രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം.ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയേന്തിയും,നഗ്നരായും കര്‍ഷകര്‍ പ്രതിഷേധിച്ചു.

പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനമായും കര്‍ഷക മാര്‍ച്ച് മാറി. മോദി രാജ്യത്തെ പോക്കറ്റടിക്കുകയാണന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

അമിത് ഷാ ദുശാസനും മോദി ദുരോധനുമാണന്നും യെച്ചൂരി. യാചിക്കാനല്ല കര്‍ഷകര്‍ എത്തിയതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍,ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള തുടങ്ങി എല്ലാ പ്രതിപക്ഷ നേതാക്കളും കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

210 കര്‍ഷക സംഘടനകളുടെ സംയുക്തസമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്റ് മാര്‍ച്ച്.കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ അണിനിരന്നതോടെ ചെങ്കടലായി തലസ്ഥാനം. പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം പിന്തുണയുമായി എത്തി.

രാജ്യത്തെ പോക്കറ്റടിക്കുകയാണ് മോദിയെന്ന് വിമര്‍ശിച്ച യെച്ചൂരി, മോദി ദുരോധനനും അമിത് ഷാ ദുഷാസനുമായി മാറിയെന്ന് കുറ്റപ്പെടുത്തി.എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള,എന്‍സിപി നേതാവ് ശരത് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി തുടങ്ങി പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും കര്‍ഷകരെ അഭിസംബോധന ചെയ്തു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കര്‍ഷക പ്രക്ഷോഭ വേദി പ്രതിപക്ഷ ശക്തിപ്രകടനമായും മാറിയത്. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മേധപട്ക്കര്‍,സായിനാഥ് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണി നിരന്നു.