ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങി

പരമോന്നത നീതിപീഠത്തിലെ മലയാളി മുഖമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങി. അഞ്ചു വര്‍ഷത്തിലേറെ സുപ്രീംകോടതിയിലെ ജുഡിഷ്യല്‍ സര്‍വീസിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യ മലയാളിയാണ്.

ജഡ്ജുമാര്‍ സഹാനുഭൂതിയോടെ ഭരണഘടന വ്യാഖ്യാനിക്കണം എന്നാലെ സഹാനുഭൂതിയോടെ വിധിയെഴുതാന്‍ സാധിക്കുള്ളുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിടവാങ്ങല്‍ പ്രസംഗത്തിനിടെ വ്യക്തമാക്കി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങില്‍ നിരവധിപ്പേര്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വിപരീത ധ്രുവങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കിലും വ്യക്തിപരമായി അടുത്ത സുഹൃത്തുക്കളാകാന്‍ കഴിഞ്ഞുവെന്ന് ചിഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.  എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളുമായി നില്‍ക്കുന്ന ആളായിരുന്നു കുര്യന്‍ ജോസഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി കണ്ട ഏറ്റവും മികച്ച ജഡ്ജിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തിയാല്‍ ജസ്റ്റിസ് കുര്യന്‍ ഒന്നാം സ്ഥാനത്തു എത്തുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനു പറഞ്ഞു.

മതങ്ങളും ഭാഷയും സംസ്‌കാരവും അടക്കമുള്ള വൈരുധ്യങ്ങള്‍ക്കിടയിലും ഇന്ത്യ ഒന്നാകുന്നത് ഭരണഘടന കാരണമാണ്. ഭരണഘടനയെ വ്യാഖ്യാനിക്കുന്ന ജഡ്ജിമാര്‍ രാജ്യത്തിന്റെ വൈരുദ്ധ്യം മനസില്‍ വയ്ക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

നിയമം പഠിച്ചവരുടെ മൗനമാണ് നിയമം പഠിക്കാത്തവരുടെ ചെയ്തികളെക്കാള്‍ അപകടകരമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൊതു താല്പര്യ ഹര്‍ജികള്‍ എന്ന പേരില്‍ സുപ്രീം കോടതിയില്‍ എത്തുന്ന കേസുകള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഭാരമാകുന്നുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

കോടതിയുടെ സഹായത്തോടെ ഉള്ള തര്‍ക്ക പരിഹാരത്തിനായിരുന്നു തന്റെ സേവന കാലത്തു ശ്രദ്ധ പതിപ്പിച്ചതെന്നും അത് പരിപൂര്‍ണ്ണ സംതൃപ്തി നല്‍കുന്നുവെന്നും കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.സുപ്രീം കോടതിയിലെ ജഡ്ജുമാരും അഭിഭാഷകരും യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്തു.കുരിയന്‍ ജോസെഫിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel