എത്ര വോട്ട് കിട്ടും, എത്ര സീറ്റു കിട്ടുമെന്ന് നോക്കി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം; വോട്ട് പോകുമെന്ന് കരുതി അഭിപ്രായം പറയാതെ മാളത്തില്‍ പോയിരിക്കുന്ന പ്രസ്ഥാനമല്ല ഇത്; കോടിയേരി ബാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കേരളത്തില്‍ കലാപത്തിനൊരുങ്ങുന്ന സംഘപരിവാറുകള്‍ക്കെതിരെ രംഗത്തുവരാന്‍ പോകുന്നത് ഭക്തന്മാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പട്ടികജാതി ക്ഷേമസമിതി സംസ്ഥാനകമ്മിറ്റി നേതത്വത്തില്‍ ‘മനുസ്മൃതിയിലേക്ക് മടക്കമില്ല’ എന്ന പ്രഖ്യാപനത്തോടുകൂടി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ശബരിമലയില്‍ പോകുന്നവരെയെല്ലാം സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ കിട്ടുമെന്ന് ആര്‍എസ്എസ്‌കാര്‍ കരുതേണ്ട. ചിലര്‍ ചോദിക്കുന്നുണ്ട് വിശ്വാസികള്‍ എതിരാകില്ലേയെന്ന്. എത്ര വോട്ട് കിട്ടും എത്ര സീറ്റു കിട്ടും എന്ന് നോക്കി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം.

നിലപാടെടുത്താല്‍ വോട്ട് പോകും എന്നു കരുതി അഭിപ്രായം പ്രകടിപ്പിക്കാതെ മാളത്തില്‍ പോയിരിക്കുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി.

ഷബാനു ബീഗം കേസിലും പിന്നോക്ക സംവരണ കേസിലും സുപ്രീംകോടതി വിധികളില്‍ സിപിഐഎം എടുത്ത നിലപാടുകള്‍ വ്യക്തമാണ്. ആ കാലഘട്ടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടി.

അതുപോലെ ഇപ്പോള്‍ എല്‍ഡിഎഫ് എടുത്ത നിലപാടില്‍ കൂടിയായിരിക്കും സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ പോകുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും നേടാന്‍ സാധിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങിക്കെണ്ടിരിക്കുന്നത്.

ക്ഷേത്ര പ്രവേശന വിളംബരം കേരളത്തില്‍ നടന്ന ഏറ്റവും വലിയ സാമൂഹ്യപരിഷ്‌കരണമായിരുന്നു. അതില്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കുന്ന നടപടിയാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പിന്നോക്ക, പട്ടിക ജാതിയില്‍പ്പെട്ടവരെ പൂജാരിമാരാക്കാന്‍ എടുത്ത തീരുമാനം.

ആര്‍എസ്എസ് ശബരിമലയെ ഹിന്ദുത്വ ക്ഷേത്രമാക്കി അവരുടെ നേതൃത്വത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിനായി ഈ നാട്ടില്‍ തകര്‍ന്നടിഞ്ഞ ജാതി മേധാവിത്വവും ബ്രാഹ്മണമേധാവിത്വവും സ്ഥാപിക്കാനുള്ള ശ്രമമാണ്. മനുസ്മൃതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളില്‍ നിന്ന് പിന്നോക്കകാരെ ഒഴിവാക്കുന്നത്. അതിന് ശബരിമലയെ ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്.

കേരളത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കൊന്നും ഒരു സഹായവും ചെയ്യാത്ത സംഘപരിവാറുകള്‍ അവയെല്ലാം പരാജയപ്പെടുത്താന്‍ സ്ത്രീകളെ ഇറക്കിയിട്ടുണ്ട്. അതു തന്നെയാണ് ശബരിമലയില്‍ നടക്കുന്നത്.

ശബരിമല ക്ഷേത്രം കമ്യൂണിസ്റ്റുകാര്‍ നശിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ തകര്‍ത്ത ഏതെങ്കിലുമൊരു ക്ഷേത്രത്തെപ്പറ്റി പറയാന്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിയുമോ.

പട്ടികജാതി ക്ഷേമസമിതി ഈ പോരാട്ടത്തില്‍ മുന്നില്‍ വരണം. അയ്യാങ്കാളി തുടങ്ങിവച്ച പോരാട്ടം പികെഎസ് ഏറ്റെടുക്കണം. ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റത്തില്‍ ഇടപെടണം. മനുസ്മൃതി നടപ്പാക്കാനുള്ള ശ്രമം കേരളത്തില്‍ നടപ്പാകില്ലെന്ന് പ്രഖ്യാപിക്കേണ്ടത് പട്ടികജാതി, വര്‍ഗ സമൂഹമാണ്.

കല്ലുമാല വലിച്ചെറിഞ്ഞ് പോരാട്ടങ്ങള്‍ക്ക് നേൃത്വം നല്‍കിയതുപോലെ കേരളത്തിലെ പട്ടികജാതി, വര്‍ഗ, പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകളും മറ്റു സമുദായങ്ങളിലെ പാവപ്പെട്ട സ്ത്രീകളും സമരരംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News