ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീതുമായി കൊല്‍ക്കത്തയില്‍ വന്‍ കര്‍ഷകത്തൊഴിലാളി മാര്‍ച്ച്

കൊല്‍ക്കത്ത: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് താക്കീതായി നല്‍കി കൊല്‍ക്കത്തയില്‍ വന്‍ കര്‍ഷകകര്‍ഷകത്തൊഴിലാളി റാലി.

അഖിലേന്ത്യാ കര്‍ഷക സംഘത്തിന്റെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറിയ സിംഗൂര്‍രാജ്ഭവന്‍ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ബുധനാഴ്ച സിംഗൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് സമാപനം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച മഹാറാലിയില്‍ ദക്ഷിണ ബംഗാളിലെ എല്ലാ ജില്ലകളില്‍ നിന്നും കര്‍ഷകര്‍ പങ്കെടുത്തു.

സിംഗൂരില്‍ നിന്ന് പ്രയാണം തുടര്‍ന്ന ജാഥ ബുധനാഴ്ച ഹൗറ ജില്ലയിലെ ബാലായിലാണ് ക്യാമ്പ് ചെയ്തത്. വ്യാഴാഴ്ച രാവിലെ അവിടെ നിന്നും യാത്ര തുടര്‍ന്ന മാര്‍ച്ച് ഹൂഗ്ലി നദിയ്ക്ക് കുറുകെ ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിയ്ക്കുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ (സെക്കന്റ് ഹൂഗ്ലി ) പാലം കടക്കുമ്പോള്‍ പതിനായിരങ്ങള്‍ അതില്‍ പങ്കാളികളായി.

വിശാലമായ ബ്രിഗേഡ് പരേഡ് മൈതാനിയുടെ പശ്ചിമ ഭാഗത്തുകൂടെ സംഗമ വേദിയായ റാണി രാഷ്മണി റോഡിലേക്ക് നീങ്ങിയ മാര്‍ച്ച് ചൊങ്കൊടിയേന്തിയ മണ്ണിന്റെ മക്കളുടെ അലയടിച്ച ഒഴുക്കായി. അടുത്ത കാലത്തെങ്ങും കൊല്‍ക്കത്ത ദര്‍ശിച്ചിട്ടില്ലാത്ത വന്‍ ജനപ്രവാഹമാണ് കര്‍ഷക മാര്‍ച്ചില്‍ ദൃശ്യമായത്.
സിംഗൂരിനെ മരുഭൂമിയാക്കിയ മമത സര്‍ക്കാര്‍ നയം തിരുത്തുക, സിംഗൂരിലും മറ്റിടങ്ങളിലും വ്യസായവും തൊഴിലും സൃഷ്ടിയ്ക്കുക, കാര്‍ഷിക രംഗത്ത് നേരിടുന്ന മാന്ദ്യം അവസാനിപ്പിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക, മിനിമം കൂലി നടപ്പിലാക്കുക, കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, പട്ടിണി മരണം തടയുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, കുറഞ്ഞത് 200 ദിവസത്തെ തൊഴില്‍ ഉറപ്പു വരുത്തുക, വാര്‍ദ്ധക്യകാല പെന്‍ഷന്‍ 6000 രൂപയാക്കുക, തുടങ്ങി വിവിധയാവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
റാണി രാഷ്മണി റോഡില്‍ നടന്ന സമാപന യോഗത്തില്‍ കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് നൃപന്‍ ചൗധരി അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയും കിസാന്‍ സഭ വൈസ് പ്രസിഡന്റുമായ സൂര്യകാന്ത മിശ്ര കിസാന്‍ സഭാ സംസ്ഥാന സെക്രട്ടറി അമന്‍ ഹാള്‍ദാര്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ ഹേങ്കഷ്, സെക്രട്ടറി അമിയ പത്ര എന്നിവര്‍ സംസാരിച്ചു. യോഗത്തിനു ശേഷം ഗവര്‍ണര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു.
മമതയും മോഡിയും ഒരേ പോലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സൂര്യകാന്ത മിശ്ര പറഞ്ഞു. ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഇരുകൂട്ടരും വര്‍ഗീയ മതവികാരം ഇളക്കി വിട്ടുള്ള കളിയാണ് നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണിത്.

കൃഷിക്കാരുടെ പേരില്‍ മുതലകണ്ണീരൊഴിക്കി അധികാരത്തില്‍ വന്ന മമത അവരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും വന്‍ ദുരിതമാണ് നേരിടുന്നത്. കാര്‍ഷിക മേഖലയാകെ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത് സൂര്യ കാന്ത മിശ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News