ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ല; കോണ്‍ഗ്രസിനെ തളര്‍ത്താനായി ബിജെപിയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി

ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കോൺഗ്രസ്സിനെ തളർത്താനായി ബി.ജെ.പിയെ വളർത്താൻ ആഗ്രഹിക്കുന്നില്ല.

സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമാണെന്നും നിരോധനാജ്ഞ ഇപ്പോൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ വികാരത്തിന്‍റെ അളവറിയാതെയുള്ളതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് അരോപിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. തീര്‍ത്ഥാടകരെന്ന വേഷത്തില്‍ കുഴപ്പം കാണിക്കാന്‍ വന്നാല്‍ അനുവദിക്കില്ല.

ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. സംഘർഷ സാധ്യത നിലവിൽക്കുന്നതിനാൽ, ശബരിമലയിലെ നിയന്ത്രണങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ വ്യക്തമാക്കി.

അഡ്ജസ്റ്റ്‌മെന്‍റ് രാഷ്ട്രീയം നടന്നത് അയോധ്യയിലാണ്. അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ് അജ്ഡസ്റ്റ്‌മെന്‍റ് നടത്തിയത്. കോണ്‍ഗ്രസിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി മറുപടി വൽകി.

ശബരിമലയില്‍ ബിജെപി മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനിന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭക്തരുടെ വികാരത്തിന്‍റെ അളവറിയാതെയുള്ളതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയലിന് മുന്നിൽ പ്രതിഷേധിച്ചു.

ഇതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും സ്പീക്കര്‍ റദ്ദാക്കി. മറ്റ് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തെയ്ക്ക് പിരിഞ്ഞു.

ശബരിമല വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനവുമായി എത്തിയ പ്രതിപക്ഷം ചോദ്യോത്തര വേളമുതൽ പ്രതിഷേധമാരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News