അജ്മീർ സ്ഫോടന കേസിൽ പിടിയിലായ സുരേഷ് നായര്‍ സംഘപരിവാർ പ്രവര്‍ത്തകന്‍; ചെറുപ്പം മുതല്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍; സ്ഥിരീകരിച്ച് സുഷമ

അജ്മീർ സ്ഫോടന കേസിൽ പിടിയിലായ സുരേഷ് നായരുടെ സംഘപരിവാർ ബന്ധം സ്ഥിരീകരിച്ച് സഹോദരി. സുരേഷ് ഗുജറാത്തിൽ ബി ജെ പി പ്രവർത്തകൻ ആയിരുന്നുവെന്ന് സഹോദരി സുഷമ. സംഘ പരിവാർ നിയന്ത്രണത്തിലുള്ള സ്കൂൾ ജീവനക്കാരനായിരുന്നു ഇയാളെന്നും സുഷമ പറഞ്ഞു.

അജ്മീര്‍ ദര്‍ഗ സ്‌‌‌ഫോടന കേസില്‍ അറസ്റ്റിലായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷ് നായര്‍ ചെറുപ്പം മുതല്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. സുരേഷ് ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും ഗുജറാത്തിലാണ്.

2010 ൽ ഒളിവിൽ പോകുന്നത് വരെ ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകൂറിലെ സ്‌‌‌കൂളില്‍ ജീവനക്കാരനായിരുന്നു. ഈ സ്‌‌‌കൂളിന് സംഘപരിവാർ ബന്ധമുണ്ടെന്നും സഹോദരി സുഷമ പറഞ്ഞു.

സുഷമയുടെ വിവാഹത്തിൽ പങ്കെടുക്കാനായി 22 വർഷം മുമ്പാണ് സുരേഷ് നാട്ടിലെത്തിയത്. ഒളിവിൽ പോയ ശേഷം ഗുജറാത്തിൽ നിന്നുള്ള അന്വേഷണ സംഘം നിരവധി തവണ സുരേഷിനെ അന്വേഷിച്ച് വീട്ടിൽ വന്നതായും സുഷമ പറഞ്ഞു. അമ്മയും സഹോദരനും ഗുജറാത്തിലാണ് താമസം.

സുരേഷ് പിടിയിലായ വിവരം അവരാണ് വിളിച്ച് അറിയിച്ചത്. ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ സുരേഷ് നായർ ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പരിശീലന ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയതായി അന്വേഷണ സംഘത്തിന് വിവരമുണ്ട്.

2007 ലെ അജ്മീർ സ്‌ഫോടനത്തിനായി ബോംബ് കൊണ്ടുവന്ന കാറിലെ തെളിവുകളാണ് സുരേഷിനെ കുടുക്കിയത്. സുരേഷ് നായര്‍ ബറൂച്ചില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News