കല കൊണ്ടു മുറിവുണക്കാനൊരുങ്ങി രാജ്യാന്തര ചലച്ചിത്രമേള; 72 രാജ്യങ്ങള്‍; 160ലധികം ചിത്രങ്ങള്‍

പ്രളയം ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവനപാഠമൊരുക്കി രാജ്യാന്തര ചലച്ചിത്രമേളയില്‍ 160 ലധികം ചിത്രങ്ങള്‍.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ‘ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ്’ ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

മെല്‍ ഗിബ്‌സണിന്റെ ‘അപ്പോകാലിപ്‌റ്റോ’, ജയരാജിന്റെ ‘വെള്ളപ്പൊക്കത്തില്‍’, ഫിഷര്‍ സ്റ്റീവന്‍സിന്റെ ‘ബിഫോര്‍ ദി ഫ്‌ളഡ്’, ‘മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം’ തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം.

ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളടക്കം 160 ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.

അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്‌സണസ് റോസസ്’, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ ‘വിഡോ ഓഫ് സൈലന്‍സ്’ എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടി.

ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്‌സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

‘റിമെംബെറിങ് ദി മാസ്റ്റര്‍’ വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പ്രമുഖ മലയാള സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റൈ ആറ് ചിത്രങ്ങള്‍ റെട്രോസ്‌പെക്ടറ്റീവ് വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മായാനദി, ബിലാത്തിക്കുഴല്‍ , ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ 7 മുതല്‍ 13 വരെ നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News