പാനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ മലപ്പുറം താനൂരില്‍ എത്തിയതായി സൂചന; മലപ്പുറത്തെ ഹോട്ടലില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍

കണ്ണൂര്‍ പാനൂരില്‍ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികള്‍ മലപ്പുറം താനൂരില്‍ എത്തിയതായി സൂചന. മലപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവരാണെന്ന് സംശയിക്കാവുന്ന രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ കടന്ന് പോവുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

അയല്‍വാസികളും സുഹൃത്തുക്കളുമായ സയന, ദൃശ്യ എന്നിവരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. ദൃശ്യങ്ങളില്‍ നിന്നും ഇരുവരെയും ഇവരുടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു.

ദൃശ്യങ്ങള്‍ പതിഞ്ഞ ഹോട്ടലില്‍ എത്തി ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പൊലീസ് പരിശോധിച്ചതായാണ് സൂചന.പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.

പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് തിരികെ എത്തിയില്ല. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിനികളെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും കൃത്യമായ സൂചനകള്‍ ഇതുവരെ ലഭിച്ചില്ല.

കാണാതായ ദിവസം രാവിലെ 11 മണിമുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. അന്വേഷണസംഘം അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാണാതായ വിദ്യാര്‍ത്ഥിനികള്‍ ഹൈസ്‌കൂള്‍ പഠന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മില്‍ അതിയായ അടുപ്പം കാണിച്ചിരുന്നതായും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here