ഉണ്ണി ആര്‍ രചിച്ച ‘ബാങ്ക്’ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായിരുന്നു വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ‘കിത്താബ്’ നാടകം. റഫീക്ക് മംഗലശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. നാടകം ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന യുവജനോത്സവത്തിലേക്ക് അര്‍ഹത നേടി.

കെ ടി മുഹമ്മദിന്റെ വിഖ്യാത നാടകമായ ‘ഇത് ഭൂമിയാണ്’ നാടകത്തിന്റെ തുടര്‍ച്ചയെന്നോണമുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ കിത്താബിലുണ്ട്. കുട്ടികളുടെ അനായാസമായ അഭിനയശേഷിയും സംവിധാന മികവും നാടകത്തിന് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കി. .

മുസ്ലിം നവോത്ഥാനത്തിന്റെ കഥ പറയുന്ന നാടകം സ്ത്രീപുരുഷ സമത്വത്തിന്റെ സന്ദേശമാണ് പകരുന്നത്. ഒരു പള്ളിമുക്രിയുടെ മകള്‍ക്ക് ബാങ്ക് വിളിക്കണമെന്ന മോഹത്തിനുമീതേ ആചാരങ്ങളും വിശ്വാസങ്ങളും ഉയര്‍ത്തുന്ന മതിലുകളാണ് പ്രമേയം.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉള്ളുതുറന്ന് എതിര്‍ക്കുന്ന നാടകത്തിനെതികരെ ചില യഥാസ്ഥിതിക സംഘടനകള്‍ രംഗത്ത് വന്നതോടെ നാടകം ഇനി അവതരിപ്പിക്കുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് സ്‌ക്കൂള്‍ അധികൃതര്‍.

നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ ചിലര്‍ നാടക സംവിധായകനെതിരെയും സ്‌ക്കൂളിനെതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയുംവരെ ആക്രമണത്തിന് മുതിര്‍ന്ന സംഭവം വരെയുണ്ടായി.

സംഭവത്തില്‍ സ്‌കൂളധികൃതര്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നാണ് പ്രമുഖ നാടകകൃത്ത് എ ശാന്തകുമാര്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.

‘കിത്താബ് നാടകം ഇനി കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ച മേമുണ്ടഹൈസ്‌കൂ ള്‍ ഇനി നാടകം കളിക്കേണ്ടതില്ല ! കാരണം സേഫ് സോണിലിരുന്ന് വിളമ്പുന്ന വിപ്ലവമല്ല നാടകം ! മേമുണ്ടയിലെ അദ്ധ്യാപകരെ എനിക്കറിയാം .

തികച്ചും നാടകാവബോധമുള്ള അദ്ധ്യാപകരായിരുന്നു അവര്‍ .നിരന്തരമായ ചര്‍ച്ചകളിലൂ ടെയായിരുന്നു ഇക്കാലമത്രയും അവര്‍ നാടകം രൂപപെടുത്തിയത് .കിത്താബിന്റെ റിഹേഴ്‌സല്‍ വേളയിലും അത്തരം ക്രിയാത്മക ചര്‍ച്ചകള്‍ നടന്നിരിക്കാം .

എന്നാല്‍ മതമേലാളന്‍മാരുടെ ശാസനയില്‍ ഭയന്ന് നാടകം പിന്‍വലിച്ചതിലൂടെ മേമുണ്ട സ്‌കൂ ള്‍ അധികൃതര്‍ നാടകക്കാരനെ ഒറ്റപ്പെടുത്തി സമര്‍ത്ഥമായി കൈ കഴുകിയിരിക്കുന്നു !വിവാദങ്ങളുടെ ഭാരം മുഴുവന്‍ ഇനി റഫീക്ക് ഒറ്റക്ക് പേറണം !

അറിയുക…നാടകക്കാര്‍ ഒറ്റക്കാണ് റഫീക്കിന്റെ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം നമുക്ക് മാറ്റിവെക്കാം .പക്ഷെ തുറന്ന്പറച്ചിലുകളുടെ നാടകക്കാരനാണ് റഫീക്ക് .അത് റഫീക്കിന്റെ രീതിശാസ്ത്രം .

തുറന്ന് പറച്ചിലുകളുടെ ഇക്കാലത്ത് റഫീക് അങ്ങനെയൊരു നാടകരീതി സ്വീകരിച്ചത് അദ്ദേഹത്തിന്റെ സ്വാതന്ത്യം .ഇതറിഞ്ഞുകൊണ്ട് തന്നെയല്ലേ മേമുണ്ടക്കാര്‍ റഫീക്കിനെകൊണ്ട് നാടകം ചെയ്യീച്ചത് ? അറേബ്യന്‍ അത്തര്‍ മതിയാവില്ലല്ലോ സാറന്‍മാരെ നിങ്ങള്‍ക്ക് കൈ കഴുകാന്‍! അറിയുക….എല്ലാ നാടകങ്ങളും എന്നും എപ്പോഴും ആര്‍ക്കെങ്കിലുമൊക്കെ എതിരായിരിക്കും ! അതാണ് നാടക ചരിത്രം.”