവില്‍ 15 കുട്ടികള്‍ക്ക് തൊണ്ടവീക്കം പിടിപെട്ടു.ഇവരിലെ 5 കുട്ടികള്‍ മരിച്ചു.

രോഗങ്ങളുടെ പിടിയിലമരുന്ന ബാല്യം

ശൈശവകാല രോഗപ്രതിരോധ കുത്തിവെപ്പുകള്‍ പലകുട്ടികള്‍ക്കും ലഭിക്കുന്നില്ല.ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്ത് ഇവിടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.ദൗത്യത്തിന് വിഘാതം നില്കുന്ന ഘടകങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഫീള്‍ഡ്
ഓഫീസര്‍ അമിത് ഇങ്ങനെ വിശദീകരിക്കുന്നു;

‘70% കുട്ടികള്‍ക്ക് രോഗ പ്രതിരോധ ഔഷധങ്ങള്‍ ലഭിക്കുന്നുണ്ട്.30% കുട്ടികള്‍ക്ക് കിട്ടുന്നില്ല. അവരിലെ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തില്‍ ഉളളവരാണ്. അവര്‍ക്ക് വിദ്യാഭ്യാസം കുറഞ്ഞ് പോയതാണ് പ്രശ്‌നം.’

പ്രത്യേക സമുദായം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് മുസ്ലിം സമുദായത്തെയാണ്.എന്നാല്‍ പണ്ട് ഉണ്ടായിരുന്ന അത്ര എതിര്‍പ്പ് ഇപ്പോള്‍ ഇല്ലെന്നാണ് പ്രമുഖ ഇസ്‌ളാമിക പണ്ധിതനും മുസഫര്‍ നഗര്‍ മഹമ്മദീയ സര്‍വന്ത് മദ്രസയിലെ പ്രധാനാധ്യാപകനുമായ മൗലാന കലിം ഉല്ല പറയുന്നത്;
‘ഇവിടെ ഏതെങ്കിലും കുടുംബം കുട്ടികള്‍ക്ക് പോളിയോ കൊടുക്കുന്നതിന് മടി കാണിച്ചാല്‍ ഉദ്യോഗസ്ഥര്‍ അവരെയും വിളിച്ച് ഇവിടെ വരും.എന്നിട്ട് പോളിയോ എടുക്കുന്നില്ല എന്ന് പറയും.അപ്പോള്‍ ഞാന്‍ പറയും .ഇത് നല്ലതിനാണ്, ധൈര്യമായി എടുക്കുക.ഇവര്‍ നമ്മുക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. അപ്പോള്‍ ജനങ്ങള്‍ അത് അംഗീകരിക്കുന്നു.
സര്‍ക്കാറിന്റെ ഏതുതരത്തിലുളള പദ്ധതി പദ്ധതി വരുമ്പോഴും ഞങ്ങള്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുന്നു’
മത വിദ്യാഭ്യാസം വളരുന്നു,പൊതുവിദ്യാഭ്യാസം തളരുന്നു

ബാലവേലയ്ക്കും കുട്ടികള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമെല്ലാമുളള പരിഹാരങ്ങള്‍ ആരംഭിക്കേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ്.ദു:ഖകരമന്ന് പറയട്ടെ,എന്നാല്‍ വര്‍ഗീയതയുടബാലപാഠങ്ങള്‍ ഇവിടുത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ്
കുട്ടികള്‍ അഭ്യസിക്കുന്നത്.

തങ്ങളുടെ ചിന്താധാരയില്‍ മാത്രം അധിഷ്ടിതമായ മതം, മതാധിഷ്ടിത രാഷ്ട്രബോധം ഇതെല്ലാം വരും തലമുറയില്‍ അരക്കിട്ട് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മുസഫര്‍ നഗറില്‍ തഴച്ച് വളരുന്നത്.

ഹിന്ദുമതത്തിലെ പ്രത്യേകിച്ച് ഉയര്‍ന്ന ജാതികളിലെ കുട്ടികളിലെ പലരുടേയും പ്രാഥമിക വിദ്യാഭ്യാസം ആര്‍ എസ് എസ്സിന്റെ സരസ്വതി ശിശുമന്ദിരങ്ങളിലാണ്. നഗരത്തില്‍ ആര്‍ എസ് എസ്സിന് മൂന്ന് സ്‌ക്കൂളുകളും രണ്ട് ശിശുവാടികകളും ഉണ്ട്.

ഹിന്ദുത്വയില്‍ ഊന്നിക്കൊണ്ടുളളതാണ് ഇവിടുത്തെ വിദ്യാഭ്യാസം. സ്‌ക്കൂള്‍ ഭിത്തികളില്‍ ഹിന്ദുദൈവങ്ങള്‍ക്കൊപ്പം ആര്‍എസ്എസ് നേതാക്കളായ ഹെഡ്‌ഗേവാറിന്‍േെറയും ഗുരുജി ഗോള്‍വര്‍ക്കരിന്റേയും ഫോട്ടോകള്‍ ഉണ്ട്.

കേശവ് പുരി സരസ്വതി ശിശുമന്ദിരിലെ പ്രധാനാധ്യാപകനായ അഖിലേഷ് നാരായണ്‍ ശ്രീവാസ്തവ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇവിടുത്തെ പാഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ;

‘ദേശഭക്തി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുളള പാഠങ്ങളാണ് പഠിപ്പിക്കുന്നത്.സംസ്‌കൃത പാഠങ്ങളും ഉണ്ട്.സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ പേര് എന്താണ്? സ്വാമി ദയാനന്ദന്റെ അച്ഛനമ്മമാരുടെ പേര് എന്താണ്?സ്വാമി ദയാനന്ദന്റെ അച്ഛനമ്മമാരുടെ പേര് എന്താണ്? സ്വാമി ദയാനന്ദന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ പേര്‍ എന്താണ്? ഇതെല്ലാം പഠിപ്പിക്കുന്നുണ്ട്.വീര്‍ സവര്‍ക്കര്‍,ഭഗത് സിംഗ്,ചന്ദ്രശേഖര്‍ ആസാദ്, ശിവജി,റാണാ പ്രതാപ്,ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരെപ്പറ്റിയെല്ലാം പഠിപ്പിക്കുന്നുണ്ട്. നെഹ്‌റുവിനെപ്പറ്റി പഠിപ്പിക്കുന്നില്ല……’


സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഇന്ത്യയെ ഇന്നത്തെ നിലയില്‍ പരുവപ്പെടുത്തുന്നതിനും ജവഹര്‍ലാല്‍ നെഹ്‌റുവിനോളം സംഭാവന ചെയ്ത മറ്റൊരു നേതാവില്ല.എന്നാല്‍ നെഹ്‌റുവിനെപ്പറ്റി ഇവിടെ പഠിപ്പിക്കില്ല.കാരണം നെഹ്‌റു കളകറഞ്ഞ മതേതരവാദിയായിരുന്നു.

രോഗമനവാദിയായിരുന്നു. ശാസ്ത്രമാണ് സത്യം എന്ന് പ്രചരിപ്പിച്ച മഹാനായിരുന്നു.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയിരുന്നു. കലാപങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെല്ലാം എതിരായിരുന്നു.നെഹ്‌റുവിയന്‍ ആശയങ്ങള്‍ വിസ്മരിച്ച് ഗോല്‍ വല്‍ക്കരിനേയും ഹെഡ്‌ഗേവാറിനേയും ഈ വിദ്യാലയങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നു.

ഇവിടെ നിന്നുളള കുട്ടികള്‍ എങ്ങനെയുളളവരാകുമെന്ന് പറയേണ്ടതില്ലല്ലോ?

മുഖ്യ പഠന വിഷയം ഹിന്ദുത്വ

മുഖ്യ പഠന വിഷയം ഹിന്ദുത്വ

മുസ്ലിം മതവിശ്വാസികളായ കുട്ടികളിലെ വലിയൊരു വിഭാഗം വിദ്യാഭ്യാസത്തിനായി കുട്ടികളെ അയയ്ക്കുന്നത് മദ്രസകളിലാണ്.സംസ്ഥാനത്ത് അരലക്ഷം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ 19,000 മദ്രസകള്‍ക്ക് മാത്രമേ യു പി മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ അഫിലിയേഷനുളളൂ. ആധുനികവും മതേതരവും കാലോചിതമായി പരിഷക്കരിക്കപ്പെട്ടതുമായ വിദ്യാഭ്യാസം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ല

സാമ്പത്തികമായി മുന്നാക്കം നില്ക്കുന്ന ഷേക്ക്, ഷഹീയദ്,മുകള്‍ പഠാന്‍,ഗാഡ ,മുലാജാട്ട് വിഭാഗങ്ങളിലെ കുട്ടികളില്‍ ബഹുഭൂരിഭഗവും സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിലോ സ്വാകാര്യ പോഷ് വിദ്യാലയങ്ങളിലോ ആണ് പഠിക്കുന്നത്.തെല്ലി ,ജൂലാഹ,ഏക് ലോഹാര്‍,
ഏക്ക് ഭട്ടായ്,ഏക്ക് ദോനി എന്നിങ്ങനെയുളള പിന്നാക്ക വിഭാഗങ്ങലില്‍ പെടുന്നവരാണ് ഭൂരിപക്ഷം വരുന്ന മുസ്ലിംങ്ങളും.ഈ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളിലെ മിക്കവരുടേയും വിദ്യാഭ്യാസം മദ്രസകളില്‍ മാത്രമായി ഒതുങ്ങുന്നു.

മുസ്‌ളിം കുട്ടികളില്‍ പലരുടേയും വിദ്യാഭ്യാസം മദ്രസകളില്‍ ഒതുങ്ങുന്നു

മതപഠനവും ഔപചാരിക വിദ്യാഭ്യാസവും കൂട്ടിച്ചേര്‍ത്തുകൊണ്ടുളള വിദ്യഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകള്‍ തുറന്ന് സമ്മതിക്കാന്‍ മുസഫര്‍ നഗര്‍ മഹമ്മദീയ സര്‍വന്ത് മദ്രസയിലെ പ്രധാനാധ്യാപകനായ മൗലാന കലിം ഉല്ലക്ക് വൈമനസ്യമില്ല;

‘ഈ സമ്പ്രദായം പണ്ട് മുതല്‍ക്കെ മോശമാണ്. സ്‌ക്കൂള്‍ വിദ്യാഭ്യാസവും മതപഠനവും വെവ്വേറെ നടത്തുന്നത് നല്ലതാണ്. വിദേശരാജ്യങ്ങളില്‍ എല്ലാം അങ്ങനെയാണ്. ലണ്ടനില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 2 വരെ സ്‌ക്കൂളില്‍ പോകും.

