തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക; കോര്‍പറേറ്റ് സംഭാവനയുടെ മലവെള്ളപ്പാച്ചില്‍ തടയുക; പ്രകാശ് കാരാട്ട് എഴുതുന്നു

അഞ്ച് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഒരു സംസ്ഥാനത്ത് സിപിഐ എമ്മിന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി പണംനല്‍കാന്‍ ചിലര്‍ മുന്നോട്ടുവരികയുണ്ടായി. തെരഞ്ഞെടുപ്പിന് ഫണ്ട് ആവശ്യമായിരുന്നെങ്കിലും ഈ വാഗ്ദാനം സിപിഐ എം സ്വീകരിക്കുകയുണ്ടായില്ല.

സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പ് ബോണ്ടുകള്‍

എന്തുകൊണ്ടാണ് സിപിഐ എം തെരഞ്ഞെടുപ്പ് ബോണ്ടുവഴിയുള്ള സംഭാവന വേണ്ടെന്നുവച്ചത്? സ്വാഭാവികമായും ഇത് വിശദീകരണം അര്‍ഹിക്കുന്നുണ്ട്. മോഡി സര്‍ക്കാര്‍ ആരംഭിച്ച ബോണ്ട് സമ്പ്രദായം വിനാശകരമായതിനാലാണിത്. ഭരണകക്ഷിക്ക് കോര്‍പറേറ്റ് പണം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. സ്വാഭാവികമായും രാഷ്ട്രീയസംവിധാനത്തെ പണച്ചാക്കുകള്‍ക്ക് വിലയ്ക്കുവാങ്ങാന്‍ ഇത് വഴിയൊരുക്കും.

ജനുവരിയിലാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നിലവില്‍ വന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ നല്‍കാനുള്ള അധികാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ബ്രാഞ്ചുകള്‍ക്ക് മാത്രമേയുള്ളൂ. ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്ന ബോണ്ടുകളാണ് ഇങ്ങനെ നല്‍കുന്നത്. ആയിരം, പതിനായിരം, ലക്ഷം, പത്തുലക്ഷം രൂപയുടെ ബോണ്ടുകളാണ് നിലവിലുള്ളത്. പ്രത്യേകമായി ചുമതലപ്പെട്ട എസ്ബിഐ ബ്രാഞ്ചുകളാണ് ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നീ മാസങ്ങളിലെ പത്ത് ദിവസങ്ങളില്‍ ഈ ബോണ്ടുകള്‍ നല്‍കുന്നത്.

ഒരു ബോണ്ടിന്റെ കാലാവധി 15 ദിവസമാണ്. ഇതിനകം സംസ്ഥാനത്തോ ദേശീയതലത്തിലോ ഒരുശതമാനം വോട്ട് ലഭിച്ച, രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ക്ക് ഈ ബോണ്ടുകള്‍ നല്‍കണം. ഈ ബോണ്ടുകള്‍ വഴിയുള്ള പണം ലഭിക്കുന്നതിനായി പ്രത്യേകമായി ചുമതലപ്പെടുത്തിയ എസ്ബിഐ ബ്രാഞ്ചുകളില്‍ പ്രസ്തുത രാഷ്ട്രീയ പാര്‍ടി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അവരുടെ അക്കൗണ്ടിലെത്തിയ ബോണ്ടുകള്‍ ആരാണ് നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ട ബാധ്യത രാഷ്ട്രീയ പാര്‍ടിക്കില്ല. ബോണ്ട് നല്‍കിയ ആള്‍ക്ക് ഏത് രാഷ്ട്രീയപാര്‍ടിക്കാണ് ബോണ്ട് നല്‍കിയതെന്നും വെളിപ്പെടുത്തേണ്ടതില്ല.

