കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ വന്‍ കര്‍ഷക മാര്‍ച്ച്. ദില്ലിയിലെ അഞ്ച് ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ച മാര്‍ച്ചില്‍ പതിനായിരണകണക്കിന് കര്‍ഷകര്‍ അണി നിരക്കുന്നു.

രാം ലീല മൈതാനിയില്‍ ഒത്തുചേരുന്ന കര്‍ഷകര്‍ നാളെ പാര്‍ലമെന്റിലേയ്ക്ക് പ്രകടനം നടത്തും. 200 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്‍ഷിക പ്രശ്‌നങ്ങള്‍ അവഗണിച്ച് വര്‍ഗിയ വിഭജനത്തിന് ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ മുന്നറിയിപ്പാണ് ദില്ലിയില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച്. അഞ്ച് ഭാഗങ്ങളിലായി കേന്ദ്രീകരിച്ച കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേയ്ക്ക് പദയാത്ര നടത്തി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഭരത്ഘറില്‍ നിന്നും 24 കിലോമീറ്റര്‍ കാല്‍നടയായി രാം ലീല മൈതാനിയില്‍ എത്തും.ദക്ഷിണേന്ത്യയില്‍ നിന്നുള്ള കര്‍ഷക മാര്‍ച്ച് നിസാമുദീനില്‍ നിന്നുമാണ് ആരംഭിച്ചത്.രാംലീല മൈതാനിയില്‍ ഒത്തു ചേരുന്ന കര്‍ഷക സംഘടനകള്‍ നാളെ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച്.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയാണന്ന് സമരത്തിന് പിന്തുണയുമായി എത്തിയ മേധപട്ക്കര്‍ വിമര്‍ശിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി രാജു ഷേത്തി, കേരളത്തില്‍ നിന്നുള്ള കെ.കെ.രാഗേഷ് എം.പിയും കര്‍ഷകര്‍ക്കായി രണ്ട് സ്വകാര്യ ബില്ലുകള്‍ പാര്‍ലമെന്‍രില്‍ അവതരിപ്പിച്ചിരുന്നു.കിസാന്‍ മുക്തി ബില്ലുകള്‍ എന്നറിയപ്പെടുന്ന ഇവ നിയമയാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെടുന്നു.