കണ്ണൂര്‍: ‘നിയുദ്ധ’പ്രയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുമെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രഖ്യാപനം നിയമ വാഴ്ചയോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം.

ആര്‍എസ്എസ് ശാഖകളില്‍ നിയുദ്ധ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ശാഖകള്‍ പോലീസ് നിരീക്ഷിക്കണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ആര്‍എസ്എസ് ശാഖയിലെ കായിക പരിശീലനത്തിന്റെ കാര്യം ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. ഭീഷണി പ്രസംഗം നടത്തിയ ശോഭ സുരേന്ദ്രനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുക്കുകയും ചെയ്തു.

നിയുദ്ധ എന്ന പേരില്‍ പരിശീലനം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ശാഖകളിലും ഐടിസി, ഒടിസി ക്യാമ്പുകളിലും ആളെ കൊല്ലാനുള്ള പരിശീലനമാണ് നടക്കുന്നതെന്ന് സിപിഐഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ശാഖകളില്‍ നടക്കുന്നത് വ്യക്തിത്വ പരിശീലന ക്ലസ്സുകളാണ് എന്നായിരുന്നു ബിജെപി നേതാക്കളുടെ ന്യായീകരണം.

ആളെ കൊല്ലാനുള്ള ക്ലാസ്സുകളാണ് നല്‍കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ശാഖയില്‍ പരിശീലനം നേടുന്നവര്‍ക്കെതിരെ കേസ് എടുക്കണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.