നമ്മള്‍ മലയാളികള്‍ ഒറ്റക്കെട്ട്; പ്രളയത്തെ അതിജീവിച്ച് 100 നാളുകള്‍; നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍

തിരുവനന്തപുരം: മഹാപ്രളയം കേരളത്തെ പിടിച്ചുലച്ചിട്ട് ശനിയാഴ്ച നൂറുദിനം.

ചരിത്രത്തിലെങ്ങുമില്ലാത്ത നാശനഷ്ടമാണ് കേരളക്കരയില്‍ പ്രളയം വിതച്ചത്. സംസ്ഥാനത്തെ 1644 വില്ലേജുകളില്‍ 1259നെയും പ്രളയം ബാധിച്ചു. 445 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

തുടര്‍ച്ചയായി ഉരുള്‍പൊട്ടലും കൂടിയായപ്പോള്‍ സംസ്ഥാനം ദുരന്തഭൂമിയായി. സര്‍ക്കാര്‍ പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ആഘാതം കുറയ്ക്കാനായി.

ആശങ്കയിലും ഭീതിയിലുമായ ഒരു ജനതയ്ക്കാകെ ആത്മവിശ്വാസം പകര്‍ന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേതൃത്വവും. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ദുരന്തനിവാരണ സേന എന്നിവര്‍ക്കു പുറമെ സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളുകളുടെയും നാടിന്റെയും ഒറ്റക്കെട്ടായ രക്ഷാപ്രവര്‍ത്തനം കൂടിയായപ്പോള്‍ വന്‍ ആള്‍നാശം ഒഴിവാക്കാനായി.

ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളൈ മാറ്റി പാര്‍പ്പിച്ചും ഇവര്‍ക്കായി ക്യാമ്പുകള്‍ തുറന്നും സര്‍ക്കാര്‍ പ്രളയാനന്തര ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി.

പ്രളയജലമിറങ്ങിത്തുടങ്ങുമ്പോള്‍ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ കൊടുത്തു തുടങ്ങി. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസാഹയവും വിതരണം ചെയ്തു. 31000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായി എന്നാണ് കണക്ക്.

അതേസമയം, കേരളത്തെ സഹായിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. വെറും അറുന്നൂറു കോടിയുടെ ധനസഹായം മാത്രമാണ് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel