ശബരിമല പ്രതിഷേധം: ശ്രീധരന്‍പിള്ള കളം വിട്ടു; ഇനി ആര്‍എസ്‌എസ്‌

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി നടത്തുന്ന പ്രതിഷേധം സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ മാറ്റാനുള്ള ശ്രീധരന്‍പിള്ളയുടെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസത്തിന്‌ ഇടയാക്കിരുന്നു.

പിള്ളയുടെ പൊടുന്നനെയുള്ള തീരുമാനത്തില്‍ ആര്‍എസ്‌എസിനും വലിയ അതൃപ്‌തിയുണ്ട്‌. ആര്‍എസ്‌എസിന്‍്‌റ ദേശീയ നേതൃത്വം ഇതുസംബന്ധിച്ച അതൃപ്‌തി ബിജെപി നേതാക്കളെ അറിയിച്ചൂവെന്നാണ്‌ വിവരം.

ഇതിനുപിന്നാലെയാണ്‌ ബിജെപി സംസ്ഥാന ഘടകത്തിലെ തീവ്ര ആര്‍എസ്‌എസ്‌ നിലപാടുകാര്‍ വീണ്ടും ശബരിമലയില്‍ ബിജെപി നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിന്‌ വഴിയൊരുക്കുന്നത്‌. ഇതിന്‍െ്‌റ ഭാഗമായാണ്‌ ശ്രീധരന്‍പിള്ളയുടെ നിലപാടിനെ തള്ളിക്കളഞ്ഞ്‌ ബി ഗോപാലകൃഷ്‌ണന്‍ നിലയക്കലില്‍ വീണ്ടും സമരത്തിനെത്തിയത്‌. ഗോപാലകൃഷ്‌ണന്‍ നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുകയും ചെയ്‌തു.

ശബരിമലയിലും സന്നിധാനത്തും ബിജെപി പ്രത്യക്ഷ സമരത്തിനില്ലെന്ന പിള്ളയുടെ നിലപാടിനെതിരാണിത്‌. മാത്രമല്ല ശ്രീധരന്‍പിള്ളയുടെ പിന്‍ മാറ്റത്തെ ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ വി.മുരളീധരന്‍ എംപി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ശബരിമലയിടെ പ്രതിക്ഷേധസമരങ്ങളും സംഘര്‍ഷങ്ങളും തീവ്രത കുറയക്കാതെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ ആര്‍എസ്‌എസ്‌ നിലപാട്‌.

സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ സമരം മാറ്റിയാല്‍ ശബരിമലയില്‍ ഭക്തരുടെ തിരക്ക്‌ കൂടും. ഇത്‌ സംഘപരിവാര്‍ പ്രതിഷേധം പരാജയപ്പെട്ടൂവെന്ന പ്രചരണത്തിനിടയാക്കും. ഇതാണ്‌ ആര്‍എസ്‌എസ്‌ ദേശീയ നേതൃത്വത്തിന്‍റെ അഭിപ്രായം.

വി.മുരളീധരനും, കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ഈ നിലപാടിന്‌ ഒപ്പമാണെന്നാണ്‌ വാസ്‌തവം. തീവ്ര നിലപാട്‌ സൂക്ഷിക്കുന്ന ബി ഗോപാലകൃഷ്‌ണനും ആര്‍എസ്‌എസിനൊപ്പമാണ്‌. മാത്രമല്ല ശബരിമല സമരം കൈകാര്യം ചെയ്യുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടൂവെന്നും ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശിക്കുന്നു.

പിള്ള പലതവണ അഭിപ്രായങ്ങള്‍ മാറ്റി പറഞ്ഞത്‌ ആശയക്കുഴപ്പമുണ്ടാക്കി. മാ്രതമല്ല യുവമോര്‍ച്ച യോഗത്തിലെ പിള്ളയുടെ പ്രസംഗം പുറത്തായതും ബിജെപിക്ക്‌ തിരിച്ചടിയായി. ഇതില്‍ പിള്ള സൂഷ്‌മത പാലിച്ചില്ലെന്നും മുരളീധര വിഭാഗം പറയുന്നു. ചുരുക്കത്തില്‍ ബിജെപിക്കുള്ളിലെ ചേരിപ്പോരിലേക്ക്‌ ശബരിമല വിഷയം മാറുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News