തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെ അ‍വിശ്വാസം പാസ്സായി; നഗരസഭാ വൈസ്ചെയര്‍മാന്‍റെ കസേര തെറിച്ചു

കൊച്ചി തൃക്കാക്കര നഗരസഭയില്‍ കാലുമാറി യുഡിഎഫിൽ ചേക്കേറിയ വൈസ് ചെയർമാന്‍ സാബു ഫ്രാൻസിസിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.

ഒരു യു ഡി എഫ് എംഗവും സ്വതന്ത്രാംഗവും ‍പ്രമേയത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്.43 അംഗ കൗണ്‍സിലില്‍ 22 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

എല്‍ഡിഎഫിന് 20 അംഗങ്ങളാണുള്ളത്. യുഡിഎഫിലെ ഷീല ചാരുവും സ്വതന്ത്ര അംഗം എം എം നാസറും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് ഷീല ചാരുവിന് വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ചെയർപേഴ്സണ്‍ എം ടി ഓമനയ‌്ക്കെതിരായ അവിശ്വാസപ്രമേയം ചൊവ്വാ‍ഴ്ച്ച രാവിലെ ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്.
നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ കെ ടി എൽദോ, പൊതുമരാമത്ത് സമിതി ചെയർമാൻ ജിജോ ചിങ്ങംതറ,

മുൻ നഗരസഭാ ചെയർപേഴ്സൺ കെ കെ നീനു എന്നിവരുടെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയം നൽകിയത്. യുഡിഎഫ് സംസ്ഥാന കൺവീനറുടെയും പി ടി തോമസ് എംഎൽഎയുടെയും തട്ടകത്തിലാണ് നഗരസഭ ഭരണത്തിനെതിരെ അവിശ്വാസം വരുന്നത്.

എല്‍ഡിഎഫ് ആയിരുന്നു നേരത്തെ നഗരസഭ ഭരിച്ചിരുന്നത്. ആറു മാസം മുമ്പ‌് എൽഡിഎഫ് ഭരണം മറിച്ചിടാൻ കൂടെക്കൂടിയ സ്വതന്ത്രനായ സാബു ഫ്രാൻസിസിനെ വൈസ് ചെയർമാനാക്കിയാണ് യു ഡി എഫ് അന്ന് ഭരണം അട്ടിമറിച്ചത്.

ഇതിന് നേതൃത്വം നൽകിയത് പി ടി തോമസ് എംഎൽഎയാണ്. കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിച്ച് പാർട്ടിയിൽനിന്ന‌് പുറത്താക്കിയ ആളെ വൈസ് ചെയർമാനാക്കാൻ മുൻകൈ എടുത്തത് എം എല്‍ എയാണ്.

വൈസ് ചെയർമാൻ സ്ഥാനം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗ് കൗൺസിലർമാരെയും അന്നു ത‍ഴഞ്ഞു. ചെയർപേഴ്സൺ സ്ഥാനമാകട്ടെ കോൺഗ്രസിലെ ഐ ഗ്രൂപ്പുകാരിക്കും പങ്കിടാമെന്ന കരാറും ഉണ്ടാക്കി.

ക‍ഴിഞ്ഞ ഒമ്പതിന് ആറുമാസം തികഞ്ഞ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണം വമ്പിച്ച പരാജയമാണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. എൽഡിഎഫ് ഭരണസമിതി നടപ്പാക്കിത്തുടങ്ങിയ പദ്ധതികളൊന്നും തുടക്കം കുറിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

തെങ്ങോട് പട്ടികജാതി വിഭാഗക്കാർക്കുള്ള ഫ്ലാറ്റ് സമുച്ചയ നിർമാണം, കാക്കനാട് പൊതുമാർക്കറ്റ്, അംബേദ്കർ – അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രം.

ഷോപ്പിങ‌് കോപ്ലക‌്സുകളുടെ നിർമാണം, ലൈഫ്മിഷൻ പദ്ധതിയിൽപ്പെടുത്തി ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി, ഭവനരഹിതർക്കുള്ള പദ്ധതി, നഗരസഭയിലെ പ്രധാന റോഡുകൾ ദേശീയ നിലവാരത്തിലുള്ളതാക്കാനുള്ള ബിഎംബിസി നിർമാണം എന്നിവ സ‌്തംഭനാവസ്ഥയിലാണ്.

മേയിൽ പൊതുതെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെ പദ്ധതികൾ ഡിസംബർ 31നുമുമ്പ‌് സമർപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടെങ്കിലും വാർഡ് സഭകൾപോലും ചേർന്നിട്ടില്ല.

സംസ്ഥാന സർക്കാർ നിർദേശിക്കുന്ന പദ്ധതികൾ രാഷ‌്ട്രീയ വിവേചനത്തിന്‍റെ പേരിൽ മാറ്റിവയ‌്ക്കുകയാണ്. യുഡിഎഫ് ഭരണം തൃക്കാക്കരയെ പ്രതിസന്ധിയിലാക്കിയെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here