സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി; നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കില്ല; ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് ബിജെപി നീക്കങ്ങള്‍

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാട്ടിലെ എല്ലാ സ്ത്രീക്കും ശബരിമലയില്‍ പോകണമെന്ന് സുപ്രീംകോടതി പറഞ്ഞില്ല. ആഗ്രഹം ഉള്ളവര്‍ക്ക് പോകാന്‍ അവകാശമുണ്ട്. സര്‍ക്കാരും അതേ കണ്ടുള്ളൂയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഭക്തരെന്ന നാട്യത്തില്‍ കുഴപ്പക്കാരായ ഒരു വിഭാഗം പ്രശ്‌നമുണ്ടാക്കി. ഭക്തരുടെ വാഹനങ്ങളും മാധ്യമങ്ങളെയും തടഞ്ഞു. ഇത് ലോകതലത്തില്‍ നമുക്ക് അവമതിപ്പുണ്ടാക്കി. അത് തടയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തരെ തടയാനും സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുമാണ് ശബരിമലയില്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ അവര്‍ നേരത്തെ ഗൂഢ പദ്ധതി തയ്യാറാക്കിയിരുന്നു.

ചോര വീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാനായി ഗൂഢനീക്കം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കത്തെ തടയേണ്ട ചുമതല പൊലീസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസികളെ സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘര്‍ഷം സൃഷ്ടിക്കുന്നവരെ അവിടെ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. അക്രമികളെ തടഞ്ഞതു കൊണ്ടണ് ഇപ്പോള്‍ അക്രമം ഉണ്ടാകാത്തത്. ഏറ്റവും സമാധാനമായി ഭക്തര്‍ക്ക് പോകാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇന്നത്തെ സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലമാണ്. ഭക്തരുടെ സുഗമമായ ദര്‍ശനത്തിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here