വധശ്രമക്കേസ്; സുരേന്ദ്രനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം; സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ തയ്യാറല്ലെന്ന് ലളിത; ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്തതെന്നും ലളിത

തിരുവനന്തപുരം: ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം.

നവംബര്‍ ആറിന് ശബരിമലയിലെത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയെയും കുടുംബത്തെയും സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘപരിവാറുകാര്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. സംഭവത്തില്‍ കെ സുരേന്ദ്രന് പങ്കില്ലെന്നു പറഞ്ഞ് സത്യവാങ്മൂലം നല്‍കണമെന്നാണ് ബിജെപി നേതാക്കള്‍ ലളിതയെ നിര്‍ബന്ധിച്ച് സമ്മര്‍ദത്തിലാക്കുന്നത്.

അഭിഭാഷകന്‍ തയ്യാറാക്കിയ സത്യവാങ്മൂലവുമായാണ് നേതാക്കള്‍ ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ ഒപ്പിടാന്‍ ലളിത തയ്യാറായില്ല. തെറ്റിദ്ധാരണ മൂലമാണ് തടഞ്ഞതെന്നും ചോറൂണിന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ മലകയറാന്‍ സൗകര്യം ചെയ്തുതന്നുവെന്നും പറഞ്ഞുള്ള സത്യവാങ്മൂലമാണ് തയ്യാറാക്കികൊണ്ടുവന്ന് ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നത്.

അതോടൊപ്പം കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇതില്‍ ഒപ്പിട്ട് നല്‍കണമെന്നും ശശികല അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി മാപ്പ് പറയുമെന്നും പറഞ്ഞതായി ലളിത പറഞ്ഞു.

ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്തത്. തന്നെ മല കയറാന്‍ ആദ്യം അനുവദിച്ചത് ശശികലയാണ്. പിന്നിട് ആളെ വിളിച്ചുകൂട്ടി തടയുകയായിരുന്നു. തുടക്കത്തില്‍ ലളിതയെയും കുടുംബത്തെയും തടഞ്ഞ സംഘം പിന്നിട് കയറ്റിവിടുകയായിരുന്നു.

മല കയറാന്‍ പ്രോത്സാഹിപ്പിക്കുകയും പിന്നീട് ആളെ കൂട്ടി വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു സംഘപരിവാറുകാര്‍. നെയ്‌തേങ്ങ ഏറിഞ്ഞ് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

സംഘര്‍ഷത്തിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതിനാണ് സുരേന്ദ്രനെതിരെ കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News