മധ്യപ്രദേശിലെ വോട്ടിങ്ങ് മെഷീന്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സ്ട്രോങ്ങ് റൂമിലെ സിസി ടിവികള്‍ ഒന്നര മണിക്കൂറോളം പ്രവര്‍ത്തനരഹിതം

ദില്ലി: മധ്യപ്രദേശിലെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമില്‍ ഒന്നര മണിക്കൂറിലേറെ സമയം ദൂരൂഹമായ രീതിയില്‍ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായെന്ന് കണ്ടെത്തി.

വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ചില വോട്ടിങ് മെഷീനുകള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സ്ട്രോങ്ങ് റൂമിലെ തട്ടിപ്പ് പുറത്ത് വന്നിരിക്കുന്നത്.

അമ്പതോളം നിയമസഭാ മണ്ഡലങ്ങളുടെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ഭോപ്പാലിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ട്രോങ്ങ് റൂമിലാണ് സിസിടിവി ക്യാമറകള്‍ ഒന്നരമണിക്കൂറോളം പ്രവര്‍ത്തന രഹിതമായത്.

സ്ട്രോങ്ങ് റൂമിന്റെ പ്രധാന വാതില്‍ 28ആം തിയതി സീല്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സീല്‍ പൊളിച്ച മാറ്റിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്ട്രോങ് റൂമിലെ സിസിടിവില്‍ പ്രവര്‍ത്തനരഹിതമായതായി കണ്ടെത്തിയത്.

ഒന്നരമണിക്കൂറോളം സമയം വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.സ്ട്രോങ്ങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന എല്‍ഇഡി സ്‌ക്രീനുകളും പ്രവര്‍ത്തനരഹിതമായി. വൈദ്യൂതിക്കായി പ്രത്യേക ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിച്ചില്ല.

സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി.വിവരം പുറത്തായതോടെ ഇന്‍ഡോര്‍,ജബല്‍പൂര്‍,സാഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്ട്രോങ്ങ് റൂമുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്,ബി.എസ്.പി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തമ്പടിച്ചു.

ഡിസംബര്‍ പതിനൊന്നിനാണ് വോട്ടെണ്ണല്‍.സംസ്ഥാന ആഭ്യന്തരമന്ത്രി മത്സരിക്കുന്ന മണഡ്ലത്തിലെ ഇവിഎംകള്‍ സാഗറിലെ സൂക്ഷിപ്പ് കേന്ദ്രത്തിലേയ്ക്ക് രണ്ട് ദിവസത്തിന് ശേഷം കൊണ്ട് വന്നത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേയ്ക്ക് ആദ്യം മെഷീനുകള്‍ മാറ്റിയ ശേഷമാണ് സ്ട്രോങ്ങ് റൂമിലെത്തിച്ചത്. മധ്യപ്രദേശില്‍ വ്യാപകമായി ഇവിഎം തട്ടിപ്പ് നടക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, മെഷീനുകള്‍ സുരക്ഷിതമാണന്ന പതിവ് വിശദീകരണമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News