കേന്ദ്ര ഭരണകക്ഷിക്ക് കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് ഈ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്ന് വ്യക്തം. ഇതുവഴി കൈക്കൂലിക്കും അഴിമതിക്കും നിയമസാധുത നല്‍കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര ഭരണകക്ഷിയുടെ ആനുകുല്യം നേടാന്‍ കമ്പനികള്‍ വന്‍തുകയാണ് ഇതുവഴി അവര്‍ക്ക് നല്‍കുന്നത്. ഫിനാന്‍സ് ബില്ലിലൂടെ കമ്പനി നിയമത്തില്‍ ഇതിനായി ഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്. കമ്പനികള്‍ അവരുടെ മൂന്നുവര്‍ഷത്തെ ശരാശരി ലാഭത്തിന്റെ 7.5 ശതമാനത്തില്‍ കൂടുതല്‍ തുക രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന നല്‍കരുതെന്ന പരിധിയും എടുത്തുകളഞ്ഞിട്ടുണ്ട്. കമ്പനികള്‍ ഏത് രാഷ്ട്രീയ പാര്‍ടിക്കാണ് പണം നല്‍കുന്നതെന്ന് വെളിപ്പെടുത്തണമെന്ന നിബന്ധനയും ഇപ്പോഴില്ല. ഇതിനര്‍ഥം കമ്പനികള്‍ക്ക് എത്രവേണമെങ്കിലും പണം രഹസ്യമായി രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്‍കാന്‍ കഴിയും.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ അവതരിപ്പിക്കപ്പെട്ട ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി അവകാശപ്പെട്ടത് ഈ സംവിധാനം വഴി കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനാകുമെന്നും അതുവഴി രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള സംഭാവന നല്‍കുന്ന പ്രക്രിയ ശുദ്ധീകരിക്കാന്‍ കഴിയുമെന്നുമാണ്. ഈ അവകാശവാദത്തോളം കപടവും അസത്യവുമായ പ്രസ്താവന മറ്റൊന്നില്ല. സുതാര്യതയാണ് ലക്ഷ്യമെങ്കില്‍ പണദാതാവിന്റെയും അത് ലഭിക്കുന്ന രാഷ്ട്രീയ പാര്‍ടിയുടെയും പേര് വെളിപ്പെടുത്തുകയാണ് വേണ്ടത്.

നിയമാനുസൃതമാകുന്ന വിദേശ കോര്‍പറേറ്റ് സംഭാവന

അജ്ഞാത ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍, കൈക്കൂലിക്ക് നിയമസാധുത നല്‍കുന്നതിനേ സഹായിക്കൂ. നേരത്തേ ഒരു കമ്പനിക്ക് ഒരുകരാര്‍ ലഭിച്ചാല്‍ നിയമവിരുദ്ധമായി കൈക്കൂലി നല്‍കുകയാണ് ചെയ്യാറുള്ളത്. ഇത്തരം കൈക്കൂലികള്‍ നിയമപരമാക്കുകയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ചെയ്യുന്നത്. ഉദാഹരണത്തിന് 1000 കോടി രൂപയുടെ ഒരു പദ്ധതി ലഭിക്കുന്നതിന് 10 ശതമാനം കമീഷനാണ് ഒരു കമ്പനി നല്‍കാന്‍ തീരുമാനിക്കുന്നതെങ്കില്‍ ആ കമ്പനിക്ക് 100 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഭരണകക്ഷിക്ക് നല്‍കാന്‍ കഴിയും. ഇത്തരം സംഭാവനയെക്കുറിച്ച് പൊതുജനത്തിന് അറിയാന്‍ ഒരു മാര്‍ഗവുമില്ലെന്ന് മാത്രമല്ല ഒരു അന്വേഷണ ഏജന്‍സിക്കും ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താനും കഴിയില്ല.

കൈകൂലിക്കും അഴിമതിക്കും നിയമസാധുത നല്‍കുന്നതിനുള്ള വഴികളാണ് മോഡി സര്‍ക്കാര്‍ തുറന്നിട്ടുള്ളത്. ഉദാഹരണത്തിന് റഫേല്‍ കരാറില്‍, ഒരര്‍ഹതയുമില്ലാഞ്ഞിട്ടും അനില്‍ അംബാനിയുടെ കമ്പനിക്കാണ് പങ്കാളിത്ത കരാര്‍ ലഭിച്ചത്. ഈ കരാറിനുള്ള പ്രതിഫലമായി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ബിജെപിക്ക് പണം നല്‍കാനുള്ള സാധ്യതയാണുള്ളത്. കള്ളപ്പണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഈ ബോണ്ടുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്.

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ ആരാലും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു വശം, വിദേശ കമ്പനികള്‍ക്കും അവരുടെ പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ കഴിയുമെന്നതാണ്. 2016 ലെ ഫിനാന്‍സ് ബില്ലിലാണ് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ)ത്തില്‍ മാറ്റം വരുത്തുന്നത്. വിദേശകമ്പനികളുടെ ഇന്ത്യന്‍ അനുബന്ധ കമ്പനികള്‍ നല്‍കുന്ന ഫണ്ട് ഇന്ത്യയില്‍നിന്നുള്ള പണമായി കരുതുമെന്നതായിരുന്നു ഈ ഭേദഗതി. ഇതോടെ വിദേശ കോര്‍പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്‍കുന്ന പണം നിയമാനുസൃതമായി.

