നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം; ഹര്‍ജിയുമായി ദിലീപ് സുപ്രീംകോടതിയില്‍

ദില്ലി: നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡുള്‍പ്പടെയുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദൃശ്യങ്ങളുടെ പകര്‍പ്പിനായി ദിലീപ് വിചാരണ കോടതിയിലും ഹൈകോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇരയുടെ സ്വകാര്യ ജീവതത്തെ മാനിച്ച് പകര്‍പ്പ് നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയായിരുന്നു ഇരു കോടതികളും. കുറ്റപത്രത്തിനൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്കു കൈമാറണമെന്ന് ഹൈക്കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതില്‍ ഏഴു രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈകോടതിയിലും സ്വീകരിച്ച നിലപാട്.

നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങള്‍ കാണണമെന്നും ദിലീപ് വാദിച്ചിരുന്നു. ഇതേ നിലപാടാണ് സുപ്രീംകോടതിയിലും ദിലീപിന്റെ അഭിഭാഷകര്‍ സ്വീകരിക്കുക എന്നാണ് സൂചന.

ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോത്തഗിയെ കേരള ഹൈകോടതിയില്‍ ഹാജരാക്കാനും ദിലീപ് ശ്രമിച്ചിരുന്നു.

എന്നാല്‍ വ്യക്തിപരമായ ചില അസൗകര്യം കാരണം മുകുള്‍ റോത്തഗിക്ക് കൊച്ചിയില്‍ ഹാജര്‍ ആകാന്‍ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജര്‍ ആകും. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍ ഹേമന്ത് ഗുപ്ത എന്നിവടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News