വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്; മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് കൈമാറാനാകില്ല

ദില്ലി: കള്ളപ്പണത്തിന്റെ കണക്ക് കൈമാറാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകള്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് തള്ളിയത്.

പതിനഞ്ച് ദിവസത്തിനുള്ളില്‍ കള്ളപ്പണത്തിന്റെ എല്ലാ വിവരങ്ങളും നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിലപാട് ആവര്‍ത്തിച്ചത്.

വിവരാവകാശ പ്രവര്‍ത്തകനും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്.

അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകള്‍ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയകളുദ്ധരിച്ചാണ് വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച പരാതികളുടെ വിശദാംശവും ചതുര്‍വേദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും തള്ളുകായിരുന്നു.

2014 ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ സര്‍ക്കാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു സഞ്ജീവ് ആവശ്യപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here