പ്രളയ ദുരിതാശ്വാസം; ലഭിച്ച റേഷനും രക്ഷാപ്രവര്‍ത്തനത്തിന് വിമാനം ഉപയോഗിച്ചതിനും കേന്ദ്രത്തിന് പണം നല്‍കേണ്ട സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ലഭ്യമായ തുക തികയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലഭിച്ച തുകയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് റേഷന്‍ ഇനത്തിലും രക്ഷാപ്രവര്‍ത്തനതിന് വിമാനങ്ങള്‍ ഉപയോഗിച്ചതിനും പണം നല്‍കേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുക ഉള്‍പ്പടെ 27.11.2018 വരെ ലഭ്യമായത് 2683.18 കോടി രൂപയാണ്.

ഇതില്‍ ചിലവായ തുക 688.48 കോടി രൂപയും. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്‍.എഫില്‍ നിന്നും 1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 31,000 കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ട്. ചട്ടം മുന്നൂറ് പ്രകാരം മുഖ്യമന്ത്രി സഭയില്‍ വ്യകതമാക്കിയതാണ് ഇക്കാര്യം.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി. എസ്.ഡി.ആര്‍.എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതയുള്ള തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നമ്മുടെ പുനര്‍നിര്‍മ്മാണം എങ്ങനെ നടത്താമെന്ന് സംബന്ധിച്ച ഒരു കാഴ്ചപ്പാട് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ആസൂത്രണത്തിലും നിര്‍മ്മാണത്തിലും വേഗതയും കാര്യക്ഷമതയും ഉള്‍ക്കൊണ്ടുള്ളതാണ് അത്. കേരള പുനര്‍നിര്‍മ്മാണ പദ്ധതി എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.

ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് വേഗം മടക്കിക്കൊണ്ടുവരാനാവുക എന്ന സുപ്രധാനമായ കാഴ്ചപ്പാടും ഇത് മുന്നോട്ടുവയ്ക്കുന്നു.

സമൂഹത്തിലെ എറ്റവും പിന്നോക്കംകിടക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ടുള്ള പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News