
നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്.
ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8കോടി കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയില്‍ വിജയകരമായി ഇറങ്ങിയത്. ഇന്റീരിയര്‍ എക്സ്പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നതിന്റെ ചുരുക്കമാണ് ഇന്‍സൈറ്റ്.
ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. 2018മെയ് അഞ്ചിന് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയില്‍ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തില്‍ സജ്ജമാണ്. ഇന്‍സൈറ്റിന് ഏകദേശം 358 കിലോ ഭാരമുണ്ട്.
സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ചൊവ്വയിലെ ഭൂചലനം സംബന്ധിച്ച കൃത്യമായ അറിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചൊവ്വ എത്രമാത്രം ഭൂകമ്പബാധിതമാണെന്ന് കണ്ടെത്തുക എന്നത് ഇന്‍സൈറ്റിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാന്‍ഡറാണിത്.
ഫ്രഞ്ച് സ്പെയ്സ് ഏജന്‍സി നിര്‍മിച്ച സീസ്മോമീറ്ററാണ് ലാന്‍ഡറിലുള്ള പ്രധാന ഉപകരണം. റോബട്ടിക് കൈ ഉപയോഗിച്ചായിരിക്കും സീസ്മോമീറ്ററിനെ ചൊവ്വയുടെ പ്രതലത്തിലേക്ക് എടുത്തുവയ്ക്കുക. പോളിഷ്, ജര്‍മന്‍ ഏജന്‍സികള്‍ സംയുക്തമായി നിര്‍മിച്ചസെല്‍ഫ്-ഹാമറിങ് പ്രോബ് ആണ് ലാന്‍ഡറിലെ മറ്റൊരു ഉപകരണം.
ഉപരിതലത്തില്‍നിന്ന് 10 മുതല്‍ 16 വരെ അടി താഴേയ്ക്കു കുഴിക്കാനുള്ള കഴിവ് ഇതിനുണ്ട്. 2030ല്‍ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇന്‍സൈറ്റിന്റെ വിക്ഷേപണമെന്ന് നാസ വ്യക്തമാക്കി. 26 മാസമാണ് (ചൊവ്വയിലെ ഒരു വര്‍ഷം) ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലാവധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here