അയോധ്യയെ വീണ്ടും സംഘര്‍ഷഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം; ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭീതിയില്‍

ദില്ലി: ബാബ്‌റി പള്ളി നിലനിന്ന സ്ഥലത്തുതന്നെ എത്രയുംവേഗം രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി സംഘപരിവാര്‍ ഞായറാഴ്ച ‘ധരം സഭ’ സംഘടിപ്പിക്കാന്‍ കോപ്പുകൂട്ടവെ അയോധ്യ ഭീതിയുടെ മുള്‍മുനയില്‍.

രണ്ടുലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാശവാദം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അയോധ്യ പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സുരക്ഷ ശക്തിപ്പെടുത്തിയെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത ഭീതിയിലാണ്. 26 വര്‍ഷത്തിനുശേഷം രാമക്ഷേത്രത്തെ ചൊല്ലി അയോധ്യയെ വീണ്ടും സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ നീക്കം.

താല്‍ക്കാലിക രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ബാബ്‌റി ഭൂമിയിലേക്കുള്ള പ്രവേശനകവാടങ്ങളെല്ലാം അടച്ചു. കനത്ത സുരക്ഷാപരിശോധനയ്ക്കുശേഷം മാത്രമാണ് ക്ഷേത്ര ദര്‍ശനം അനുവദിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും അര്‍ധസേന പ്രത്യേക സുരക്ഷാവലയമൊരുക്കി. അയോധ്യയിലേക്കുള്ള പ്രവേശനകവാടവും അടച്ചു. പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

അയോധ്യയില്‍ സംഘര്‍ഷസാധ്യതയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട സുരക്ഷാസന്നാഹങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ സംഘടനകള്‍ രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നിവേദനം നല്‍കി. തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ കനത്ത സുരക്ഷയ്ക്ക് നിര്‍ബന്ധിതമായത്.

ആയിരത്തോളം പൊലീസുകാരും 42 കമ്പനി പ്രവിശ്യാസായുധ വിഭാഗവും അഞ്ച് കമ്പനി ദ്രുതകര്‍മസേനയും തീവ്രവാദവിരുദ്ധ കമാന്‍ഡോകളും നഗരത്തിലുണ്ട്.

സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്രസേനാവിന്യാസം ഇതിനുപുറമെയാണ്. ഞായറാഴ്ച കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലഖ്‌നൗ എഡിജി അശുതോഷ് പാണ്ഡെ, ഝാന്‍സി ഐജി എസ് എസ് ബാഹെല്‍ എന്നിവര്‍ക്കാണ് സുരക്ഷാചുമതല. പട്ടണത്തെ എട്ട് മേഖലയായും 16 പ്രദേശങ്ങളായും തിരിച്ചാണ് സുരക്ഷാവിന്യാസം.

1992ല്‍ ബിജെപി യുപിയും കോണ്‍ഗ്രസ് കേന്ദ്രവും ഭരിക്കുന്ന ഘട്ടത്തിലാണ് ബാബ്‌റി പള്ളി സംഘപരിവാര്‍ അക്രമികള്‍ കര്‍സേവയെന്ന പേരില്‍ പൊളിച്ചത്. സമാനമായ സുരക്ഷാസന്നാഹം ആ ഘട്ടത്തിലും അയോധ്യയില്‍ ഒരുക്കിയിരുന്നെങ്കിലും കര്‍സേവകര്‍ അഴിഞ്ഞാടിയപ്പോള്‍ സംസ്ഥാന പൊലീസും കേന്ദ്രസേനയും കാഴ്ചക്കാരായി.

തൃശൂലമടക്കമുള്ള ആയുധങ്ങളുമായി ആര്‍എസ്എസ്- വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയിലേക്ക് വീണ്ടുമെത്തുമ്പോള്‍ എന്തും സംഭവിക്കാമെന്ന് ബാബ്‌റി ഭൂമിക്കേസിലെ ഹര്‍ജിക്കാരിലൊരാളും അയോധ്യാനിവാസിയുമായ ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ലഭിച്ചില്ലെങ്കില്‍ അയോധ്യ വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ല- ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

എന്നാല്‍, ധരം സഭ സമാധാനപൂര്‍ണമായിരിക്കുമെന്ന് വിഎച്ച്പി വക്താവ് ശരത് ശര്‍മ്മ പറഞ്ഞു. അയോധ്യാവിഷയത്തില്‍ മാര്‍ഗനിര്‍ദേശമാണ് അവര്‍ക്ക് വേണ്ടത്. അത് സന്യാസി പ്രമുഖര്‍ നല്‍കും. അതിനുവേണ്ടിയാണ് സമ്മേളനം- ശര്‍മ പറഞ്ഞു.

ഒരു ലക്ഷം ആര്‍എസ്എസുകാരും ഒരു ലക്ഷം വിഎച്ച്പിക്കാരും ഞായറാഴ്ച അയോധ്യയില്‍ സമ്മേളിക്കുമെന്നാണ് സംഘപരിവാര്‍ അവകാശവാദം. ശനിയാഴ്ച ശിവസേന ലക്ഷ്മണ്‍കിലയില്‍ രാമക്ഷേത്രസംവാദവും സരയൂ നദിയില്‍ കൂട്ട ആരതിയും സംഘടിപ്പിച്ചു. ശിവസേനാ പ്രവര്‍ത്തകര്‍ പട്ടണത്തിലെ ഗലികളിലൂടെ ബൈക്ക് റാലികളും ചെറുപ്രകടനങ്ങളും നടത്തി.

ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യയും പരിപാടികളില്‍ പങ്കെടുത്തു. ക്ഷേത്രനിര്‍മാണം എപ്പോഴുണ്ടാകുമെന്ന തീയതിയാണ് ഇനി അറിയേണ്ടതെന്നും ആ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും ഉദ്ധവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel