മധ്യപ്രദേശില്‍ പരസ്യപ്രചാരണം അവസാനിച്ചു; നിശബ്ദപ്രചാരണം ശക്തം

ദില്ലി: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ നിശബ്ദപ്രചാരണം ശക്തമായിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ നാളെ വിധിയെഴുതും. ബിജെപിയ്ക്കെതിരെ ഭരണവിരുദ്ധ വികാരം മധ്യപ്രദേശില്‍ ശക്തമാണ്. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധിയും സംഘവും.

കര്‍ഷക പ്രതിഷേധം ശക്തമായി തുടരുന്ന മധ്യപ്രദേശില്‍ ഗ്രാമപ്രദേശം കോണ്‍ഗ്രസിനും നഗരങ്ങള്‍ ബിജെപിയ്ക്കും അനുകൂലമാവുമെന്നാണ് കണക്കുകള്‍. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് മനസ്സിലാക്കിയ ബിജെപി, സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലേ സുക്ഷ്മതയോടെയായിരുന്നു നീങ്ങിയത്. ഇതിന്റെ ഉത്തമ ഉദാഹരണമായിരുന്നു സ്ഥാനാര്‍ഥി പട്ടികയിലെ അടിമുടി മാറ്റം.

230 സീറ്റുകളുള്ള മധ്യപ്രദേശില്‍ മന്ത്രിമാരുള്‍പ്പെടെ സിറ്റിങ് എം.എല്‍.എമാരില്‍ 64 പേരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ ആദ്യ തന്ത്രം. സംസ്ഥാനത്ത് 10 റാലികളില്‍ നരേന്ദ്ര മോദി പങ്കെടുത്തപ്പോള്‍ പ്രചാരണത്തിന്റെ അവസാന ദിനം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ധര്‍ മണ്ഡലത്തിലും ഇന്‍ഡോറിലും പങ്കെടുത്തു.

ഒടുമിക്ക മണ്ഡലങ്ങളിലും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ഒറ്റക്കാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധ വികാരവും കര്‍ഷകരോഷവും റഫാല്‍ കരാറും നോട്ടു നിരോധനവും മുതലെടുക്കാന്‍ സാധിച്ചുവെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണരംഗത്ത് സജീവമായിരുന്നെങ്കിലും മുതിര്‍ന്ന നേതാവ് ദ്വിഗ്വിജയ് സിങ്ങും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലെ അഭിപ്രായഭിന്നതകള്‍ മധ്യപ്രദേശില്‍ ചര്‍ച്ചയാവുന്നുണ്ട്.എന്നാല്‍ അയോധ്യ വിഷയം ആളി കത്തിച്ച് വോട്ടാക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്.എസിന്റെയും ബിജെപിയുടെയും പ്രതീക്ഷ.

പക്ഷെ ബിജെപി പാളയത്തിലെ നേതാക്കന്‍മാരുടെ കൊഴിഞ്ഞ് പോക്ക് വോട്ട് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.53 വിമത സ്ഥാനാര്‍ഥികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചെങ്കിലും ഇത് തിരിച്ചടിയാവുമെന്ന് ബിജെപിയ്ക്ക് തന്നെ ബോധ്യമുള്ള കാര്യമാണ്. സീറ്റ് കിട്ടാത്തതില്‍ നിരാശരായവര്‍ പ്രചാരണത്തിനിറങ്ങാത്തതും ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.

മുന്‍ മന്ത്രിമാരായ രാമകൃഷ്ണ കുസ്മരിയ, കെഎല്‍ അഗര്‍വാള്‍, മൂന്ന് മുന്‍ എംഎല്‍എമാര്‍, ഒരു മുന്‍ മേയര്‍ എന്നിവരും ബിജെപി പുറത്താക്കിയവരില്‍പ്പെടും.

അതേസമയം, 12 സീറ്റുകളില്‍ കോണ്‍ഗ്രസിനെയും വിമതരുടെ ശല്യം അലട്ടുന്നുണ്ട്. ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് പ്രതിപക്ഷം. സിഡംബര്‍ പതിനൊന്നിനാണ് വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News