ജനപ്രാതിനിധ്യ നിയമത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലും ആദായനികുതി നിയമത്തിലും മറ്റും കൊണ്ടുവന്ന ഭേദഗതികള്‍ ഫിനാന്‍സ് ബില്ലിലുടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഫിനാന്‍സ് ബില്‍ മണിബില്ലായതുകൊണ്ടുതന്നെ ഈ ഭേദഗതികള്‍ രാജ്യസഭയുടെ സൂക്ഷ്മപരിശോധനയുടെയും വോട്ടിങ്ങിന്റെയും പുറത്താണ്.
വന്‍കിടക്കാര്‍ക്ക് വേണ്ടിയുള്ളത്

ഈവര്‍ഷം മാര്‍ച്ചിലാണ് ആദ്യ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍, മെയ്, ജൂലൈ മാസങ്ങളിലും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറപ്പെടുവിക്കപ്പെട്ടു. മൊത്തം 470.8 കോടിയുടെ ബോണ്ടുകളാണ് നല്‍കപ്പെട്ടത്. ഇതില്‍ 99.7 ശതമാനം ബോണ്ടുകളും വാങ്ങിയത് 10 ലക്ഷംരൂപയുടെയും ഒരുകോടി രൂപയുടെയുമായിരുന്നു. ആയിരം, പതിനായിരം രുപയുടെ ഒരു ബോണ്ടുപോലും ഉണ്ടായില്ല. ഇത് കാണിക്കുന്നത് ബോണ്ടുകള്‍ എടുക്കുന്നത് കോര്‍പറേറ്റുകളും വന്‍കിട ബിസിനസുകാരുമാണെന്നാണ്. ഈ പദ്ധതിതന്നെ ഭരണകക്ഷിക്ക് കോര്‍പറേറ്റ് പണം ലഭിക്കുന്നതിനുള്ള ഉപാധിയാണെന്നര്‍ഥം.

ഇതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളെ തുറന്നെതിര്‍ക്കാന്‍ സിപിഐ എം മുന്നോട്ടുവന്നത്. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോര്‍പറേറ്റ് സംഭാവനയ്ക്കും കൈക്കൂലിക്കും വഴിതുറക്കുന്ന ഈ സംവിധാനത്തിനെതിരെ മൗലികമായ എതിര്‍പ്പാണ് സിപിഐ എമ്മിന്റേത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനില്ലെന്നും സംഭാവനയായി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സ്വീകരിക്കേണ്ടതില്ലെന്നും സിപിഐ എം തീരുമാനിച്ചു.

പണദാതാവ് ആരാണെന്ന് അറിയാന്‍ കഴിയും

പകരം സിപിഐ എം പാര്‍ടിഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നത് പരസ്യമായാണ്. നിലവിലുള്ള നിയമമനുസരിച്ച് 20000 രൂപയോ അതില്‍കൂടുതലോ തുക സ്വീകരിക്കുമ്പോള്‍ പണം നല്‍കുന്നയാളുടെ മേല്‍വിലാസവും പാന്‍ നമ്പറും മറ്റു വസ്തുതകളും രേഖപ്പെടുത്തണമെന്നുണ്ട്. ഈ രീതിയിലാണ് പാര്‍ടി സംഭാവനകള്‍ സ്വീകരിക്കുന്നത്. അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമീഷനും സമര്‍പ്പിക്കുമ്പോള്‍ പൊതുജനത്തിന് പണദാതാവ് ആരാണെന്ന് അറിയാന്‍ കഴിയും.

തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിന്റെ ആദ്യപടി തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായവും വിദേശത്തുനിന്നുള്‍പ്പെടെ കോര്‍പറേറ്റ് സംഭാവനയുടെ മലവെള്ളപ്പാച്ചിലിനിടയാക്കിയ ഭേദഗതികളും അവസാനിപ്പിക്കുക ലക്ഷ്യമാക്കിയുള്ളതാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളെ മറയാക്കാതെ ഇതുവഴി ബിജെപിക്ക് സംഭാവന നല്‍കിയവരെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News