രാമക്ഷേത്ര നിര്‍മ്മാണമാവശ്യപ്പെട്ട് രണ്ടുലക്ഷത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോധ്യയില്‍; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ മുസ്ലീങ്ങള്‍ വീടൊഴിഞ്ഞ് പോകുന്നു; രാജ്യത്തെ കത്തിക്കാനാണ് ആര്‍എസ്എസ്-ബിജെപി ശ്രമമെന്ന് സിപിഐഎം

ദില്ലി: രാമക്ഷേത്ര നിര്‍മ്മാണമാവശ്യപ്പെട്ട് ശിവസേന, ആര്‍എസ്എസ്, വിഎച്ച്പിയും നാളെ നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോധ്യയിലെത്തി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ മുസ്ലീങ്ങള്‍ വീടൊഴിഞ്ഞ് പോകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കത്തിക്കാനാണ് ആര്‍എസ്എസ്-ബിജെപി ശ്രമമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

ചലോ അയോധ്യ മുദ്രാവാക്യവുമായി ശിവസേന, ആദ്യ ക്ഷേത്രം പിന്നീട് സര്‍ക്കാര്‍ മുദ്രാവാക്യവുമായി വി.എച്ച്.പിയും ആര്‍.എസ്.എസും. അയോധ്യയില്‍ വീണ്ടും കനലുകളെരിയുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ് വോട്ടെടുപ്പിന് ജനങ്ങള്‍ പോളിങ്ങ്ബൂത്തിലെത്താല്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് സംഘപരിവാറിന്റെ അയോധ്യ പ്രക്ഷോഭം.

ഒരു ലക്ഷത്തോളം വിഎച്ച്പി പ്രവര്‍ത്തകരും ഒരു ലക്ഷത്തോളം ആര്‍.എസ്.എസ് അണികളുമായി രണ്ട് ലക്ഷത്തോളം പേര്‍ രാമജന്മഭൂമിയിലേയ്ക്ക് മാര്‍ച്ച് നടത്തും.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തോളം ശിവസേനക്കാരും അണി നിരക്കുന്നതോടെ അയോധ്യയില്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്. ചത്രപതി ശിവജിയുടെ ജന്മസ്ഥലത്ത് നിന്ന് ശേഖരിച്ച മണ്ണുമായി എത്തിയ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ രാമജന്മഭൂമി സന്ദര്‍ശിക്കും.

പതിനേഴ് മിനിറ്റിനുള്ളില്‍ ബാബറി മസ്ജിദ് പൊളിച്ചവര്‍ക്ക് ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന വിമര്‍ശിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ മുസ്ലീങ്ങള്‍ വീടൊഴിഞ്ഞ് പോകുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ആദിത്യനാഥ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടികാട്ടി യുപിയില്‍ നിന്നും മാറി നില്‍ക്കുകയാണ്.

പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ജനത്തിന് തൊഴിലും,ആഹാരവും ആവശ്യമുള്ള സമയത്ത് രാജ്യം കത്തിക്കാനാണ് ആര്‍.എസ്.എസ്-ബിജെപി ശ്രമമെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

ഭരണവീഴ്ച്ച് മറികടക്കാനാണ് അയോധ്യ വിഷയം വഷളാക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News