അവസാന ദിവസത്തെ ആവേശമായി വുമൺ അറ്റ് വാർ; പോരാടുന്ന സ്ത്രീത്വത്തെ ഉയർത്തിപ്പിടിച്ച് ഐസ്‌ലാന്റിന്റെ ഓസ്ക്കാർ സ്വപ്നം

ലോക സിനിമ ഇതുവരെയും കണ്ടിട്ടില്ലാത്ത പരിസ്ഥിതി ആക്ടിവിസത്തിന്റെ ഏറ്റവും സാഹസീകമായൊരു ജീവിത മാതൃക അവതരിപ്പിക്കുകയാണ് ബെനഡിക്ട് എർലിംഗ്സ്റ്റൺ സംവിധാനം ചെയ്ത വുമൺ അറ്റ് വാർ.

മലയാളികളുടെ സൂപ്പർ താരം കിം കി ദുക്ക് വരെ നിരാശപ്പെടുത്തിയ അവസാന ദിവസത്തിന്റെ ആവേശമാവുകയായിരുന്നു ഈ ഐസ്ലാന്റ് ചിത്രം.

നേരത്തെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം ഐഎഫ്എഫ് ഐയിൽ എത്തിയത് പ്രധാന മേളച്ചിത്രങ്ങളുടെ സമാഹാരമായ ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് വിഭാഗത്തിലാണ്. ഈ വർഷത്തെ ഓസ്കർ പുരസ്കാരത്തിനായി ഐസ് ലാൻറിന്റെ എൻട്രി കൂടിയാണ് ഈ സിനിമ.

ലോകത്തെ ഏറ്റവും മികച്ച സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലൊന്നായാണ് ഐസ്ലാൻറ് അറിയപ്പെടുന്നത്. തൊണ്ണൂറ്റിയൊമ്പത് ശതമാനം പൗരന്മാരും മതത്തിൽ വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് ഈ രാജ്യത്തിന്റെ മികവ്.

കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനങ്ങളുമെല്ലാം ലോകത്ത് ഏറ്റവും കുറഞ്ഞ നാട്. മതങ്ങളാണ് ലോകത്ത് എല്ലാ കലാപങ്ങൾക്കും കാരണമെന്ന് കാണിക്കാൻ ആധുനിക സമൂഹം ഉയർത്തിക്കാണിക്കുന്ന സമാധാന ലോക മാതൃകയാണ് ഐസ് ലാന്റ്.

പോയ കാലത്ത് സോവിയറ്റ് യൂനിയനുമായുണ്ടായ ചാർച്ചയാണ് ഐസ് ലാന്റിന്റെ പുരോഗമന ചിന്തക്ക് നിദാനം. റഷ്യ പോലും വിസ്മരിച്ചു കൊണ്ടിരിക്കുന്ന ലെനിനെ ഏറ്റവും വലിയ പ്രതിമ വച്ച് ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് ഐസ്ലാന്റ്.

പലതുകൊണ്ടും ഐസ് ലാൻറ് ലോകത്ത് മുതിർന്ന് നിൽക്കുന്ന രാജ്യമായതുകൊണ്ട് തന്നെയാണ് വുമൺ അറ്റ് വാറിന്റെ തീറ്ററിൽ കാണികൾ തടിച്ചു കൂടിയത്.

ഐസ്ലാന്റിന്റെ നാടോടി ഗാനമായ ട്യൂബയുടെ പശ്ചാത്തലത്തിലാണ് ചിത്രം. ഒരു നാടോടിക്കഥ പോലെയാണ് ചിത്രത്തിന്റെ അതി മനോഹരമായ ആവിഷ്കാരവും.

യോഗാഭ്യാസിയും ക്വയർ കണ്ടക്ടറുമായ ഹല്ലയാണ് പ്രധാന കഥാപാത്രം. നാടിനും പ്രകൃതിക്കും ഹാനിയാവുന്ന ഒരു അലുമിനിയം വ്യവസായ കുത്തകയ്ക്കെതിരെ ഗറില്ലാ പോരാട്ടം നടത്തുന്ന ഒരു രഹസൃ ജീവിതം ഹല്ലയ്ക്കുണ്ട്.

പല തവണ അവർ പവർ ലൈനുകൾ സാഹസികമായി തകർക്കുന്നു. പൊലീസിനെയും കബളിപ്പിക്കുന്നു. ഉക്രൈൻ കാരിയായ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് ഹല്ല അമ്മയാകാനൊരുങ്ങുന്ന കാലമാണ്. പക്ഷേ ആ യാത്രയിൽ പിടിക്കപ്പെടുന്നു. എന്നാൽ തന്റെ ഇരട്ട സേഹോദരിയുടെ സഹായത്തോടെ ജയിലിൽ നിന്ന് രക്ഷപ്പെടുന്നു.

ആദ്യന്തം നമ്മെ ആവേശഭരിതമാക്കുന്ന സ്ത്രീ ശക്തിയുടെ പോരാട്ടമാണ് ഈ സിനിമ മുന്നിൽ വയ്ക്കുന്നത്. കമേഴ്സ്യൽ സിനിമയുടെ കളറിലാണെങ്കിലും ത്രില്ലർ സ്വഭാവത്തിൽ ഏറ്റവും കലാത്മകമായ ഫ്രെയിമുകളിലൂടെയാണ് സിനിമ മുന്നേറുന്നത്.

മോഹിപ്പിക്കുന്ന ചാരുതയാണ് ദൃശ്യങ്ങൾക്ക്. കഥാപാത്രങ്ങളും അങ്ങേയറ്റം ആത്മബലമുള്ളവരാണ്. ഓരോ മുഹുർത്തങ്ങളും മുൻ മാതൃകയില്ലാത്തതുമാണ്. ഈ മേളയുടെ ഏറ്റവും മുന്നിൽ നടക്കാൻ ഏറ്റവും യോഗ്യമായ സിനിമ തന്നെയാണ് വുമൺ അറ്റ് വാർ.

ജീവിതം തന്നെ പ്രതിരോധവും യുദ്ധവുമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് വുമൺ അറ്റ് വാർ. അവിടെ സ്ത്രീയുടെ കൂടി സാധ്യതകളുടെ ലോകം തുറന്നിടുകയാണ് സിനിമ.

പ്രകൃതി സ്നഹത്തിനും മനുഷ്യ സ്നേഹത്തിലുമുള്ള സ്ത്രീത്വത്തിന്റെ ഉള്ളടക്കമാണ് സിനിമയുടേത്. ദത്തെടുക്കലുൾപ്പെടെയുള്ള കാരുണ്യത്തിന്റെ സൗന്ദര്യത്തിലേക്കും സിനിമ കൺ തുറപ്പിക്കുന്നുണ്ട്. ഒരു പെൺകുട്ടിയെയാണു ഹല്ല ദത്തെടുക്കുന്നത്. മണ്ണും പെണ്ണും തമ്മിലുള്ള തീവ്ര ബന്ധത്തിന്റെയും കഥയാണ് വുമൺ അറ്റ് വാർ.

മഹാത്മ ഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും ചിത്രങ്ങൾ പ്രതീകാത്മകമായി സിനിമയിൽ തറപ്പിച്ച് നിർത്തിയിട്ടുണ്ട്. വിമോചനത്തിലേക്കും പോരാട്ടത്തിലേക്കുള്ള ഹല്ലയുടെ നിയമ ലംഘന യാത്രയ്ക്കുള്ള പ്രേരണാശക്തി പോലെ. മണ്ടേലയുടെ മുഖം മൂടിയണിഞ്ഞാണ് ഒരു വേള അവളുടെ ഗറില്ലാ ഓപ്പറേഷൻ പോലും.

നിലനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം ഏറ്റവും മനോഹരമായി പറഞ്ഞ സിനിമയാണ് വുമൺ അറ്റ് വാർ. ഓസ്കാർ നോമിനേഷൻ നേടിയ ഈ ചിത്രത്തിന് ആ പുരസ്കാരം എല്ലാവരും ആഗ്രഹിച്ചു പോവും.

ഹല്ലയായി അഭിനയിച്ച ഹാൽ ഡോറയുടെ അഭിനയം ഗംഭീരം. ആ കരുത്താർന്ന വ്യക്തിത്വത്തെ അവർ ഉജ്വലമാക്കി. തീർത്തും വ്യത്യസ്തമായ ഹല്ലയുടെ ഇരട്ട സഹോദരിയാകുന്നതും ഹാൽ ഡോറ തന്നെ.

എന്തായാലും ഈ മേള ബാക്കി വയ്ക്കുന്ന ഏറ്റവും മികച്ച ചലച്ചിത്ര ഓർമ്മകളിൽ ഒന്ന് തന്നെയാകും ബെനഡിക്ട് എ ർലിംഗ്സ്റ്റൺന്റെ വുമൺ അറ്റ് വാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News