പമ്പ: ഈ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഭക്തര്‍ക്ക് ഉണ്ടാകുന്നുണ്ടെന്ന് ഒരുമിച്ച് പോയി നോക്കാമെന്നും ആവശ്യമെന്ന് ബോധ്യപ്പെടുന്നവ പരിഹരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ശബരിമലയില്‍ ഇല്ല. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷം അനാവശ്യമായി ശബരിമലയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തെറ്റിദ്ധരണ പടര്‍ത്തുന്ന നിലപാട് പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയും പമ്പയും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായുള്ള അവലോകനയോഗത്തിന് ശേഷമാണ് കടകംപള്ളി മാധ്യമങ്ങളെ കണ്ടത്.

തുലാമാസ കാലത്തും ശബരിമല സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നുവെന്നും മികച്ച പ്രതികരണമാണ് തീര്‍ത്ഥാടകരില്‍നിന്നും ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലാഭം നോക്കിയാണ്.

പ്രളയം പമ്പയെ എങ്ങനെയാണ് തകര്‍ത്തതെന്ന് എല്ലാവര്‍ക്കും അറിയാം. യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ തീര്‍ത്ഥാടര്‍ക്ക് സൗകര്യമൊരുക്കിയത്. പമ്പയുടെ തീരത്തുണ്ടായിരുന്ന കെട്ടിടങ്ങളെല്ലാം പ്രളയമെടുത്തു. ടോയ്ല്റ്റ് കോപ്ലക്സുകള്‍ ഒഴുകിപോയി. നദീതീരത്തുള്ള കെട്ടിടങ്ങള്‍ പ്രകൃതിക്ക് അനുയോജിച്ചതുമല്ല.

ഏറെ കാലമായി ശബരിമല മാസ്റ്റര്‍ പ്ലാനിലടക്കം ഉള്ള കാര്യമാണ് ബേസ് ക്യാമ്പ് പമ്പയില്‍നിന്ന് മാറ്റണമെന്നത്. അത് മുന്‍കാലങ്ങളില്‍ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറെ ശ്രമപ്പെട്ടാണ് ശബരിമലയില്‍ പ്രളയശേഷം സൗകര്യങ്ങള്‍ ഒരുക്കിയത്. തീര്‍ത്ഥാടകര്‍ അതില്‍ സംതൃപ്തരാണെന്നും കടകംപള്ളി പറഞ്ഞു.