വിദേശത്തുനിന്ന് തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്ക് നല്‍കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡൽഹി: വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടും വ്യക്തമാക്കി.

15 ദിവസത്തിനകം കള്ളപ്പണത്തിന്റെ വിശദവിവരങ്ങൾ നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം തള്ളിയാണ് പി.എം.ഒ. നിലപാട് ആവർത്തിച്ചത്.

അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകൾ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയുദ്ധരിച്ചാണ് നടപടി.

വിവരാവകാശപ്രവർത്തകനും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുർവേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ തേടിയത്.

2014 ജൂൺ ഒന്നുമുതൽ ഇതുവരെ സർക്കാർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.

വിവരാവാകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ആദ്യവട്ടം പി.എം.ഒ. അപേക്ഷ തള്ളി. തുടർന്നാണ്, ചതുർവേദി കേന്ദ്രവിവരാവകാശ കമ്മിഷനെ സമീപിച്ചത്.

കള്ളപ്പണം സംബന്ധിച്ച മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം സഞ്ജീവിന് നൽകണമെന്ന് ഒക്ടോബർ 16-ന് മുഖ്യ വിവരാവകാശ കമ്മിഷൻ നിർദേശിച്ചു.

കള്ളപ്പണത്തെക്കുറിച്ച് പ്രത്യേകാന്വേഷണസംഘം അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പി.എം.ഒ. ചതുർവേദിക്കുള്ള മറുപടിയിൽ വ്യക്തമാക്കി.

കേന്ദ്രമന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങൾ തേടിയുള്ള ചതുർവേദിയുടെ മറ്റൊരു അപേക്ഷയും പി.എം.ഒ. അടുത്തിടെ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel