രാമക്ഷേത്ര നിര്‍മാണത്തിനിറങ്ങിയിരിക്കുന്നു സംഘപരിവാര്‍; ആന്റണി ഇവിടെ വന്ന് ശബരിമലയുടെ പേരില്‍ സംഘപരിവാറിന് ശക്തി പകരുന്നു; ഇത് മതനിരപേക്ഷതയുടെ ആണിക്കല്ലിളക്കുന്ന പരിപാടി; കോടിയേരി

ശ്രീരാമനെ വീണ്ടും സംഘപരിവാര്‍ രാഷ്ട്രീയനാമമാക്കിയിരിക്കുകയാണ്. ഒരു പരിഷ്‌കൃത രാജ്യമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയ കറുത്ത ഏടാണ് 1992 ഡിസംബര്‍ 6 ലെ അയോധ്യ സംഭവം.

മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബ്‌റി പള്ളി അന്ന് കാവിപ്പട പൊളിച്ചു. ആ മഹാദുരന്തം ഇന്ത്യയുടെ മനസ്സാക്ഷിയിലേല്‍പ്പിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അപ്പോഴാണ് 26 വര്‍ഷങ്ങള്‍ക്കിടയില്‍ മറ്റൊരു ആപത്ഘട്ടം രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അയോധ്യയെ സംഘര്‍ഷഭരിതമാക്കിയിരിക്കുന്നത്.

പള്ളി പൊളിച്ചിടത്ത് രാമക്ഷേത്രം ഉയര്‍ത്താനും സുപ്രീംകോടതി വിധിക്ക് കാക്കാതെ അതിനായി അക്രമാസക്തമായി ഇറങ്ങാനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കച്ചമുറുക്കിയിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഹിന്ദു ധരം സഭ അയോധ്യയില്‍ നടത്തിയത് അതിന്റെ ഭാഗമാണ്.

നിയമവ്യവസ്ഥയെ മാനിക്കാത്തവര്‍

വര്‍ഗീയഭ്രാന്തിന് എണ്ണയൊഴിക്കാന്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാരൊക്കെ മുന്നിലുണ്ടെന്നതാണ് ഏറ്റവും അപകടകരം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് അയോധ്യയില്‍ പുതിയ രാമക്ഷേത്രം ഉയരുകതന്നെ ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാമക്ഷേത്രനിര്‍മാണം വെറുംവാക്കാകില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും.

ഇങ്ങനെ സുപ്രീംകോടതി പരിഗണിക്കുന്ന അയോധ്യ കേസിലെ തീര്‍പ്പ് ബിജെപിക്കും ആര്‍എസ്എസിനും ബാധകമല്ലെന്നാണ് ഇക്കൂട്ടര്‍ വിളിച്ചറിയിക്കുന്നത്. തകര്‍ത്ത ബാബ്‌റി മസ്ജിദ് നിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചതാണ് കേസ്. അടുത്ത ജനുവരിയിലേക്ക് കേസ് വാദം കേള്‍ക്കാന്‍ മാറ്റിയിരിക്കുകയാണ്. ധൃതികാട്ടേണ്ട വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പക്ഷേ, നിയമവ്യവസ്ഥയെ മാനിക്കുന്നതല്ല കേന്ദ്രഭരണകക്ഷിയുടെ നയം. ശ്രീരാമന്റെയും വിശ്വാസത്തിന്റെയുംപേരില്‍ എന്ത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കാമെന്നിടത്താണ് ഇക്കൂട്ടര്‍.

വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്രം ഉയര്‍ത്തുന്നതിനെപ്പറ്റി രാജ്യത്തെ അറിയിക്കുമെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി വിധിക്ക് കാത്തിരിക്കാതെ, രാമക്ഷേത്രം നിര്‍മിക്കാന്‍ ഏകപക്ഷീയമായി നീങ്ങുമെന്നാണ് സന്യാസിമാരുള്‍പ്പെടെ അണിനിരന്ന അയോധ്യയിലെ ധരം സഭയിലൂടെ സംഘപരിവാര്‍ പ്രഖ്യാപിച്ചത്.

ബാബ്‌റി ഭൂമിയില്‍ നമാസ് പാടില്ല, 2.77 ഏക്കര്‍ പൂര്‍ണമായും ക്ഷേത്രത്തിന് വിട്ടുകൊടുക്കണം, ക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സോ നിയമനിര്‍മാണമോ കേന്ദ്രസര്‍ക്കാര്‍ നടത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയും വേണം ഇത്തരം ആവശ്യങ്ങളാണ് അയോധ്യയില്‍ ധരം സഭ മുന്നോട്ടുവച്ചത്.

അയോധ്യ കൊണ്ടുമാത്രം കാര്യങ്ങള്‍ തീരില്ലെന്നും കാശിയിലും മഥുരയിലും അയോധ്യ ആവര്‍ത്തിക്കുമെന്നും രാജ്യത്ത് 40,000 ത്തോളം പള്ളികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചതാണെന്നുമുള്ള ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.

ബിജെപി ഭരണങ്ങളുടെ പിന്തുണയില്‍ രാമക്ഷേത്ര നിര്‍മാണത്തിനിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ നടപടിയെപ്പറ്റിയോ ചരിത്രത്തെ നശിപ്പിക്കുന്ന ഭരണനടപടികളെപ്പറ്റിയോ ഒന്നും ഉരിയാടാതെ കോണ്‍ഗ്രസിന്റെ ദേശീയനേതാവ് എ കെ ആന്റണി ഇവിടെവന്ന് ശബരിമലയുടെപേരില്‍ സംഘപരിവാറിന് ശക്തി പകരുകയും എല്‍ഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്

കലാപമുണ്ടാക്കാനുള്ള ശ്രമം

1992 ഡിസംബര്‍ 6 നമ്മെ ഓര്‍മപ്പെടുത്തുന്നത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രസ്ഥാനം അക്രമാസക്തമായി രംഗത്ത് വന്നു എന്നതാണ്. അത് കൂടുതല്‍ വിപല്‍ക്കരമായി വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പാണ് അയോധ്യയിലെ ധരം സഭ നല്‍കിയത്.

അയോധ്യയില്‍ പള്ളിപൊളിച്ചപ്പോള്‍ കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരം കിട്ടി. അതിനാല്‍ ഇനി അയോധ്യയില്‍ പുതിയ രാമക്ഷേത്രം നിയമവ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് പണിത് രാജ്യത്ത് കലാപമുണ്ടാക്കാനാണ് നോട്ടം.

അതിലൂടെ മോഡി ഭരണം വീണ്ടും കൊണ്ടുവരാമെന്ന രാഷ്ട്രീയതന്ത്രം പയറ്റുകയാണ് സംഘപരിവാര്‍. രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച മോഡി ഭരണം അഴിമതിയിലും മുങ്ങി. റഫേല്‍ വിമാന അഴിമതി ഒറ്റപ്പെട്ടതല്ല.

ഭരണനേട്ടം പറഞ്ഞ് വോട്ട് പിടിക്കാന്‍ പറ്റാത്തതിനാല്‍ രാമന്റെപേരില്‍ വര്‍ഗീയതയിളക്കുകയാണ്. അങ്ങനെ ശ്രീരാമനെ വര്‍ഗീയ പ്രതിപുരുഷനാക്കാന്‍ നോക്കുകയാണ്.

ഹിന്ദുമതവുമായി ബന്ധപ്പെട്ട് തലമുറകളായി അനുഭവിച്ചറിഞ്ഞ ശ്രേഷ്ഠതകളെ തകര്‍ത്തെറിഞ്ഞ് അന്യമതവിദ്വേഷവും കുരുതിക്കളവും തീര്‍ക്കാനാണ് ആര്‍എസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്.

കാണ്‍പുര്‍ വര്‍ഗീയകലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ ഭൂരിപക്ഷന്യൂനപക്ഷ സമുദായങ്ങളെ അകറ്റുന്നതിന് ചരിത്രത്തെ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ‘ഭൂതകാലത്തെ കൂടുതല്‍ ശരിയായ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ പരസ്പരവിശ്വാസവും സൗഹൃദപൂര്‍ണമായ ബന്ധങ്ങളും പുനഃസ്ഥാപിക്കാനും നിലവിലുള്ള അഭിപ്രായഭിന്നതകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും സ്ഥിരമായ പരിഹാരം കണ്ടെത്താനും കഴിയില്ല.

അതിനാല്‍ ഞങ്ങളുടെ അഭിപ്രായത്തില്‍ പ്രശ്‌നത്തിന്റെ ശരിയായ പരിഹാരത്തിന് സ്വീകരിക്കേണ്ട പ്രഥമവും അനിവാര്യവുമായ നടപടി ചരിത്രത്തെക്കുറിച്ചുള്ള വികലധാരണകള്‍ നീക്കാനുള്ള ശ്രമം വേണമെന്നതാണ്’.

കാണ്‍പുര്‍ കമീഷന്റെ ഈ ശുപാര്‍ശയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ചരിത്രത്തിന്റെ കാര്യത്തില്‍ ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബ്‌റി മസ്ജിദില്‍ മാത്രമായി അത് ഒതുങ്ങുന്നില്ല.

ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച താജ്മഹല്‍ ഇല്ലാത്ത ഇന്ത്യ ആത്മാവ് നഷ്ടപ്പെട്ട രാജ്യമാകും

ചരിത്രത്തെ മായ്ച്ചുകളയുന്നു

ലോകമഹാത്ഭുതമായ താജ്മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രേയസി മുംതാസിന്റെ സ്മരണയ്ക്കായി നിര്‍മിച്ച പ്രണയകുടീരമാണ്. പക്ഷേ, അത് പഴയ ശിവക്ഷേത്രമാണെന്ന് സ്ഥാപിക്കാനുള്ള ബദ്ധപ്പാടിലാണ് സംഘപരിവാര്‍.

ചരിത്രത്തെ എങ്ങനെ കീഴ്‌മേല്‍ മറിക്കുന്നുവെന്ന് നോക്കൂ. കഴിഞ്ഞ നവംബര്‍ 17 ന് സംഘപരിവാര്‍ സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളിന്റെ വനിതാപ്രവര്‍ത്തകര്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് താജ്മഹലില്‍ പൂജ നടത്തി.

ബജ്രംഗ്ദളിന്റെ വനിതാ ജില്ലാ അധ്യക്ഷ മീനാദിവാംഗറിന്റെ നേതൃത്വത്തില്‍ ഗംഗാജലം തളിക്കുകയും ചെയ്തു. ചിലര്‍ വന്ന് വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന നടത്തി ഇവിടെ അശുദ്ധമാക്കിയിരിക്കുന്നതിനാല്‍ ഗംഗാജലം തളിച്ച് ശുദ്ധമാക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ വലിയതോതില്‍ പ്രചരിപ്പിക്കുകയാണ്.

ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച താജ്മഹല്‍ ഇല്ലാത്ത ഇന്ത്യ ആത്മാവ് നഷ്ടപ്പെട്ട രാജ്യമാകും.

