സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ ടോള്‍ പരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്. ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

ആഗസ്റ്റിലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 106 അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി എ.എ.വൈ ഒഴികെയുളള എല്ലാ വിഭാഗങ്ങള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈക്കോയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിന് നല്‍കുന്നതാണ്. 

സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.

കോര്‍പ്പറേഷനില്‍ അഞ്ച് സെന്‍റ്, മുനിസിപ്പാലിറ്റിയില്‍ പത്ത് സെന്‍റ്, പഞ്ചായത്തില്‍ ഇരുപത് സെന്‍റ് എന്ന പരിധിക്ക് വിധേയമായാണ് ഈ ഇളവ്. ഒരാള്‍ക്ക് ഒരു തവണ മാത്രമായിരിക്കും ഇളവ്. 

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സിലെ ഇന്ധന സംവിധാനം എല്‍.പി.ജിയില്‍ നിന്ന് എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുളള പദ്ധതിച്ചെലവ് 6.15 കോടി രൂപയില്‍ നിന്ന് 10.01 കോടി രൂപയായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കി. 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 3 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

1994 ഐ.എ.എസ് ബാച്ചിലെ രാഷേജ് കുമാര്‍ സിഹ്ന, സഞ്ജയ് ഗാര്‍ഗ്, എക്സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. 

1994 ഐ.പി.എസ് ബാച്ചിലെ മനോജ് എബ്രഹാമിനെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 

2001 ഐ.പി.എസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മ്മയെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 

2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്കുമാര്‍ എന്നിവരെ ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 

സംസ്ഥാനത്തെ 32 ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകളിലെ 460 തസ്തികകള്‍ക്ക് 2018 സപ്തംബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. 

കേരള സര്‍വകലാശാലയുടെ സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ബദല്‍ ക്രമീകരണം എന്ന നിലയ്ക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ ഉള്‍പ്പടുത്തി ഒരു സമിതി രൂപീകരിക്കുന്നതിനുളള ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here