പ്രളയദുരിതാശ്വാസം; കേന്ദ്രം 2500 കോടി നല്‍കും; കേരളം ആവശ്യപ്പെട്ടത് 4800 കോടി

ദില്ലി: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും.

നേരത്തെ നല്‍കിയ 600 കോടിയുടെ സഹായത്തിന് പുറമേയാണ് ഈ തുകയെങ്കിലും മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതി ആണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനം എടുത്തത്. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.

ദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയാണ്.

4800 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് ഈ 2500 കോടി രൂപ കൂടി ലഭിച്ചാല്‍ 3100 കോടി രൂപ ആവുകയെ ഉള്ളു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു കേരളത്തിലുണ്ടായ പ്രളയം. എന്നാല്‍ കേരള പുനര്‍നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഒരു പരിഗണനയും കേരളത്തിന് ലഭിച്ചിരുന്നില്ല.

26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. പുനര്‍നിര്‍മ്മാണത്തിനായി 31000 കോടി രൂപയും വേണം. എന്നാല്‍ ആദ്യം നല്‍കിയ 600 കോടിയില്‍ 290.74 കോടിരൂപ അരിയ്ക്കും മണ്ണെണ്ണയ്ക്കും ഹെലി കോപ്ടറിനുമായി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ട് 25 കോടിരൂപയാണ്.

കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചൊവ്വാഴ്ച വരെ ലഭ്യമായ തുക 2683.18 കോടി രൂപയാണ്.

ചെലവായത് 688.48 കോടിയും. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സിഎംഡിആര്‍എഫില്‍ നിന്നും 1357.78 കോടി രൂപയും ചെലവായിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്.

ഇതില്‍ 586.04 കോടി ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here