ചന്ദ്രമുഖി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; സംഭവിച്ച കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തും

ഹൈദരാബാദ്: ചൊവ്വാഴ്ച മുതല്‍ കാണാതായ തെലങ്കാനയിലെ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വല വ്യാഴാഴ്ച ബഞ്ജാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

സംഭവിച്ച കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തും എന്നാണ് ചന്ദ്രമുഖിയുടെ അമ്മ അനിതാ മുവ്വല മാധ്യമങ്ങളെ അറിയിച്ചത്. അഭിഭാഷകയ്ക്കും ആക്ടിവിസ്റ്റുകള്‍ക്കുമൊപ്പമാണ് ചന്ദ്രമുഖി ബുധനാഴ്ച രാത്രി പൊലീസ് സ്റ്റേഷനിലെത്തിയത്. ട്രാന്‍സ്‌ജെന്‍ഡറും എല്‍ജിബിടി ആക്ടിവിസ്റ്റുമായ ചന്ദ്രമുഖി ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

ചന്ദ്രമുഖിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയതായും സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും അവര്‍ മോചിതയായിട്ടില്ലെന്നും അഭിഭാഷക വസുധ നാഗരാജന്‍ പറഞ്ഞു.

ചന്ദ്രമുഖി സ്വയം വീടുവിട്ട് പോയെന്ന പൊലീസ് ഭാഷ്യത്തിന് തെളിവായി ചൂണ്ടിക്കാട്ടിയ സിസിടിവി ദൃശ്യങ്ങളിലുള്ളത് തന്റെ മകളല്ലെന്നും അനിതാ മുവ്വല വ്യക്തമാക്കി. ചന്ദ്രമുഖിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ അനിതാ മുവ്വല വസുധാ നാഗരാജന്‍ മുഖേന കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. 24 മണിക്കൂറിനകം ചന്ദ്രമുഖിയെ കണ്ടെത്തി ഹാജരാക്കാന്‍ കോടതി പൊലീസിനോട് ഉത്തരവിട്ടു.

ചന്ദ്രമുഖിയുടെ തിരോധാനത്തെ തുടര്‍ന്ന് അവരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സഹായിക്കാനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളുടെ കൂട്ടായ്മ തെലങ്കാന ഹിജ്ര സമിതിയും സിപിഐഎം നേതൃത്വത്തിലുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് തന്റെ പ്രസംഗത്തിലൂടെ ചന്ദ്രമുഖി നടത്തിയിരുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെയും ശക്തമായ വിമര്‍ശനങ്ങളാണ് ചന്ദ്രമുഖി ഉന്നയിച്ചിരുന്നത്.

ഗോഷാമഹലില്‍ ചന്ദ്രമുഖിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെല്ലാം ക്രിമിനല്‍ റെക്കോഡ് ഉള്ളവരാണെന്നും അവരില്‍ ആരെങ്കിലും തിരോധാനത്തിനു പിന്നില്‍ ഉള്ളതായി സംശയിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറിയും ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് കണ്‍വീനറുമായ തമ്മിനേനി വീരഭദ്രം പറഞ്ഞു.

ഇത്രയും ഭീകരമായ ഒരു സംഭവമുണ്ടായിട്ടും ബിജെപിയും കോണ്‍ഗ്രസും ടിആര്‍എസും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ നിശബ്ദരാണെന്നും പൊലീസ് ചന്ദ്രമുഖിയെ കണ്ടെത്താത്ത പക്ഷം സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കുമെന്നും തമ്മിനേനി പ്രഖ്യാപിച്ചിരുന്നു.

വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. രാജാ സിങ്ങിനെതിരെയുള്ള ചന്ദ്രമുഖിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ആവേശത്തോടെയാണ് തെലങ്കാനയിലെ പൊതുസമൂഹം സ്വീകരിച്ചിരുന്നത്.

ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here