കൊലപാതകങ്ങൾ കൊണ്ട് വീട്; മൃതദേഹങ്ങൾ കൊണ്ട് ചിത്രങ്ങൾ; ലാർസ് വോൺ ട്രയർ സിനിമയ്ക്കു മുന്നിൽ മരവിച്ചിരുന്ന് ഗോവ

2009 ൽ ലാർസ് വോൺ ട്രയറുടെ ആന്റി ക്രൈസ്റ്റ് തിരുവനന്തപുരത്ത് ഐഎഫ്എഫ് കെയിൽ പ്രദർശിപ്പിച്ചത് ഓർക്കുകയാണ്. ആളുകൾ നിറഞ്ഞു കവിഞ്ഞ് തീയറ്ററിൽ സൂചി കുത്താൻ പോലും ഇടമില്ലാതെയാണ് അന്ന് സിനിമ പ്രദർശിപ്പിച്ചത്. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് സിനിമയ്ക്ക് പല പ്രദർശ്ശനങ്ങൾ വരെയുണ്ടായി. രൂക്ഷമായ ലൈംഗികതയുടെയും ഹിംസയുടെയും അനിയന്ത്രിതമായ ആവിഷ്കാരമായ സിനിമ അന്ന് കാണികൾ വീർപ്പടക്കിയിരുന്നാണ് കണ്ടത്. കലാധാർമികതയെക്കുറിച്ചും കാണികളുടെ ലൈംഗീകാനുഭവ ദാരിദ്യത്തെക്കുറിച്ചും വരെ വലിയ ചർച്ച നടന്നു. സംവിധായകന്റെ പേര് ലാർസ് വോൺ ട്രയറല്ല ഒരു തമാശക്ക് ലാർസ് ‘പോൺ’ ട്രയറെന്ന് തിരുത്തിയാലും തെറ്റാവില്ലെന്ന് ഈ ലേഖകൻ തന്നെ എഴുതിയതും ഓർത്തു പോവുന്നു.

എന്തായാലും നമ്മുടെ സാമാന്യ ചിന്തയുടെയും ബോധത്തിന്റെയും യുക്തിയുടെയും സകല സീമകളും ലംഘിക്കപ്പെട്ടു ആന്റി ക്രൈസ്റ്റിന് മുന്നിൽ. ഒരു ദുസ്വപ്നം പോലെ സിനിമ കണ്ടിറങ്ങി ഒരു ദശകം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ ഓർമ്മയെയും ശല്യപ്പെടുത്തുന്നൊരു സ്വാധീനമാണതെന്ന് പറയേണ്ടതില്ല. ഒരു പക്ഷേ സംവിധായകൻ ഉദ്ദേശിച്ചതും അതുതന്നെയാകും.

ലൈംഗീക ബന്ധത്തിൽ മുഴുകിയിരിക്കെ കെട്ടിടത്തിൽ നിന്ന് വീണ് കുഞ്ഞ് മരിക്കുന്നതും അതിന്റെ കുറ്റബോധത്തിൽ ക്രൂരവും രക്തരൂക്ഷിതമായ ലൈംഗീകതയിലേക്ക് തന്നെ ദമ്പതികൾ സ്വയം ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വിഭ്രാന്തകരമായൊരു ജീവിതാവസ്ഥയായിരുന്നു ആന്റി ക്രൈസ്റ്റിലെ പ്രതിപാദ്യം. ലിംഗ ഛേദം വരെയെത്തുന്ന ആത്മ പീഡനാനന്ദത്തിന്റെ അങ്ങേയറ്റമാണ് ആന്റി ക്രൈസ്റ്റങ്കിൽ പര പീഡന പരതയുടെ പരകോടിയായാണ് ട്രയറുടെ പുതിയ സിനിമ ‘ദി ഹൗസ് ദാറ്റ് ജാക്ക് ബിൽട്ട്’ നമുക്ക് മുന്നിലെത്തുന്നത്.

ആന്റി ക്രൈസ്റ്റിന്റെ ചുവട് പിടിച്ച് അതേ ലൈംഗിക വിഭ്രാന്തിയുടെ രണ്ടാം ഭാഗം പോലെ 2014ൽ നിംഫോമാനിയാക്കും ഗോവൻ തിരശ്ശീലയെ സ്തംഭിപ്പിക്കുകയുണ്ടായി. ഇപ്പാൾ അവിടെ നിന്ന് നാലു വർഷത്തിന് ശേഷമാണ് ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ ഈ വിവാദ സംവിധായകന്റെ സിനിമ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ലണ്ടനിൽ ജീവിച്ച കുപ്രസിദ്ധ സീരിയൽ കില്ലറായിരുന്ന റിപ്പർ ജാക്കിന്റെ ജീവിതകഥയെ അവലംബിച്ചാണ് ലാർസ് വോൺ ട്രയറിന്റെ സിനിമയെങ്കിലും ചരിത്രവും ജീവിതവും കല്പിതങ്ങളുമെല്ലാം ചേർന്നൊരു ആവിഷകാരമായാണ് സിനിമ വികസിക്കുന്നത്. ലണ്ടനിലെ ദരിദ്രമായ വേശ്യാത്തെരുവുകളിലും വൈറ്റ് ചാപ്പലിലും കൊലപാതക പരമ്പരകൾ നടത്തിയ റിപ്പർ ജാക്കിന്റെ ജീവിതം സിനിമയാക്കാൻ നേരത്തെ ആൽഫ്രഡ് ഹിച്ച്ക്കോക്ക് ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറ്റവാളി ജീവിതമായ ജാക്കിനെക്കുറിച്ച് ഹിച്ച്കോക്കിന് നടക്കാതെ പോയ സ്വപ്നമാണ് വേറൊരു ഭ്രാന്ത യാഥാർത്ഥ്യമായി ലാർസ് വോൺ ട്രയർ ആവിഷ്ക്കരിക്കുന്നത്.

ഒരു ആർക്കിടെക്റ്റെന്ന നിലയിൽ പരാജിതനായ ജാക്ക് കല്ലിലോ മരത്തിലോ അല്ല മൃതദേഹങ്ങൾ കൊണ്ടാണ് വീടുണ്ടാക്കുന്നത്. മനുഷ്യമാംസത്തിലും രക്തത്തിലുമാണ് ചിത്രം വരക്കുന്നത്. അഞ്ച് സംഭവ ങ്ങളിലായി കൊലപാതകത്തിന്റെ അഞ്ച് വിശദ പ്രതിപാദ്യം തന്നെയാണ് സിനിമ. അസാധാരണമായ മാനസ്സിക ശക്തിയാർജിച്ച് നിർത്താതെ സിനിമ കണ്ടിരിക്കൽ തന്നെ അസാധ്യമാണ്.

അതി ഭീകരമാണ് ജാക്കിന്റെ കൊലപാതകൾ. കൊലക്കത്തിയുടെ കണ്ണും മനസ്സുമാണ് അയാൾക്ക്. അയാളുടെ കണ്ണിലൂടെയുള്ള കാഴ്ചയാണ് സിനിമ. മരുന്നിന് പോലും അവിടെ കാരുണ്യമില്ല. കുടുംബത്തോടൊപ്പമുള്ള ഒരു മനോഹരമായ യാത്രയിൽ അയാൾ തന്റെ രണ്ട് കുഞ്ഞുങ്ങളെയും വെടിവെച്ചു കൊല്ലുന്നത് ഭാര്യക്ക് മുന്നിൽ വെച്ചു തന്നെയാണ്. കണ്ടിരിക്കാനാവില്ല അത്. പിന്നീടയാൾ ഭാര്യയെയും കൊല്ലുന്നു. കാമുകിയെ കൊന്ന് മാറിടത്തിൽ ചിത്രം വരച്ച് അരിഞ്ഞെടുക്കുന്നു. കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു. വഴിയാത്രക്കാരിയെയും തോന്നുന്നവരെയെല്ലാം കൊന്ന് മൃതദേഹങ്ങളിൽ കലാസൃഷ്ടി നടത്തി സൂക്ഷിക്കുന്നു. അയാളുടെ മനസ്സു മരവിച്ചു പോയ ബാല്യത്തിലേക്കെല്ലാം സിനിമ കടന്ന് പോകുന്നുണ്ട്. സിനിമ അവസാനിക്കുന്നതും അതിക്രൂരനായ ജാക്കിന്റെ അതി ക്രൂരമായ മരണത്തിലാണ്. എവിടെയും പശ്ചാത്താപത്തിന്റെ ഒരു ലാഞ്ചനയുമില്ല. മനുഷ്യത്വത്തിലേക്ക് ഒരിക്കലും മനം മാറ്റവുമില്ല. വേറൊരു ജീവിതം. വേറെ തന്നെ ഒരു ആവിഷ്കാരം അങ്ങനെ അവസാനിക്കുന്നു.

ലാർസ് വോൺ ട്രയറുടെ ജാക്കിന്റെ വീട് കഴിഞ്ഞ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചപ്പോൾ നാടകീയമായ രംഗങ്ങളാണ് ഉണ്ടായത്. സിനിമയിലെ അതിക്രൂര കൊലപാതക രംഗങ്ങളിൽ പ്രതിഷേധിച്ച് നിരവധി പേർ തീയറ്റർ ബഹിഷ്കരിച്ചു. കുഞ്ഞുങ്ങളെ കൊല്ലുന്നതാണോ കലയും വിനോദവുമെന്ന് ചോദിച്ച് അൽ ജസീറ ചാനലിന്റെ ലേഖിക പൊട്ടിത്തെറിച്ചു. കൊലപാതകമല്ല കലപാതകവുമാണ് ഈ സിനിമയെന്നും ഈ നൂറ്റാണ്ടിലെ ചലച്ചിത്രകലയിലെ തന്നെ വലിയ പാതകമെന്ന് വരെ വിമർശ്ശനമുണ്ടായി.
ഗോവയിലും വലിയൊരു നിര പ്രക്ഷകർ മരവിച്ചിരുന്നാണു് സിനിമ കണ്ടത്. കാഴ്ച താങ്ങാനാവാത്തവർ ഇറങ്ങിപ്പോയി.

കൊലപാതകം ആനന്ദമാകുന്ന വ്യക്തികളെക്കുറിച്ചല്ല, ഭരണകൂടങ്ങളുടെ തന്നെ കൊലപാതകാനന്ദങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നതെന്ന ഒരു വ്യാഖ്യാന സാധ്യത ഈ സിനിമയ്ക്കുണ്ട്. വ്യക്തിയിലെയും സമൂഹത്തിലെയും ഫാസിസ്റ്റാണ് പ്രതിസ്ഥാനത്ത്. ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പുകളുടെയെല്ലാം ആനുഷംഗിക പരാമർശവും സിനിമയിലുണ്ട്. അതി രൂക്ഷമായ യഥാർത്ഥ്യത്തെ അതിരൂക്ഷമായി തന്നെ പറയുന്നു എന്നതാണ് അതിന്റെ ഞെട്ടിപ്പിക്കുന്ന മികവ്. രണ്ടര മണിക്കൂർ നേരം കാഴ്ചക്കാരും കോൺസൻട്രേഷൻ ക്യാമ്പിലെന്ന പോലെ തീയറ്ററിൽക്കുടുങ്ങിപ്പോയ അനുഭവമാണത്. ഗോവയിലെ വേറൊരു കാഴ്ചാനുഭവം തന്നെയാണ് ലാർസ് വോൺ ട്രയറുടെ ‘ദി ഹൗസ് ദാറ്റ് ജാക്ക് ബിൽട്ട്’.

കിം കി ദുക്ക് കഴിഞ്ഞാൽ മലയാളികൾക്ക് ഏറ്റവും സുപരിചിതനായ സംവിധായകനാണ് ലാർസ് വോൺ ട്രയർ. ആധുനിക സിനിമ മാസ്റ്റർമാരിൽ പ്രമുഖനാണ് അദേഹം. ഡാൻസർ ഇൻ ദി ഡാർക്ക് എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് നേരത്തെ കാനിലെ പാംഡി ഓർ പുരസ്കാരം ലഭിച്ചിരുന്നു. ഇരുട്ടിലെ നർത്തനം തന്നെയാണ് ഒരർത്ഥത്തിൽ ലാർസ് വോൺ ട്രയറുടെ എല്ലാ ചിത്രങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News