അതിന് ശേഷം മദ്രസയില്‍ പോകും.യു പിയില്‍ അത്തരം സമ്പ്രദായമില്ല.ഒന്നുകില്‍ മുസ്ലിം കുട്ടികള്‍ക്ക് സ്‌ക്കൂളില്‍ പഠിക്കാം.അല്ലെങ്കില്‍ മദ്രസയില്‍ പഠിക്കാം. എന്നാല്‍ ഈ മദ്രസയില്‍ മതപഠനത്തോടൊപ്പം കുട്ടികള്‍ക്ക് നിലവാരം ഉളള ആധുനിക വിദ്യാഭ്യാസവും നല്കുന്നുണ്ട്.കമ്പ്യൂട്ടര്‍ ഉല്‍പ്പെടെയുളള ആധുനികസാങ്കേതിക വിദ്യകള്‍ കുട്ടികളിലെത്തിക്കാനാണ് ഞങ്ങളുടെ പരിശ്രമം’

മദ്രസകളെ നവീകരിക്കാനും സിലബസ് പരിഷ്‌ക്കരിക്കാനും ഇവര്‍ക്ക് താല്പര്യമുണ്ട്.എന്നാല്‍ നവീകരണം എന്ന പേരില്‍ ഹിന്ദുത്വ അശയങ്ങള്‍ അടിച്ചേല്പിക്കുമോ എന്നതാണ് ഇവരുടെയെല്ലാം ആശങ്ക.

യുപിയിലെ പൊതുവിദ്യാലയങ്ങള്‍ നിലവാരം കുറഞ്ഞവയാണ്. എങ്കിലും പരാമ്പാരഗമായി ലഭിച്ച കുറെ മൂല്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.ഒരു പൊതുവിദ്യാലയം തേടിയായിരുന്നു അടുത്ത യാത്ര.ഒടുവില്‍ എത്തിയത് മൊരീന ഗ്രാമത്തിലെ വിദ്യാലയത്തിലായിരുന്നു. മുഹമ്മദ് ഇംറാന്‍ എന്ന അധ്യാപകന്‍ സ്‌ക്കൂലിലെ 7ാം ക്ലാസിലേയ്ക്ക് കൊണ്ടുപോയി.

ക്ലാസില്‍ പഠനമികവില്‍ ഒന്നാമനായ ദേവിനോടും തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന രണ്ടാമന്‍ ഷാന്‍ മുഹമ്മദിനോടും ഇംറാന്‍ എഴുനേറ്റ് നില്ക്കാന്‍ ആവശ്യപ്പെട്ടു. ഇംറാന്‍ മാസ്റ്റര്‍ വിശദീകരിച്ചു;

‘ഷാന്‍ മുഹമ്മദും ദേവും ഒറ്റക്കെട്ടാണ്. അടുത്ത സുഹൃത്തുക്കളാണ്. ഇവിടെ മുസ്‌ളീമും ഹിന്ദുവും െഎക്യത്തിന്റെ സന്ദേശം നല്‍കുന്നു. ഇവരെല്ലാം മതേതരത്വത്തിന്റെ പ്രതീകമാണ്.രാജ്യം ഈ ഗ്രാമത്തില്‍ നിന്ന് പടിക്കണം.സ്‌നേഹത്തിന്റെ സന്ദേശമാണ് ഈ ഗ്രാമം ലോകത്തിന് നല്കുന്നത്’

സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ നല്കുന്നത് ഐക്യത്തിന്റെ സന്ദേശം

വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയതയും പൊതുവിദ്യാലയങ്ങളെ സ്വകാര്യ സ്വാശ്രയ മതാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവേഗം വിഴുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഇത്തരം വിദ്യാലയങ്ങള്‍ എത്രകാലം ഉണ്ടാകും? ദേവിനേയും ഷാന്‍ മുഹമ്മദിനേയും ഒരുമിച്ചിരുത്തുന്നതില്‍ അഭിമാനം കൊള്ളുന്ന മുഹമ്മദ് ഇംറാനെപ്പോലുളള അധ്യാപകരിലും ഹിന്ദുക്കുട്ടികളേയും മുസ്ലിം കുട്ടികളേയും ഒരിമിച്ചിരുത്തി കളിപ്പിക്കുന്നതിനായി ഗലികളിലൂടെ അലയുന്ന ഊര്‍മ്മിള എന്ന അംഗന്‍വാടി ആയയിലുമാണ് മുസഫര്‍നഗറിന്‍േെറയും സര്‍വ്വോപരി രാജ്യത്തിന്റേയും ഭാവി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News