തെരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണം; കെഎം ഷാജി നിയമസഭാംഗമല്ലാതായി

കൊച്ചി: മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജി നിയമസഭാംഗമല്ലാതായി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയത് ഹൈക്കോടതി കണ്ടെത്തുകയും കെ എം ഷാജിയുടെ നിയമസഭാഗംത്വം റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന് കെ എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചു.

അപ്പീല്‍ നല്‍കാനായി കഴിഞ്ഞ വെള്ളിയാഴ്‌‌‌ച്ച വരെ ഹൈക്കോടതി തന്നെ ഉത്തരവ് സ്‌റ്റേ ചെയ്‌തിരുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്‌റ്റേയുടെ സമയപരിധി നീട്ടിക്കൊടുത്തുമില്ല. ഈ സാഹചര്യത്തിലാണ് ഷാജിയുടെ നിയമസഭാഗംത്വം റദ്ദാക്കിയതായി നിയമസഭാ സെക്രട്ടറി ഉത്തരവിലൂടെ അറിയിച്ചത്.

എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്ന കെ എം ഷാജിയുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സാധാരണ ക്രമത്തില്‍ മാത്രമേ ഹര്‍ജി പരിഗണിക്കാനാകൂവെന്ന് ആവശ്യം നിരാകരിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കി. അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് മതധ്രുവീകരണം നടത്തിയതിന് കോടതി തെളിവായി സ്വീകരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here