ഇന്ന് ചരിത്രത്തെ മായ്ച്ചുകളയാന്‍ മതനിരപേക്ഷ സംസ്‌കാരത്തിന്റെയും മാനവികതയുടെയും ശേഷിപ്പുകളും പ്രതീകങ്ങളുമായ ആരാധനാലയങ്ങളെയും സ്മാരകങ്ങളെയും എന്തിന് സ്ഥലനാമങ്ങളെപ്പോലും ഇല്ലാതാക്കുന്നു. ദേശീയമായി അംഗീകരിച്ചിരുന്ന രണ്ട് ഡസനിലധികം സ്ഥലനാമങ്ങള്‍ കഴിഞ്ഞ ഒരാണ്ടിനുള്ളില്‍ മാറ്റപ്പെട്ടു. ഫൈസാബാദ് അയോധ്യയായി.

അലഹബാദ് പ്രയാഗ്രാജ് ആയി. മുസഫര്‍ നഗര്‍ ലക്ഷ്മി നഗറായി. മുഗള്‍സരായി റെയില്‍വേ സ്റ്റേഷന്‍ ദീന്‍ദയാല്‍ ഉപാധ്യയാ എന്നാക്കി. അഹമ്മദാബാദ് കര്‍ണാവതി ആക്കാനും നിശ്ചയിച്ചിട്ടുണ്ട്. പേരുമാറ്റം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.

അവിശുദ്ധ കൂട്ടുകെട്ട്

മുഗള്‍ ഭരണകാലത്തെ സംഗീതവും സാഹിത്യവും വാസ്തുവിദ്യയും എല്ലാം ഇന്ത്യയുടെ സാംസ്‌കാരിക സാങ്കേതികപ്പെരുമയെ വര്‍ധിപ്പിച്ചവയാണ്. പഴയകാല സ്ഥലനാമങ്ങള്‍ പോലും ശ്രവിക്കാന്‍ കഴിയാത്ത വര്‍ഗീയ അസഹിഷ്ണുത ഇന്ത്യന്‍ ജനതയുടെ ഒരുമയ്ക്ക് വന്‍ ഭീഷണിയാണ്.

ബിജെപി ഭരണങ്ങളുടെ പിന്തുണയില്‍ രാമക്ഷേത്ര നിര്‍മാണത്തിനിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ നടപടിയെപ്പറ്റിയോ ചരിത്രത്തെ നശിപ്പിക്കുന്ന ഭരണനടപടികളെപ്പറ്റിയോ ഒന്നും ഉരിയാടാതെ കോണ്‍ഗ്രസിന്റെ ദേശീയനേതാവ് എ കെ ആന്റണി ഇവിടെവന്ന് ശബരിമലയുടെപേരില്‍ സംഘപരിവാറിന് ശക്തി പകരുകയും എല്‍ഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അക്രമാസക്തമായി ഇറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമാണ് ശ്രീരാമനും സ്വാമി അയ്യപ്പനും.

ഇതിനെ തുറന്നുകാട്ടാനും ആരാധനാലയങ്ങളെ വര്‍ഗീയകേന്ദ്രമാക്കാനുള്ള ക്രിമിനല്‍ നടപടികളെ ചെറുക്കാനും ചങ്കൂറ്റം കാട്ടുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റുകാരെയും ശബരിമലയുടെയും അയ്യപ്പന്റെയുംപേരില്‍ ഇവിടെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസും യുഡിഎഫും ആര്‍എസ്എസുമായി കൈകോര്‍ക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് ആന്റണി ആശീര്‍വാദം നല്‍കുന്നു.

രാമക്ഷേത്രത്തിന്റെപേരില്‍ രാജ്യത്ത വിപല്‍ക്കരമായ ഘട്ടത്തിലെത്തിക്കാന്‍ സംഘപരിവാര്‍ നീങ്ങുമ്പോള്‍ അത് മറച്ചുപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ക്ഷീണിപ്പിക്കാന്‍ കേരളത്തിലെ അവിശുദ്ധ കൂട്ടുകെട്ടിന് അനുഗ്രഹം നല്‍കുന്നത് ദേശീയമായി മതനിരപേക്ഷതയുടെ ആണിക്കല്ല് ഇളക്കുന്ന നടപടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News