തെക്കൻ ഈജിപ്തിലെ ലക്‌സോറിലാണ് 3000ത്തിലേറെ വർഷം പഴക്കമുള്ള മമ്മി പര്യവേക്ഷണങ്ങള്‍ക്കായി തുറന്നത്.
പ്രാചീനകാലത്തെ ശിലാനിര്‍മ്മിതമായ ശവപ്പെട്ടിയിലടക്കം ചെയ്തിരുന്ന മമ്മി ഇതാദ്യമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നത്.
സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലിൽ പൊതിഞ്ഞ മൃതദേഹം ദോഷമറ്റ നിലയിലാണ് കണ്ടെത്തിയത്. തുയ എന്ന് പേരിട്ടിരിക്കുന്ന മമ്മിയാണ് പര്യവേഷണങ്ങൾക്ക് വേണ്ടി തുറന്നത്.
ബിസി 13ാം നൂറ്റാണ്ടിലെ ഫറവോമാരുടെ കാലഘട്ടത്തിലെ മമ്മിയാണിതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ഈജിപ്തിലെ പതിനേഴാം രാജവംശകാലത്തെതാണിതെന്ന് ഈജിപ്ത് ആന്‍റിക്വിറ്റീസ് മന്ത്രി ഖാലദ് അല്‍ അനാനി പറഞ്ഞു.
ഫറോവമാരുടെയും കൊട്ടാര പ്രമുഖരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ശവകുടീരങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്ന് തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട ഉയര്‍ന്ന സ്ത്രീയുടേതാകാം ഈ മമ്മിയെന്നാണ് നിഗമനം.
ഫ്രാൻസിൽ നിന്നുള്ള ഗവേഷകരുടെ സംഘം അഞ്ചു മാസംനീണ്ട പര്യവേക്ഷണത്തിനൊടുവിലാണ് 300 മീറ്റർ മണ്ണ് നീക്കം ചെയ്ത് ഈ പ്രദേശത്ത് നിന്ന് മമ്മികൾ കണ്ടെത്തിയത്.
ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു. അസ്ഥികൂടങ്ങളും തലയോടങ്ങളും ആയിരത്തിലേറെ ശില്‍പ്പങ്ങളും പ്രതിമകളും ഇവിടെ കണ്ടെത്തിയിരുന്നു.
ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശിൽപങ്ങളും കളിമണ്‍ രൂപങ്ങളും അടക്കം ചെയ്യുന്നത് മരണാനന്തര ജീവിത കാലത്ത് മരിച്ചവരെ സേവിക്കാനാണെന്നാണ് ഈജിപ്ത്യന്‍ വിശ്വാസം.

Get real time update about this post categories directly on your device, subscribe now.