ബാലഭാസ്‌കറിന്റെ മരണം; വാഹനം പൊലീസ് പരിശോധിച്ചു; പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദാന്വേഷണവുമായി പൊലീസ്.

മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്.ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ധ സംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവകാര്‍ പരിശോധിച്ചു.

അന്വേഷണ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫോറന്‍സിക് മെഡിസിന്‍ സംഘം തലവനും ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും അടങ്ങിയ നാലംഗ സംഘം വാഹനം പരിശോധിച്ചത്. പരിശോധനയില്‍നിന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ ഇരുന്നിരുന്ന സ്ഥാനം ഉള്‍പ്പെടെ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അപകടമുണ്ടായപ്പോള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിലരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. അപകടമുണ്ടായ അതേസമയത്ത് ഇതുവഴി വാഹനത്തില്‍ കടന്നുപോയവരാണിവര്‍. മറ്റുജില്ലക്കാരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ശ്രദ്ധയില്‍പ്പെട്ടതും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും. ഇവരില്‍ ഒരാള്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയെ ആശുപത്രിയില്‍ എത്തിച്ച സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍, പിന്നീട് ഇവരെ കുറിച്ച് വിവരമുണ്ടായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ മൊഴിയെടുക്കും. ഡ്രൈവര്‍ അര്‍ജുനെ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരെ വിളിച്ചുവരുത്തും.

ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളും അച്ഛന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News