പരീക്ഷണത്തിന്റെ പരകോടിയില്‍ ഗോദാര്‍ദ്ദ്; സ്വാതന്ത്ര്യത്തിന്റെ ഉടവാള്‍ ചുഴറ്റി വേലുത്തമ്പി; സിനിമയുടെ പല ലഹരികളില്‍ ഗോവ

സിനിമ 24 ഫ്രെയിം കളളവും പറ്റിപ്പുമാണെന്നത് ലോക സിനിമാ മാസ്റ്റര്‍മാരിലൊരാളായ ഴാങ് ലൂക്ക് ഗൊദാര്‍ദ്ദിന്റെ പ്രസിദ്ധമായ പ്രഖ്യാപനങ്ങളിലൊാണ്.

ലോക സിനിമയെ ഇതുപോലെ പരീക്ഷണത്തിന്റെ ഉലയാക്കി കള്ളങ്ങളില്‍ നിന്ന് കള്ളങ്ങളിലേക്ക് തന്നെ നടത്തിച്ച മറ്റൊരു ചലച്ചിത്രകാരനുമില്ല. ഗോദാര്‍ദ്ദിന്റെ കലാപരമായ കള്ളങ്ങളും രാഷട്രീയമായ സത്യങ്ങളും ചേര്‍ന്നാണ് ലോകസിനിമയുടെ നെറുകയില്‍ ഈ ചലച്ചിത്രകാരന്റെ സൃഷ്ടികളെ പ്രതിഷ്ഠിച്ചത്.

അതു കൊണ്ട് ഇപ്പോഴും ലോക ചലച്ചിത്രോത്സവങ്ങളില്‍ ഗൊദാര്‍ദ്ദ് എന്ന് കേള്‍ക്കുമ്പോള്‍ കണ്ണുമടച്ച് കയറിയിരിക്കുന്നവരാണ് മേളപ്രിയരെല്ലാം.

‘കാലും കയ്യും തലയുമെല്ലാം ഇനി എങ്ങനെ അനങ്ങുമോ അങ്ങനെയായിരിക്കും ഇനി തന്റെ സിനിമാ പിടുത്തം എന്നാണ്’ ഇക്കഴിഞ്ഞ കാന്‍ മേളയില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി ഇമേജ് ബുക്ക്’ പ്രദര്‍ശിപ്പിച്ച വേളയില്‍ ഗൊദാര്‍ദ്ദ് പറഞ്ഞത്.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ചലച്ചിത്രകല ജന്മം നല്‍കിയ ഏറ്റവും വലിയ പ്രതിഭാ ശാലിയായ ഈ കലാകാരന്റെ കാലും കൈയ്യുമെല്ലാം ഇപ്പോള്‍ എങ്ങനെ അനങ്ങുന്നു എന്നറിയാന്‍ തന്നെയാകണം ഗോവയിലെ കാണികള്‍ ദി ഇമേജ് ബുക്കിന് മുന്നില്‍ കയറിയിരുന്നത്.

അല്‍ഭുതകരമായിരുന്നു കാഴ്ച്ചാനുഭവം. എണ്‍പത്തിയേഴുകാരനായ ഗൊദ്ദാര്‍ദ്ദ് ഇപ്പോഴും സിനിമയെടുക്കുന്നുണ്ടല്ലോ എന്നല്ല , ഇപ്പോഴും എത്ര പുതുമയോടെയും ഞെട്ടലോടെയുമാണ് ആഖ്യാനം നിര്‍വ്വഹിക്കുന്നതെന്നാണ് അമ്പരപ്പ്. അമ്പതുകളില്‍ നവതരംഗ സിനിമയുടെ പ്രോദ്ഘാടകനായി വന്ന ഗോദാര്‍ദ്ദില്‍ ഇപ്പൊഴും നവ സിനിമയുടെ തീപ്പൊരി അണഞ്ഞിട്ടില്ല.

സിനിമയെ സ്റ്റുഡിയോയില്‍ നിന്ന് അവരാണ് ആദ്യം മണ്ണിലേക്കും പ്രകൃതിയിലേക്കും ഇറക്കിക്കൊണ്ടുവന്നത്. രേഖീയമായ തുടര്‍ച്ചകളുടെ കഥപറച്ചിലില്‍ അടിമുടി അട്ടിമറിയുണ്ടാക്കിയത്.അവിടെ ആ നവതരംഗതലമുറയില്‍ രാഷ്ട്രീയം പറഞ്ഞത് ഗൊദ്ദാര്‍ദ്ദ് മാത്രമാണ്.

ശുദ്ധമായ അമേരിക്കന്‍ വിമര്‍ശ്ശനമാണ് ഗൊദാര്‍ദ്ദിയന്‍ സിനിമാ ഭാഷ. ഗൊദാര്‍ദ്ദ് പരിപൂര്‍ണ്ണമായും പരീക്ഷണപരനായത് തന്നെ രാഷട്രീയം പറയാനാണ്. അല്ലെങ്കില്‍ രാഷ്ട്രീയമായി സിനിമയെടുക്കാനാണ്. ഗൊദ്ദാര്‍ദ്ദിന്റെ പ്രസിദ്ധമായൊരു പഴമൊഴി തന്നെയുണ്ടല്ലോ – ‘ നമ്മള്‍ രാഷ്ട്രീയ സിനിമയെടുക്കുകയല്ല, രാഷട്രീയമായി സിനിമയെടുക്കുകയാണ് വേണ്ടതെന്ന്.

ഗൊദ്ദാര്‍ദ്ദിന്റെ ഏതാണ്ട് എല്ലാ സിനിമകളും ഹൃദിസ്ഥമായുള്ള പ്രശസ്ത സാഹിത്യകാരന്‍ സിവി ബാലകൃഷ്ണന്‍ ഇങ്ങനെ പറയുന്നു: ”കാണികളില്‍ പ്രകോപനമുണ്ടാക്കുകയാണ് ഗോദാര്‍ദ്ദിന്റെ രീതി. സാധാരണ പ്രേക്ഷകനോട് അതൊരിക്കലും കമ്മ്യ.ൂണിക്കേറ്റ് ചെയ്യുന്നില്ല. അവിടെ കഥാത്തുടര്‍ച്ചയൊന്നുമില്ല.

ചിലപ്പോള്‍ ഒരു പ്രബന്ധമാകും സിനിമ. ചിലപ്പോള്‍ പൊരിഞ്ഞ ചര്‍ച്ചയാകും. സിനിമയില്‍ എന്ത് പറയുന്നുവെന്നല്ല സിനിമ തന്നെ എന്താകുന്നു എന്നതാണ് ഗൊദ്ദാര്‍ദിയന്‍ കല. ഈ 87 വയസ്സ് പ്രായത്തിലും സിനിമയുടെ ഏറ്റവും പുതിയ സങ്കേതങ്ങളില്‍ വരെ അദ്ദേഹം പ്രാവീണ്യം നേടിയിരിക്കുന്നു. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ ഗുഡ്‌ബൈ ടു ലാങ്ക്വേജ് എന്ന സിനിമ ത്രീഡിയിലായിരുന്നു കണ്ടത്.

വെറും മൂന്നു പേരെ കൊണ്ടാണ് അദ്ദേഹം സിനിമ പൂര്‍ത്തിയാക്കിയത്. സിനിമയുടെ മാസ്റ്റര്‍ മാരില്‍ മൈക്കലാഞ്ചലോ അന്റോണിയോണിയും ബര്‍ഗ്മാനുമെല്ലാം അവസാനകാലത്ത് സിനിമയോട് വിട പറഞ്ഞവരായിരുന്നു. എന്നാല്‍ സിനിമയില്ലാതെ ഗൊദ്ദാര്‍ദ്ദിന് ശ്വാസമില്ല. ഈ പ്രായത്തിലും ഗോദ്ദാര്‍ദ്ദ് അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നു.

”ഗോവയില്‍ പ്രദര്‍ശിപ്പിച്ച ഗോദാര്‍ദ്ദിന്റെ ദി ഇമേജ് ബുക്ക് കഴിഞ്ഞ കാന്‍ മേളയില്‍ സ്‌പെഷല്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ സിനിമയാണ്. ആധുനിക കാലത്തെക്കുറിച്ചുള്ള ദൃശ്യപ്രബന്ധമാണ് സിനിമ.

എഡിറ്റിംഗ് ടേബിളിലാണ് സിനിമയെന്ന് പറഞ്ഞ ഗൊദ്ദാര്‍ദ്ദ് ചരിത്രത്തില്‍ നിന്നും സിനിമാ ചരിത്രത്തില്‍ നിന്നും ഫൂട്ടേജുകള്‍ നമ്മുടെ സാധാരണ കാഴ്ച്ചാ രീതിയെയും ചിന്തയെയും മുഴുന്‍ ആശയക്കുഴപ്പത്തിലാക്കിയാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.ഒരു ചൂണ്ടു വിരലിലാണ് സിനിമ തുടങ്ങുന്നത്.

ഫിലിം എഡിറ്റിംഗ് കാണിച്ച് കൈകൊണ്ട് ചിന്തിക്കണമെന്നാണ് സിനിമ പറയുന്നത്. ഒരു സിനിമാ കലാപകാരിയുടെ കൈകൊണ്ട് ചിന്തിക്കുന്ന സിനിമ തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ ഗൊദ്ദാര്‍ദ്ദിന്റെ ദി ഇമേജ് ബുക്ക്.

അവിടെ നമ്മള്‍ തലപുകഞ്ഞ് ആലോചിക്കുന്നതാണ് കുറ്റം. കൈയ്യുടെ ഭാഷയില്‍ തന്നെ കാണുകയേ നിര്‍വ്വാഹമുള്ളൂ.ഗോവയുടെ ഗോദ്ദാര്‍ദ്ദിനു വേണ്ടിയുള്ള കാത്തിരുപ്പ് അങ്ങനെ സഫലമായി.

അതേ ദിവസം മലയാളിക്ക് അഭിമാനിക്കാനും രണ്ട് ചിത്രങ്ങള്‍ തിരശ്ശീലയിലെത്തി.ഷൈനി ജേക്കബ് ബഞ്ചമിന്റെ ഭദി സ്വാര്‍ഡ് ഓഫ് ലിബര്‍ട്ടി’ സാധാരണ ഡോക്യുമെന്ററികളുടെ വരണ്ട മട്ടിനോട് വിട പറഞ്ഞ് മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

വേലുത്തത്തമ്പി ദളവയുടെ പോരാട്ട ജീവിതവും മരണവും നാഞ്ചിനാടിന്റെ സൗന്ദര്യവും ക്യാമറയുടെ പരമാവധി സാധ്യതകളിലൂടെ പുതിയ ദൃശ്യാനുഭവമായി.

പാവക്കൂത്തും ശീതങ്കന്‍ തുള്ളലും വില്‍പ്പാട്ടുമെല്ലായി വേലുത്തത്തമ്പിയുടെ ജീവിതം പറയുമ്പോള്‍ മിത്തിന്റെ ഭംഗികളും ഒപ്പം തന്നെ മിത്തില്‍ നിന്ന് അഴിച്ചെടുത്ത യഥാര്‍ത്ഥ ചരിത്രവും കണ്മുന്നില്‍ നിവരുന്നു. റഹീം ഖാദറിന്റെ മക്കനയും മലയാളികളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ തന്നെ ഗോവയില്‍ പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News