അയ്യപ്പഭക്തരുടെ എതിര്‍പ്പ്; ശബരിമലയിലെ പ്രതിഷേധങ്ങള്‍ ബിജെപി അവസാനിപ്പിക്കുന്നു; നടത്തിയ ആക്രമണങ്ങള്‍ തിരിച്ചടിയായതായും വിലയിരുത്തല്‍

പത്തനംതിട്ട: ശബരിമല യുവതിപ്രവേശത്തിനെതിരായ പ്രതിഷേധങ്ങള്‍ ബിജെപി അവസാനിപ്പിക്കുന്നു.

അയ്യപ്പ ഭക്തരും ജനങ്ങളും സമരത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം. സമരത്തിന് ജനപിന്തുണ നഷ്ടമാകുന്നതായും ബിജെപി നേതൃത്വം വിലയിരുത്തുന്നു.

പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്നും ഇനി പ്രതികാത്മക സമരമാണ് നടത്തുകയെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ തിരിച്ചടിയായതായും ബിജെപി വിലയിരുത്തി.

ഇതിന്റെ ഭാഗമായി ഇന്ന് യുവമോര്‍ച്ച നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു.ആചാര സംരക്ഷണമെന്ന പേരില്‍ ഭക്തരെയടക്കം മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് ബിജെപി ശബരിമലയില്‍ അക്രമപരമ്പരകള്‍ സൃഷ്ടിച്ചത്. ഇത് ഭക്തര്‍ക്കിടയില്‍തന്നെ അവമതിപ്പുണ്ടാക്കി.

പൊലീസ് ശക്തമായ നടപടിയെടുത്തതോടെ സമരത്തിന് എത്താനും പ്രവര്‍ത്തകര്‍ മടിച്ചു. ഇതോടെ സമരം അവസാനിപ്പിക്കേണ്ട നിലയിലേക്ക് ബിജെപി തകരുകയായിരുന്നു.

ഭക്തരെ അണി നിരത്തി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് തിരിച്ചറിഞ്ഞതോടെ പലരും സമരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here